Film News
ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങള്‍ ബുദ്ധിമുട്ടാകും, അവളോടൊപ്പം എന്നതില്‍ മാറ്റമില്ല: നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 13, 10:31 am
Sunday, 13th March 2022, 4:01 pm

ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങള്‍ നിരസിച്ച് നവ്യ നായര്‍. ഇക്കാര്യത്തെ പറ്റി താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ ആധികാരികമായി പറയാനാവില്ലെന്നും നവ്യ പറഞ്ഞു. അവള്‍ക്കൊപ്പമെന്ന നിലപാടില്‍ മാറ്റമില്ലെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

മനോരമ ന്യൂസില്‍ ജോണി ലൂക്കാസ് നടത്തുന്ന നേരെ ചൊവ്വേയിലായിരുന്നു നവ്യയുടെ പ്രതികരണം.

‘ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കും. കാരണം ഇക്കാര്യത്തെ പറ്റി ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. പലതും റിലേറ്റീവായി പോവുന്നുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതുകൊണ്ട് തന്നെ അതിനെ പറ്റി ആധികാരികമായി പറഞ്ഞ് വഷളാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ സഹപ്രവര്‍ത്തക വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു. എന്നും അവളുടെ കൂടെ തന്നെയാണ് എന്നതില്‍ മാറ്റമില്ല.

ഡബ്ല്യൂ.സി.സി കൊണ്ടു വന്ന ഒരുപാട് കാര്യങ്ങളുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാനായി ഒരിടം എന്ന ഒരു ആശയം നല്ലത് തന്നെയാണ്. ഞാന്‍ മുംബൈയിലായതിനാലാണ് മീറ്റിംഗിലൊന്നും പങ്കെടുക്കാന്‍ സാധിക്കാഞ്ഞത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുന്നില്ല എന്ന കാര്യം ഡബ്ല്യൂ.സി.സി ഉന്നയിച്ചപ്പോഴാണ് അതിന് ഒരു അനക്കം വെച്ചത്. വേഗം തന്നെ ഈ റിപ്പോര്‍ട്ട് പുറത്ത് വരേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം,’ നവ്യ പറഞ്ഞു.

‘കുറേ കാലങ്ങളായി ഞാനൊരു വീട്ടമ്മയായി ഇരിക്കുകയാണ്. എല്ലാവരും കൂടി ഇരിക്കുന്ന സ്ഥലത്ത് സ്ത്രീകള്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് പറയാന്‍ നമുക്ക് വിമുഖത വരും. അങ്ങനെ പറയുന്ന ലെവലിലേക്ക് ഞാന്‍ എത്തിയിട്ടില്ല. ഒരു പക്ഷേ ഞാന്‍ പഠിച്ചു വളര്‍ന്ന സാഹചര്യത്തിന്റെ കുഴപ്പമായിരിക്കും. ഇപ്പോഴും ഒരാള്‍ മിസ് ബിഹേവ് ചെയ്യുമ്പോള്‍ അതെങ്ങനെ പറയും എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. അത് നല്ലതാണ് എന്നല്ല പറയുന്നത്.

നമുക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പുറത്ത് പറയാനുള്ള ധൈര്യം ഉണ്ടാവണം. ആ സ്റ്റിഗ്മ മാറണം. അത് ഞാനും അംഗീകരിക്കുന്നുണ്ട്. പക്ഷേ പെട്ടെന്നെനിക്കത് ചെയ്യാന്‍ പറ്റില്ല,’ നവ്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം വിവാഹത്തിന് ശേഷം നവ്യയുടെ തിരിച്ചുവരവായ ഒരുത്തീ എന്ന സിനിമ മാര്‍ച്ച് 11ന് റിലീസ് ചെയ്തിരിക്കുകയാണ്. ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളെ മനോധൈര്യംകൊണ്ട് നേരിടുന്ന സാധാരണക്കാരിയായ വീട്ടമ്മയുടെ കഥപറയുന്ന ചിത്രത്തില്‍ രാധാമണിയെന്ന കഥാപാത്രമായാണ് നവ്യാനായര്‍ എത്തുന്നത്.

പെണ്‍പോരാട്ടത്തിന്റെ കഥപറയുന്ന ചിത്രത്തെ ഏറേ പ്രതീക്ഷയോടെയാണ് ഏവരും നോക്കിക്കാണുന്നത്. കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ചിത്രം. വിനായകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

സി.കെ. ആന്റണി എന്ന സബ് ഇന്‍സ്‌പെക്ടറായാണ് വിനായകന്‍ വേഷമിട്ടിരിക്കുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ഒരുത്തി. സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


Content Highlight: navya nair about dileep and actress attack case