ചെന്നൈ: സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ ട്രെയിലര്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടു. ആഗസ്റ്റ് ആറിനാണ് നവരസ റിലീസ് ചെയ്യുന്നത്.
ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.
ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.
മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്‌നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സ് എന്നിവരും പങ്കാളികളാണ്.
ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് സിനിമയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
9 Stories, 9 Emotions and one incredible journey. #NavarasaOnNetflix#ManiSir @JayendrasPOV @Suriya_offl @VijaySethuOffl @Actor_Siddharth @thearvindswami @nambiarbejoy @menongautham @karthicknaren_M @karthiksubbaraj @priyadarshandir pic.twitter.com/pSnhi7MEyq
— Netflix India South (@Netflix_INSouth) July 27, 2021