Sports News
ഇന്ത്യ ക്രിക്കറ്റ് ലോകത്തെ ഭരിക്കും; പ്രസ്താവനയുമായി നവ്‌ജോത് സിങ് സിദ്ദു
സ്പോര്‍ട്സ് ഡെസ്‌ക്
5 days ago
Monday, 10th March 2025, 11:55 am

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടമണിഞ്ഞിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുത്തത്. 83 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് കിവീസിനെതിരെ അടിച്ചെടുത്തത്.

ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ഫൈനലില്‍ തിളങ്ങി ഇന്ത്യയ്ക്ക് രണ്ടാം ഐ.സി.സി കിരീടം നേടിക്കൊടുക്കാനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്. മാത്രമല്ല ഐ.സി.സിയുടെ നാല് ടൂര്‍ണമെന്റിലും ഫൈനലില്‍ എത്തിച്ചേരുന്ന ഏക ക്യാപ്റ്റനാകാനും രോഹിത്തിന് സാധിച്ചു. ക്രിക്കറ്റ് ലോകത്ത് അപരാജിതമായ കുതിപ്പാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ തുടരുന്നത്. മാത്രമല്ല ഗൗതം ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റ ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐ.സി.സി ട്രോഫിയാണിത്.

ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഇന്ത്യ സൃഷ്ടിക്കുന്ന ഡോമിനേഷനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. വിദേശ മത്സരങ്ങളിലും ടൂര്‍ണമെന്റിലും ഇന്ത്യ തങ്ങളിടെ വിജയം ഇനിയും ആവര്‍ത്തിക്കമെന്നും ക്രിക്കറ്റ് ലോകത്തെ ഇന്ത്യ ഭരിക്കണമെന്നും മുന്‍ താരം പറഞ്ഞു.

‘വിദേശ മത്സരങ്ങളില്‍ ഇന്ത്യ മറ്റ് ടീമുകളെ ഭയപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യ എല്ലായിടത്തും ജയിക്കുകയും ലോക ക്രിക്കറ്റിനെ ഭരിക്കുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സൗത്ത് ആഫ്രിക്കയില്‍ ഞങ്ങള്‍ പ്രോട്ടിയാസിനെതന്നെ പരാജയപ്പെടുത്തി, നമ്മുടെ രാജ്യത്തിന് പുറത്ത് ഇത്തരം പതിവ് പ്രകടനങ്ങള്‍ നടത്തണം,’ അദ്ദേഹം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ഫൈനലില്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍ 31 റണ്‍സ് നേടി പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ 62 പന്തില്‍ 48 റണ്‍സും കെ.എല്‍ രാഹുല്‍ 33 പന്തില്‍ 34 റണ്‍സ് നേടി മികവ് പുലര്‍ത്തി. ജഡേജയെ കൂട്ട് പിടിച്ച് പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് കൊണ്ടെത്തിക്കാനും രാഹുലിന് സാധിച്ചു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ഡാരില്‍ മിച്ചലിന്റെ കരുത്തിലാണ് കിവികള്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 101 പന്തില്‍ 63 റണ്‍സാണ് മിച്ചല്‍ നേടിയത്.

അവസാന സമയത്ത് മൈക്കല്‍ ബ്രേസ്‌വെല്‍ 40 പന്തില്‍ 53 റണ്‍സും നേടി പുറത്താകാതെ മികവ് പുലര്‍ത്തി. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ , മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Navjot Singh Sidhu says India will rule world cricket