Entertainment
ധനുഷ് പകപോക്കുന്നു, സിനിമയിലെ മുഖമല്ല ജീവിതത്തില്‍; മൂന്ന് സെക്കന്റിന് ആവശ്യപ്പെട്ടത് 10 കോടി നഷ്ടപരിഹാരം: നയന്‍താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 16, 08:33 am
Saturday, 16th November 2024, 2:03 pm

നവംബര്‍ 18ന് തന്റെ പിറന്നാള്‍ ദിനത്തില്‍ ‘ബിയോണ്ട് ദ ഫെയറി ടേല്‍’ എന്ന ഡോക്യുമെന്ററി പുറത്തിറക്കാനിരിക്കുകയാണ് നയന്‍താര. ഇതിനിടയില്‍ നടന്‍ ധനുഷിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നയന്‍താര. ധനുഷ് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നാണ് നടി പറയുന്നത്.

2015ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടയിലായിരുന്നു വിഘ്നേഷ് ശിവനുമായി നടി പ്രണയത്തിലാവുന്നത്. വിഘ്നേഷ് സംവിധാനം ചെയ്ത ഈ സിനിമ നിര്‍മിച്ചത് ധനുഷായിരുന്നു.

ഈ സിനിമയെ കുറിച്ചും ഇതിലെ ഗാന രംഗത്തെ കുറിച്ചും തന്റെ ഡോക്യുമെന്ററിയുടെ ട്രെയ്ലറില്‍ നയന്‍താര പറയുന്നുണ്ട്. പടത്തിലെ പാട്ട് ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷിന്റെ നിര്‍മാണക്കമ്പനിയോട് നടി അനുവാദം ചോദിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസമായിരുന്നു നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. അതില്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ബി.ടി.എസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതില്‍ പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി നയന്‍താരയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് ധനുഷ്. പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടീസാണ് നടന്‍ അയച്ചിരിക്കുന്നത്.

ഇപ്പോള്‍ ധനുഷിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ മൂന്ന് പേജ് ദൈര്‍ഘ്യമുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നയന്‍താര. വെറും മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ക്കാണ് ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

ധനുഷ് പകപോക്കുകയാണെന്നും സിനിമയിലെ മുഖമല്ല ജീവിതത്തില്‍ ഈ നടനുള്ളതെന്നുമാണ് നയന്‍താര കുറിപ്പിലൂടെ പറയുന്നത്. സിനിമയുടെ ഷൂട്ടിങ് സമയത്ത് വളരെ മോശം സമീപനമാണ് ധനുഷിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും നടി പറയുന്നു. ഡോക്യുമെന്ററി വൈകാന്‍ കാരണമായത് ധനുഷാണെന്നും നയന്‍താര പറഞ്ഞു.


Content Highlight: Nayanatha’s Open Letter To Dhanush