Film News
അത് പറയുമ്പോള്‍ എന്തൊരു പുച്ഛം, പച്ച മലയാളി കൊള്ളൂല്ലേ; അവതാരകയോട് നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 16, 03:33 am
Tuesday, 16th May 2023, 9:03 am

അഭിമുഖത്തിനിടക്ക് അവതാരകക്ക് നവ്യ നായര്‍ കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു. പച്ച മലയാളിയായിട്ടാണല്ലോ എല്ലാ ചിത്രത്തിലും വരുന്നത് എന്ന് ചോദിച്ച അവതാരകയോട് അത് ചോദിക്കുമ്പോള്‍ എന്തൊരു പുച്ഛമാണെന്നും പച്ച മലയാളി എന്തേ കൊള്ളില്ലേ എന്നുമാണ് നവ്യ ചോദിച്ചത്. ജാനകി ജാനേ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടക്കാണ് സംഭവം നടന്നത്.

നവ്യ നായരെന്ന ആര്‍ടിസ്റ്റിനെ മോഡേണ്‍ ആയ ആളായിട്ടാണ് തോന്നിയിട്ടുള്ളത്, പക്ഷേ ഇപ്പോള്‍ ഒരുത്തിയാണെങ്കിലും ജാനകി ജാനേ ആണെങ്കിലും ആ ഒരു മറ്റേ പച്ച മലയാളി ആയിട്ടാണല്ലോ വരുന്നത് എന്നായിരുന്നു അവതാരകയുടെ ചോദ്യം.

‘എന്തൊരു പുച്ഛം അത് പറയുമ്പോള്‍, പച്ച മലയാളി ആയിട്ടാണല്ലോ വരുന്നത് എന്നൊക്കെ, പച്ച മലയാളി കൊള്ളൂല്ലേ?,’ നവ്യ തിരിച്ചു ചോദിച്ചു. എന്നെ റോസ്റ്റ് ചെയ്യുന്ന പരിപാടി ആണ് ഇവിടെ നടക്കുന്നത് എന്ന് തോന്നുന്നുവെന്നായിരുന്നു ഇതിനോടുള്ള അവതാരകയുടെ പ്രതികരണം.

‘ഒരു റോസ്റ്റ് നീ ആദ്യം ഇങ്ങോട്ട് തന്നില്ലേ? ഇനി ഇത് തീരുന്നത് വരെ നല്ല റോസ്റ്റ് പ്രതീക്ഷിച്ചോ. പിന്നെ എനിക്ക് ഒന്നാമത്തെ കാര്യം അവസരമില്ലല്ലോ. അപ്പോള്‍ കിട്ടുന്നതല്ലേ ചെയ്യാന്‍ പറ്റുകയുള്ളൂ, അത് തന്നെയാണ് കാര്യം. ആരേയും കിട്ടാതായപ്പോഴാണോ എന്നെ വിളിച്ചതെന്നല്ലേ നീ ചോദിച്ചത്. ആരുമില്ലാതെ വന്നിട്ട് വേണമല്ലോ എന്നെ വിളിക്കാന്‍. ആ പറഞ്ഞത് വിട്ടുകളയില്ലെടാ, അത് തങ്കലിപികളില്‍ ഞാന്‍ എഴുതി വെച്ചിരിക്കുന്നു,’ നവ്യ പറഞ്ഞു.

മെയ് 12നാണ് ജാനകി ജാനേ റിലീസ് ചെയ്തത്. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തില്‍ സൈജു കുറുപ്പാണ് നായകനായത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ആണ് ചിത്രം അവതരിപ്പിച്ചത്. എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷേണുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: navya nair reply for anchor gaining attention