Natchathiram Nagargiradhu Review |പ്രസംഗമാകാതെ രാഷ്ട്രീയം, പാ.രഞ്ജിത്തിന്റെ പ്രണയങ്ങള്‍| ANNA'S VIEW
അന്ന കീർത്തി ജോർജ്

തുടക്കം മുതല്‍ അവസാനം വരെ ശക്തമായ ഭാഷയില്‍ രാഷ്ട്രീയം പറയുന്ന ഒരു കലാസൃഷ്ടി ഏറ്റവും നവ്യവും സുന്ദരവുമായ അനുഭവം തിയേറ്ററില്‍ സമ്മാനിക്കുന്നു, അതാണ് പാ. രഞ്ജിത്തിന്റെ നച്ചത്തിരം നഗര്‍കിരത്. പ്രണയത്തിന്റെ വ്യക്തിപരവും സാമൂഹ്യവുമായ തലങ്ങളെ, ആ രണ്ട് വശങ്ങളും തമ്മില്‍ ഇഴചേര്‍ന്നിരിക്കുന്ന അവസ്ഥയെ സംഭാഷണങ്ങളിലൂടെയും സംഗീതത്തിലൂടെയും വിഷ്വലുകളിലൂടെയും ബോഡി മൂവ്‌മെന്റുകളുടെയും ഉള്ളില്‍ തറയ്ക്കുന്ന കാഴ്ചയായി അവതരിപ്പിക്കുകയാണ് ഈ സിനിമ.

ആട്ടക്കത്തി എന്ന ആദ്യ സിനിമ മുതല്‍ പാ. രഞ്ജിത്ത് വ്യക്തമായി പറഞ്ഞുവെക്കുന്ന ജാതിവിരുദ്ധതയുടെ രാഷ്ട്രീയം ഈ സിനിമയിലും തുടരുന്നുണ്ട്. ജാതിവിരുദ്ധ രാഷ്ട്രീയം പറയുന്ന സിനിമകളെടുക്കാന്‍ വേണ്ടി നിര്‍മ്മാണ കമ്പനി തുടങ്ങിയ ഒരാള്‍ തന്റെ ഓരോ സിനിമയിലും കൂടുതല്‍ വ്യക്തമായി, സമകാലികമായി ആ സംസാരങ്ങള്‍ നടത്തുകയാണ്.

എന്നാല്‍ അതിനേക്കാള്‍ ഈ സിനിമയെ ഗംഭീരമാക്കുന്നത് മേക്കിങ്ങും സിനിമ നല്‍കുന്ന ഏറ്റവും പുതുമയുള്ള എക്‌സ്പീരിയന്‍സുമാണ്. ന്യൂ ഏജ് സിനിമ എന്ന് എല്ലാ അര്‍ത്ഥത്തിലും വിളിക്കാന്‍ കഴിയുന്ന ചിത്രമാണ് നച്ചത്തിരം നഗര്‍കിരത്. കഥാപാത്രങ്ങളിലെ വൈവിധ്യം, പറയുന്ന രാഷ്ട്രീയത്തിലെ സമകാലീനത എന്നിവയില്‍ തുടങ്ങി സിനിമയില്‍ സംഗീതവും നാടകവും യഥാര്‍ത്ഥ സംഭവങ്ങളുടെ വിഷ്വലുകളും വി.എഫ്.എക്‌സും ഡാന്‍സുമെല്ലാം ഉള്‍ച്ചേര്‍ത്തിരിക്കുന്നതില്‍ വരെ ആ പുതുമയുണ്ട്.

ഒരു നൂലിന്മേല്‍ കളിയാണ് പാ.രഞ്ജിത്ത് നച്ചത്തിരത്തിന്റെ തിരക്കഥയിലും സംവിധാനത്തിലും നടത്തിയിരിക്കുന്നത്. ഒന്ന് പിടിവിട്ടാല്‍ പ്രസംഗം മാത്രമായി പോകാന്‍ നൂറ് ശതമാനവും സാധ്യതയുണ്ടായിരുന്ന പല സീനുകളെയും ആ രീതിയിലേക്ക് വിട്ടുകൊടുക്കാതെ അതീവശ്രദ്ധയോടെ സംവിധായകന്‍ മേക്ക് ചെയ്‌തെടുത്തിരിക്കുകയാണ്.

നാടകത്തെ ഏറ്റവും ഭംഗിയായി ഉപയോഗിച്ച സിനിമ കൂടിയാണിത്. ഒരു നാടകം രൂപപ്പെട്ടു വരുന്നതാണ് സിനിമയുടെ പശ്ചാത്തലം. നാടകം പശ്ചാത്തലമായും പ്രധാന ഭാഗമായുമെല്ലാം സിനിമയിലുണ്ട്. നാടകത്തിലെ എലമെന്റുകളും നാടകക്കാരും ഒട്ടും ഏച്ചുകൂട്ടലില്ലാതെ സിനിമയിലുണ്ട്.

സിനിമയിലെ ഓരോ കഥാപാത്രത്തിനും ജെന്‍ഡറിന്റെയും സെക്‌സിന്റെയും സെക്ഷ്വാലിറ്റിയുടെയും ജാതിയുടെയുമൊക്കെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായ ഐഡിന്റിറ്റി നല്‍കിയിട്ടുണ്ട്. ലെസ്ബിയനും ഗേയും ട്രാന്‍സ് വുമണും പുരുഷന്മാരും സ്ത്രീകളും ആല്‍ഫ മെയില്‍ സ്വഭാവം പുലര്‍ത്തുന്നവരുമെല്ലാം ദളിതരും സവര്‍ണരുമെല്ലാം ഈ സിനിമയിലുണ്ട്. അവരെല്ലാം തങ്ങളുടെ ഐഡിന്റിറ്റിയെ വ്യക്തമാക്കികൊണ്ടാണ് ഓരോ ഡയലോഗിലും സംസാരിക്കുന്നത്. ഇങ്ങനെ കഥാപാത്രസൃഷ്ടി നടത്തുന്നതിലൂടെ തന്നെ ഒരുപക്ഷെ സിനിമ സ്റ്റഡി ക്ലാസായി മാറാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഓരോ കഥാപാത്രത്തെയും ഏറ്റവും സ്വാഭാവികതയോടെയും ആഴം കൈവിടാതെയും സിനിമ അവതരിപ്പിക്കുന്നുണ്ട്.

ദുരഭിമാനകൊലകളടക്കമുള്ള ജാതീയ വിവേചനത്തിന്റെ ഏറ്റവും ക്രൂരമായ രൂപങ്ങള്‍ ഈ സിനിമയിലുണ്ട്. കേന്ദ്ര കഥാപാത്രമായ റെനെയുടെ കുട്ടിക്കാലം, റെനെ തന്നെ താനാക്കിയ അനുഭവങ്ങള്‍ വിവരിക്കുന്നതുമടക്കമുള്ള ഭാഗങ്ങള്‍ വേറെയും. സമാനമായ രീതിയില്‍ സ്ത്രീകളും ട്രാന്‍സ് വ്യക്തികളും മറ്റു ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളും നേരിടേണ്ടി വരുന്ന അതിക്രമങ്ങളും വിവേചനവും യാതൊരു മറയുമില്ലാതെ കാണിച്ചുതരുന്നുമുണ്ട്.

എന്നാല്‍ ഈ സിനിമ കൂടുതല്‍ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് ജാതിയും ലിംഗവിവേചനങ്ങളും വ്യക്തികള്‍ക്കുള്ളിലും രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഇടങ്ങളിലും എങ്ങനെ വര്‍ക്കൗട്ടാകുന്നു എന്ന് കാണിച്ചിരിക്കുന്നിടത്താണ്. റെനെയും ഇനിയനും അര്‍ജുനും മെഡിലീനും സുധീറും തുടങ്ങി ഓരോ കഥാപാത്രത്തിനും ജീവിതത്തില്‍ നേരിടേണ്ടി വരുന്ന അനുഭവങ്ങളും അവരില്‍ പലരും തങ്ങളുടെ സവര്‍ണ, പാട്രിയാര്‍ക്കല്‍ ബോധം വെച്ചു പെരുമാറുന്നതും പിന്നെ ചില തിരിച്ചറിവുകളുണ്ടാകുന്നതും സിനിമയിലുണ്ട്. പൊളിറ്റിക്കല്‍ കറക്ട്‌നെസ്, അതിലേക്ക് ഓരോരുത്തരും എത്തുന്നത്, തുടരുന്ന സംസാരങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം സിനിമ വളരെ മാനുഷികമായ പലതും പറഞ്ഞുവെക്കുന്നുണ്ട്.

നാട്ടുപൂനയും കാട്ടുപൂനയും (നാട്ടുപൂച്ചയും കാട്ടുപൂച്ചയും) വരുന്ന നാടകത്തിലൂടെ ദുരഭിമാനക്കൊലകള്‍ക്ക് പിന്നിലെ കാരണങ്ങളെ ഇഴകീറി പരിശോധിക്കുന്ന സിനിമ സമകാലീന ഇന്ത്യന്‍ സാഹചര്യത്തെയും സംഘപരിവാരത്തെയും കൃത്യമായി രേഖപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്.

തിരക്കഥ പോലെ തന്നെ ഏറെ പ്രധാനപ്പെട്ടതാണ് ഈ സിനിമയുടെ സംഗീതവും ക്യാമറയും എഡിറ്റിങ്ങും. തെന്‍മയുടെ ഓരോ പാട്ടുകളും ഈ സിനിമയുടെ ആത്മാവാണ്. സിനിമക്ക് മൊത്തത്തില്‍ ഒരു റിഥം ഉണ്ട്. അത് ക്യാമറയിലും എഡിറ്റിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഫ്രെയിം ചെയ്തുവെക്കാന്‍ തോന്നും വിധമുള്ള നിരവധി ഫ്രെയ്മുകള്‍ ഈ സിനിമയിലുണ്ട്.

ഓരോ കഥാപാത്രത്തെയും ഏറ്റവും അടുത്ത് നിന്ന് വീക്ഷിക്കാന്‍ കഴിയും പോലെയാണ് പലപ്പോഴും എ. കിഷോര്‍ കുമാറിന്റെ ക്യാമറ മൂവ്‌മെന്റുകള്‍. നാടകവേദിക്ക് മുന്നിലെ ആ അവസാന സീനെല്ലാം എടുത്തുപറയണം. സിനിമയിലെ ഡാന്‍സും പാട്ടും ചേര്‍ന്നുവരുന്ന രംഗങ്ങളടക്കം ഓരോ സീനും എഡിറ്റിങ്ങിലും മികച്ചു നില്‍ക്കുന്നുണ്ട്. സെല്‍വ ആര്‍.കെയാണ് എഡിറ്റിങ്ങ്.

സിനിമയില്‍ മേക്കിങ്ങും പെര്‍ഫോമന്‍സുമെല്ലാം കൊണ്ട് മനസില്‍ നില്‍ക്കുന്ന ഒരു സീന്‍ കടല്‍തീരത്ത് വെച്ച് ഇളയരാജ പാട്ടിനെ കുറിച്ച് ഇനിയനും റെനെയും സംസാരിക്കുന്ന ഭാഗമാണ്. തിരമാലകളുടെ ചലനം പോലെ പതുക്കെ മുന്‍പോട്ടും പിന്‍പോട്ടുമായി ഇവര്‍ നടക്കുന്നതും പാട്ടിലെ ഈണത്തെ കുറിച്ച് സംസാരിക്കുന്നതുമായ ഭാഗങ്ങള്‍ നേരത്തെ പറഞ്ഞ ആ റിഥം കാത്തുസൂക്ഷിക്കുന്നതായിരുന്നു.

സിനിമയിലെ ഓരോ കഥാപാത്രവും വീണ്ടും വീണ്ടും കണ്ടുമുട്ടാന്‍ പ്രേരിപ്പിക്കുന്നവരായിരുന്നു. റെനെയാണ് സിനിമയുടെ കേന്ദ്ര കഥാപാത്രമെങ്കിലും ഓരോ കഥാപാത്രത്തിനും കൃത്യമായ സ്‌പേസ് നല്‍കികൊണ്ടാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഇനിയന്റെയും അര്‍ജുന്റെയും കഥാപാത്രങ്ങള്‍ ഏറെ ഇന്‍ട്രസ്റ്റിങ്ങായിരുന്നു. സവര്‍ണ പുരുഷബോധത്തിന്റെ പല തലങ്ങള്‍ ഇവരില്‍ കാണാമായിരുന്നു. മാറാനുള്ള ആഗ്രഹവും മാറാനാകാത്തതും പ്രണയവും നഷ്ടബോധവും തിരിച്ചറിവുകളുമെല്ലാം ഇവരിലൂടെയാണ് നച്ചത്തിരം കാണിച്ചുതരുന്നത്.

ദുഷര വിജയനും കാളിദാസ് ജയറാമും കലൈയരസനും തുടങ്ങി ഓരോരുത്തരും തങ്ങളുടെ വേഷങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അര്‍ജുന്റെ അമ്മയായി എത്തിയ നടിയും അവസാന ഭാഗത്ത് മാത്രം വരുന്ന ഷബീര്‍ കല്ലറക്കലും ഷോ സ്റ്റീലേഴ്‌സാകുന്നുണ്ട്. ഇപ്പറഞ്ഞവര്‍ മാത്രമല്ല, സിനിമയിലെ ഓരോ ക്യാരക്ടേഴ്‌സും പടം കഴിഞ്ഞിറങ്ങുമ്പോള്‍ അത്രമേല്‍ പ്രിയപ്പെട്ടവരായി മാറും.

പ്രണയത്തെ, വ്യക്തിപരമായ അനുഭവങ്ങള്‍ക്കുള്ളിലും അതിന് പിന്നിലും അതിന്റെ തുടര്‍ച്ചകളിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ജാതീയുടെയും സാമൂഹ്യ ഉച്ചനീചത്വങ്ങളുടെയും അടരുകള്‍ക്കുള്ളിലും നിന്നുകൊണ്ട് കാണാനും മനസിലാക്കാനും അതിലുമൊക്കെ ഉപരിയായി അനുഭവിക്കാനും അവസരമൊരുക്കുകയാണ് നച്ചത്തിരം നഗര്‍കിരത്.

Content Highlight: Natchathiram Nagargiradhu Review | Video

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.