ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഏഴാം ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റുകള്‍ക്കാണ് സഞ്ജുവും കൂട്ടരും പരാജയപ്പെടുത്തിയത്. രാജസ്ഥാന്റെ തട്ടകമായ മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
യശസ്വി ജെയ്‌സ്വാളിന്റെ സെഞ്ച്വറി കരുത്തിലാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്. 60 പന്തില്‍ പുറത്താവാതെ 104 റണ്‍സ് നേടി കൊണ്ടായിരുന്നു ജെയ്‌സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനം. ഒമ്പത് ഫോറുകളും ഏഴ് സിക്‌സുകളുമാണ് താരം നേടിയത്.
ജെയ്‌സ്വാളിനൊപ്പം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മികച്ച പിന്തുണയാണ് മത്സരത്തില്‍ നല്‍കിയത്. 28 പന്തില്‍ പുറത്താവാതെ 38 റണ്‍സ് നേടിക്കൊണ്ടായിരുന്നു മലയാളി താരം നിര്‍ണായകമായത്. 135.71 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ സഞ്ജു രണ്ടു വീതം ഫോറുകളും സിക്സുകളും ആണ് നേടിയത്.
ഇപ്പോഴിതാ രാജസ്ഥാന്‍ നായകന്‍ സഞ്ജുവിനെ പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിങ് സിദ്ധു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
സഞ്ജു സാംസണിന് ആക്രമണാത്മകമായി ബാറ്റ് ചെയ്യാന്‍ കഴിയും. ടീമിന് ആവശ്യമുള്ള സാഹചര്യങ്ങളില്‍ മികച്ച ഇന്നിങ്‌സ് കളിക്കാനുള്ള എല്ലാ കഴിവുകളും സഞ്ജുവിനുണ്ട്. ബാറ്റിങ്ങിലെ അവന്റ വളര്‍ച്ച ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കുന്ന സന്തോഷവാര്‍ത്തയാണ്. ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ സഞ്ജുവിനെപ്പോലെയുള്ള ഒരു ബാറ്ററെ ആവശ്യമാണ്,’ നവജ്യോത് സിങ് സിദ്ദു പറഞ്ഞു.
ഇപ്പോള്‍ ടീമിന് ആവശ്യമുള്ള ഘട്ടങ്ങളില്‍ നിര്‍ണായകമായ പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിക്കുന്നുണ്ടെന്നും നവജ്യോത് പറഞ്ഞു.
‘സഞ്ജു സാംസണ്‍ മുമ്പ് ബാറ്റിങ്ങില്‍ 25-30 റണ്‍സ് വേഗത്തില്‍ വലിയ ഷോട്ടുകള്‍ കളിച്ചുക്കൊണ്ട് നേടിയിരുന്നു. ഈ ഇന്നിങ്‌സുകളില്‍ അവന്‍ സംതൃപ്തനായിരുന്നു. എന്നാല്‍ ഇപ്പോള്‍ മത്സരങ്ങള്‍ വിജയിക്കാന്‍ വലുതും പ്രധാനപ്പെട്ടതുമായ ഇന്നിങ്‌സുകള്‍ ആവശ്യമാണെന്ന് അവന്‍ മനസ്സിലാക്കി,’ മുന്‍ ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും ഒരു തോല്‍വിയുമായി 14 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ 27ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയമാണ് വേദി.