Entertainment
ഞാൻ ഇടയ്ക്ക് ചിന്തിക്കും ഒന്നിച്ച് സിനിമ ചെയ്തിട്ടും എന്തുകൊണ്ട് ഞങ്ങൾ പിന്നെ കണ്ടില്ലെന്ന്: നസ്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 24, 08:42 am
Sunday, 24th November 2024, 2:12 pm

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് നസ്രിയ. ബ്ലെസി സംവിധാനം ചെയ്ത പളുങ്കിലൂടെയാണ് നസ്രിയ സിനിമയിലേക്കെത്തിയത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ നായികയായി അരങ്ങേറിയ നസ്രിയ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു.

ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നസ്രിയ സ്വന്തമാക്കിയിട്ടുണ്ട്.

തമിഴിൽ ശ്രദ്ധ നേടിയ നസ്രിയയുടെ സിനിമയായിരുന്നു രാജാറാണി. നയൻ‌താരയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ സിനിമയിൽ തങ്ങൾക്ക് ഒന്നിച്ചുള്ള സീനുകൾ ഇല്ലായിരുന്നുവെന്നും പത്ത് വർഷങ്ങൾക്ക് ശേഷം ഈയിടെയാണ് നയൻതാരയെ വീണ്ടും കാണുന്നതെന്നും നസ്രിയ പറഞ്ഞു.

‘രാജാറാണിയിലെ ആ ഇൻട്രോ സീൻ ഞാൻ ഒറ്റ ടേക്കിലാണ് എടുത്തത്. ഒന്നാമത് അതൊരു ഡപ്പാം കുത്തല്ലേ. രാജാറാണിക്ക് ശേഷം നയൻ‌താര മാമിനെ ഞാൻ ഈയിടെയാണ് വീണ്ടും കാണുന്നത്. ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷം.

ഞാൻ ഇടയ്ക്ക് ചിന്തിക്കും, എന്തുകൊണ്ട് ഞങ്ങൾ പിന്നെ കണ്ടില്ലെന്ന്. എന്തുകൊണ്ടോ അത് സംഭവിച്ചില്ല. ഇപ്പോഴാണ് ഞങ്ങൾ വീണ്ടും കാണുന്നതും സംസാരിക്കുന്നതും.

ആ സിനിമയുടെ സെറ്റിലും ഞങ്ങൾ ശരിക്കും കണ്ടിട്ടില്ല. കാരണം മാമിന് വേറേ തന്നെ സീക്വൻസുകളായിരുന്നല്ലോ ഉണ്ടായിരുന്നത്. പിന്നെ ഞാൻ തട്ടിപോയിട്ടാണല്ലോ മാം വരുന്നത്. കഥയിൽ അങ്ങനെ ആയതുകൊണ്ട് തന്നെ ഞങ്ങൾക്ക് കോമ്പിനേഷൻ വരുന്നില്ല.

സെറ്റിൽ വെച്ച് ഒരിക്കൽ ഞങ്ങൾ കണ്ടെങ്കിലും നന്നായി സംസാരിക്കാൻ പറ്റിയില്ല. ഇപ്പോഴാണ് ഞങ്ങൾ കുറെ സംസാരിക്കുന്നതും പരസ്പരം സ്നേഹം കൈമാറുന്നതും,’നസ്രിയ പറയുന്നു.

അതേസമയം നാല് വർഷത്തെ ഇടവേളക്ക് ശേഷം നസ്രിയ അഭിനയിച്ച സൂക്ഷ്മദർശിനി എന്ന സിനിമ കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയിരുന്നു. ബേസിൽ ജോസഫ് നായകനായ ചിത്രം മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നേടുന്നത്.

Content Highlight: Nazriya About Nayanthara