നാടകമല്ല ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നത്, നിങ്ങളുടെ വ്യാഖ്യാനങ്ങളാണ് !
FB Notification
നാടകമല്ല ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നത്, നിങ്ങളുടെ വ്യാഖ്യാനങ്ങളാണ് !
നാസിറുദ്ദീന്‍
Sunday, 25th November 2018, 6:19 pm

“കിതാബ്”” നാടകത്തെ എതിര്‍ക്കുന്ന കുറേയേറെ പോസ്റ്റുകള്‍ കണ്ടു. പലരും പല കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇസ്‌ലാമിനെ വികൃതമായും തെറ്റായും ചിത്രീകരിക്കുന്നതും മുസ്‌ലിങ്ങളെ പ്രാകൃതരായി ചിത്രീകരിക്കുന്നതും ആണെന്നാണ് വിമര്‍ശനത്തിന്റെ കാതല്‍. അതിന് ഉപോല്‍ബലകമായി നാടകം മുസ്‌ലിങ്ങളെ “മോശക്കാര്‍” ആക്കുന്ന കാര്യങ്ങള്‍ പലരും നിരത്തുന്നത് പ്രധാനമായും രണ്ടാണ്.

1) “”പുരുഷന്റെ വാരിയെല്ലില്‍ നിന്നാണ് സ്ത്രീയെ സൃഷ്ടിച്ചത് ” എന്ന് കഥാപാത്രം പറയുന്നു.

2) “പുരുഷന്റെ പാതി ബുദ്ധിയേ സ്ത്രീക്ക് ഉള്ളൂ” എന്ന് കഥാപാത്രം പറയുന്നു.

മുസ്‌ലിങ്ങളെ “മോശക്കാരാക്കുന്ന”” ഈ പരാമര്‍ശങ്ങള്‍ “ഇസ്‌ലാമില്‍” ഉണ്ടോയെന്ന് പരിശോധിക്കാം.

1) ഖുര്‍ആന്‍ സൃഷ്ടിപ്പിനെ പറ്റി പലയിടത്തും പറയുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമായതും ഈ ചര്‍ച്ചയുടെ സാഹചര്യത്തില്‍ ഏറ്റവും പ്രസക്തമായത് “സൂറത്ത് നിസാ” എന്ന അധ്യായത്തിലെ ഒന്നാമത്തെ സൂക്തമാണ്. അതിങ്ങനെ,

“മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു”

ഇതില്‍ ഒരേ “ആത്മാവ്” അഥവാ സത്തയില്‍ നിന്ന് എന്നതിന് ഉപയോഗിച്ച പദം “നഫ്‌സ് ” എന്ന അറബി വാക്കാണ്. ആത്മാവ്, ചൈതന്യം, മനസ്സ്, ജീവിത സത്ത, അടിസ്ഥാന തത്വം, തുടങ്ങിയ നിരവധി വിശാല അര്‍ത്ഥങ്ങളും മാനങ്ങളും ഖുര്‍ആനിലുടനീളം നല്‍കാറുണ്ടെങ്കിലും ഈയൊരു സൂക്തത്തില്‍ ആദ്യ കാല ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പലരും “മനുഷ്യന്‍” എന്ന അര്‍ത്ഥമാണ് നല്‍കിയിരുന്നത്. പലരും അതിന് ആദം എന്ന ആശയവും നല്‍കി. അങ്ങനെ ആദമില്‍ നിന്നാണ് “അവന്റെ” ഇണയായ “അവള്‍” ഉണ്ടായതെന്നും വ്യാഖ്യാനിച്ചു. ഭാഷാ പരമായ പ്രശ്‌നങ്ങള്‍ മാത്രമല്ല ഖുര്‍ആന്റെ വിശാലമായ സ്ത്രീ പുരുഷ ബന്ധങ്ങളോടും വീക്ഷണങ്ങളോടും ഈ വ്യാഖ്യാനം പ്രഥമ ദൃഷ്ട്യാ തന്നെ യോജിക്കാതെ പോവുന്നു. ഖുര്‍ആനില്‍ ഏകദേശം 25 സ്ഥലത്ത് “ആദം” എന്ന പരാമര്‍ശമുണ്ടെങ്കിലും ആദം ഒരു “ആണ്‍” ആണെന്നതിന്റെ സൂചനകളില്ല. ഹിബ്രു ഭാഷയില്‍ “മണ്ണിന്റെ ” എന്നര്‍ത്ഥമുള്ള സര്‍വനാമമായ ആദം ആണുമായി മാത്രം കൂട്ടിക്കെട്ടാന്‍ പറ്റിയ പേരുമല്ല. മുകളിലെ സൂക്തത്തില്‍ തന്നെ ആദ്യ സൃഷ്ടിയുടെ ഇണ എന്നതിന് ഉപയോഗിച്ച പദമാണെങ്കില്‍ “സൗജത്ത് “” എന്ന സ്ത്രീലിംഗം അല്ല, പകരം ആണോ പെണ്ണോ ആയ ഇണയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന “സൗജ്” എന്ന പുല്ലിംഗമാണ്. അതായത് അടിസ്ഥാന സൂക്തമായ ഇതില്‍ പോലും ആദ്യ സൃഷ്ടി ആണായിരുന്നുവെന്നോ രണ്ടാമത്തെ സൃഷ്ടിയെ(ഇണയെ) സൃഷ്ടിച്ചത് ആദ്യ സൃഷ്ടിയില്‍ നിന്നാണെന്നോ പറയാന്‍ പറ്റില്ല. “ഹവ്വ” എന്ന ഇണയുടെ പേര് ഖുര്‍ആന്‍ ഒരിക്കല്‍ പോലും പരാമര്‍ശിക്കുന്നില്ല എന്നതും ശ്രദ്ധേയം. ഒരേ ആത്മാവില്‍ നിന്ന് രണ്ടാളുകളേയും സൃഷ്ടിച്ചു എന്ന അര്‍ത്ഥമാണ് കൂടുതല്‍ യുക്തി സഹം, ഭാഷാപരമായും ഖുര്‍ആന്റെ ലോക വീക്ഷണത്തോടുള്ള യോജിപ്പിലും.

വസ്തുത ഇതായിരുന്നെങ്കിലും ആദ്യകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പോലും വലിയൊരുവിഭാഗം ആദമില്‍ നിന്ന് ഹവ്വ എന്ന ഇണയെ സൃഷ്ടിച്ചു എന്ന രീതിയിലാണ് അഭിപ്രായപ്പെട്ടിരുന്നത്. ഇമാം തബ്രി ഒരു പടി കൂടി കടന്ന് ആദം ഉറങ്ങുന്ന അവസരത്തിലാണ് ധആദമിന്റെപ ഇടതു വാരിയെല്ലില്‍ നിന്ന് ധഹവ്വയെപ സൃഷ്ടിച്ചതെന്നും പറയുന്നു. ആദ്യകാല ചരിത്രകാരനായ ഇബ്‌നു ഇസ്ഹാഖും ഇടത് വാരിയെല്ലില്‍ നിന്നാണെന്ന് പറയുന്നു. ഇവരില്‍ പലരും അവരുടെ വാദത്തിന് ഉപോല്‍ബലകമായ ഹദീസുകളും ഉദ്ധരിക്കുന്നുണ്ട്. ആ ഹദീസുകളില്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം ആദമിന്റെ വാരിയെല്ലില്‍ നിന്നാണ് ഇണയായ ഹവ്വയെ സൃഷ്ടിച്ചതെന്ന് പറയുന്നുമുണ്ട്.

എന്നാല്‍ പിന്നീട് വന്ന പല പണ്ഡിതരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഒരേ ആത്മാവില്‍ നിന്ന് രണ്ട് പേരെയും സൃഷ്ടിച്ചു എന്ന വാദമാണ് സ്വീകരിക്കുന്നത്. 19, 20 നൂറ്റാണ്ടുകളിലെ ഈജിപ്ഷ്യന്‍ പണ്ഡിത പ്രമുഖരായിരുന്ന മുഹമ്മദ് അബ്ദു, റഷീദ് രിളാ എന്നിവര്‍ ഉദാഹരണം. പിന്നീട് വന്ന പിക് താള്‍, മുഹമ്മദ് അസദ് തുടങ്ങിയ ആധുനിക പണ്ഡിതരും ഇതേ വ്യാഖ്യാനം സ്വീകരിക്കുന്നു.

അതേ സമയം ഖുര്‍ആനില്‍ നിന്ന് ഹദീസിലേക്കെത്തുമ്പോള്‍ കാര്യങ്ങള്‍ വലിയ തോതില്‍ മാറുന്നു. ഖുര്‍ആനില്‍ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് കാണുന്ന ലിംഗപരമായ നിഷ്പക്ഷ നിലപാടില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഹദീസുകള്‍ സൃഷ്ടിപ്പിനെ അവതരിപ്പിക്കുന്നു. കൃത്യമായും ആദം എന്ന ആണിന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വ എന്ന പെണ്ണിനെ സൃഷ്ടിച്ചതായി ഹദീസുകള്‍ പറയുന്നു. എന്ന് മാത്രമല്ല, വാരിയെല്ലിന്റെ വളവ് പോലെ വളഞ്ഞതായിരിക്കും പെണ്ണുങ്ങളുടെ സ്വഭാവമെന്ന പരാമര്‍ശങ്ങള്‍ കൂടി ഇതേ ഹദീസുകളില്‍ കാണാം. “പെണ്ണുങ്ങളുടെ വക്ര ബുദ്ധി” എന്ന കടുത്ത സ്ത്രീവിരുദ്ധ നിലപാടുകളെ സാധൂകരിക്കുന്നതാണ് ഈ ഹദീസുകള്‍. ഏറ്റവും വിശ്വാസ്യ യോഗ്യമായി മുസ്ലിം ലോകം ഗണിക്കപ്പെടുന്ന ബുഖാരി, മുസ്ലിം തുടങ്ങിയ എല്ലാ പ്രധാന ശേഖരങ്ങളിലും ചെറിയ മാറ്റങ്ങളോടെ നിരവധിയായ ഹദീസുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. ബുഖാരിയിലും മുസ്ലിമിലും കാണുന്ന ഒരുദാഹരണം,

നബി (സ്വ) പറഞ്ഞു: “”സ്ത്രീകളോട് നിങ്ങള്‍ നന്മ ഉപദേശിക്കൂ. നിശ്ചയം സ്ത്രീ സൃഷ്ടിക്കപ്പെട്ടത് വാരിയെല്ലില്‍ നിന്നാണ്. നിശ്ചയമായും വാരിയെല്ലില്‍ ഏറ്റവും വളഞ്ഞത് മേല്‍ഭാഗത്തുള്ളതാണ്. അത് നീ ചൊവ്വാക്കാനുദ്ദേശിച്ചാല്‍ നീ പൊട്ടിക്കുന്നതാണ്. അതിനെ നീ (നിവര്‍ത്താതെ) വിട്ടാല്‍ അത് വളഞ്ഞ് തന്നെയിരിക്കുന്നതാണ്. അതിനാല്‍ സ്ത്രീകളോട് നിങ്ങള്‍ നന്മ ഉപദേശിക്കുവീന്‍”” (ബുഖാരി, മുസ്ലിം).

ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധേയമാണ്. ഹദീസുകളിലെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും കൂടുതല്‍ സാമ്യം ഖുര്‍ആനുമായിട്ടല്ല, ക്രിസ്ത്യന്‍ ജൂത പ്രമാണങ്ങളുമായിട്ടാണ്. ജൂത പ്രമാണങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ആളെന്ന് ഇമാം മാലിക് തന്നെ വിശേഷിപ്പിച്ച ഇബ്‌നു ഇസ്ഹാഖിനെ പോലുള്ളവരുടെതാണ് പല റിപ്പോര്‍ട്ടുകളും എന്നതും ചര്‍ച്ചയായിട്ടുണ്ട്. സമാന രീതിയില്‍ ജൂത പ്രമാണങ്ങളുടെ സ്വാധീനം ആരോപിക്കപ്പെട്ട അബൂ ഹുറയ്‌റയാണ് ഇതുമായി ബന്ധപ്പെട്ട കുറേയേറെ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു വ്യക്തി. പ്രമുഖ സലഫി ഹദീസ് പണ്ഡിതനായ നാസറുദ്ദീന്‍ അല്‍ബാനിയെ പോലുള്ള ഒരു വിഭാഗമാവട്ടെ ഈ ഹദീസുകള്‍ അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടതല്ലെന്നും ആലങ്കാരികാര്‍ത്ഥത്തിലോ ഉപമകളായോ മാത്രം കാണേണ്ടവയാണെന്നും അഭിപ്രായപ്പെടുന്നു.

2) പുരുഷന്റെ പാതി ബുദ്ധിയേ സ്ത്രീക്കുള്ളൂ എന്ന വാദം ഇസ്ലാമിലുണ്ടോ എന്നതാണ് അടുത്ത ചോദ്യം.

ഖുര്‍ആന്‍ ഇങ്ങനെ ബുദ്ധി അളന്ന് ആരെയും തരം തിരിക്കാനൊന്നും മിനക്കെടുന്നില്ല. എന്ന് മാത്രമല്ല, ബുദ്ധിയുടേയും കഴിവിന്റെയുമൊക്കെ സാധ്യത എല്ലാ വിഭാഗങ്ങളിലും ഒരേ പോലെയാണെന്ന സൂചനകളും കാണാം. ഒരിടത്ത് സാക്ഷ്യം പറയുമ്പോള്‍ ഒരാണിന് പകരം രണ്ട് പെണ്ണ് വേണമെന്ന് പറയുന്നുണ്ട്. സ്ത്രീകളുടെ സാക്ഷ്യം വ്യവഹാരങ്ങള്‍ക്ക് സ്വീകാര്യമല്ലാതിരുന്ന സമയത്ത് അത് സ്വീകാര്യമാണെന്ന് പറയുകയാണ് ചെയ്തത്. അതേസമയം , ആ കാലത്തെ സ്ത്രീകള്‍ക്ക് ഒട്ടും പരിചയമില്ലാതിരുന്ന സാമ്പത്തിക ഇടപാടുകള്‍ പോലുള്ള മേഖലകളില്‍ ഒരാണിന് പകരമായി രണ്ട് പെണ്ണുങ്ങളുടെ മൊഴി സ്വീകരിക്കാമെന്ന് നിര്‍ദേശിച്ചു. (പരിചയക്കുറവ് കൊണ്ട്) ഒരു സ്ത്രീ കാര്യങ്ങള്‍ മറക്കുന്ന പക്ഷം ,മറ്റേ സ്ത്രീക്ക് ഓര്‍മപ്പെടുത്താന്‍ വേണ്ടി ആണ് ഇതെന്നും ഖുര്‍ആന്‍ പ്രത്യേകം കൂട്ടി ചേര്‍ക്കുന്നുണ്ട്.

ഇവിടെയും ഖുര്‍ആന്റെ വീക്ഷണത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങള്‍ ഹദീസുകളില്‍ കാണാം. ചെറിയ വ്യത്യാസങ്ങളോടെ പലയിടത്തും ആവര്‍ത്തിക്കപ്പെടുന്ന ഒരു ഹദീസ് അബൂ ഹുറയ്‌റയെ ഉദ്ധരിച്ച് ഇങ്ങനെ കാണാം,

“ഒരു ഖുതുബയില്‍ നബി ഇങ്ങനെ പറയുന്നു,

ഓ സ്ത്രീകളെ നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക കാരണം നരകത്തില്‍ കൂടുതലും സ്ത്രീകളാണ്.

നബിയേ, അതെന്തുകൊണ്ടാണ് അങ്ങനെ ?

അദ്ദേഹം പറഞ്ഞു,

നിങ്ങള്‍ ഒരുപാട് ശാപവാക്കുകള്‍ ഉപയോഗിക്കുന്നു. അതായത് നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താക്കന്മാരോട് നന്ദികേട് കാണിക്കുന്നു, ബുദ്ധിയും ദീനും കുറഞ്ഞവരില്‍ (മറ്റുള്ളവര്‍ക്ക്) നിങ്ങളേക്കാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് വേറെ കണ്ടിട്ടില്ല,

അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു,

എന്താണ് നബിയേ അവളുടെ ബുദ്ധിയിലും മതത്തിലുമുള്ള പോരായ്മ ?

രണ്ട് സ്ത്രീകളുടെ സാക്ഷ്യം ഒരു പുരുഷന്റെ സാക്ഷ്യത്തിന് തുല്യമാണ്. പിന്നെ ദീനിലെ പോരായ്മ ആര്‍ത്തവമാണ്. കാരണം നിങ്ങള്‍ (ആ സമയത്ത്) മൂന്നോ നാലോ ദിവസം നമസ്‌കരിക്കാതിരിക്കും.”

അപ്പോള്‍ ഇതൊക്കെയാണ് ഇസ്ലാം എന്ന പേരില്‍ മദ്രസകളിലും ഖുതുബകളിലും പുസ്തകങ്ങളിലുമെല്ലാം പ്രചരിപ്പിക്കപ്പെടുന്നത്. ഇത് പോലുള്ള നൂറായിരം ഹദീസുകളോ വ്യാഖ്യാനങ്ങളോ ഇനിയും എളുപ്പത്തില്‍ കാണാനാവും. “സ്ത്രീയെ അധികാരമേല്‍പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ലെന്ന” വാക്യം നബിയുടെ പേരില്‍ വരുന്ന മറ്റൊരു ഉദാഹരണം. ഇതൊക്കെയാണ് ഇസ്ലാമെന്ന് വിശ്വസിക്കുന്നവരാണ് ഇവിടെയുള്ള വലിയൊരു വിഭാഗം മുസ്ലിങ്ങളും. ഇതില്‍ പലതും മഹദ് വചനങ്ങളായി കേട്ടാണ് ഞാനടക്കമുള്ള മുസ്ലിങ്ങള്‍ വളര്‍ന്നത്. ഒരു ജനതയെ ഒന്നടങ്കം പ്രാകൃതരും മോശക്കാരുമായി ചിത്രീകരിക്കുന്നത് ഇത് പോലുള്ള സാഹിത്യങ്ങളാണ്. കേരളത്തിലെ ഒരു പ്രമുഖ മുസ്ലിം സംഘടനയും വ്യവസ്ഥാപിതമായി ഈ ഹദീസുകളെ തള്ളിക്കളയുന്നത് കണ്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രമുഖ പണ്ഡിതനായ അബ്ദുസ്സലാം സുല്ലമിയെ പോലുള്ള ചില ഉജ്ജ്വല വ്യക്തിത്വങ്ങള്‍ നടത്തിയ ഒറ്റപ്പെട്ട ധീര ശ്രമങ്ങളാണ് അപവാദം. ആ പാതയില്‍ അവര്‍ നേരിട്ട എതിര്‍പ്പുകള്‍ എത്ര രൂക്ഷമായിരുന്നു എന്ന് നാം കണ്ടതാണ്. മദ്രസകളിലും പള്ളികളിലും പുസ്തകങ്ങളിലുമൊന്നും പ്രശ്‌നമല്ലാത്ത കാര്യങ്ങള്‍ നാടക വേദിയില്‍ മാത്രം പ്രശ്‌നമാക്കുന്നത് എന്തടിസ്ഥാനത്തിലാണ്. അതോ നാടകത്തിന്റെ ഭാഗമാവുമ്പോള്‍ മാത്രമാണോ ഇത് പ്രാകൃതമാവുന്നത് ?

ആത്മാര്‍ത്ഥതയുടെ കണികയെങ്കിലുമുണ്ടെങ്കില്‍ പ്രതിഷേധവും മാര്‍ച്ചും സംഘടിപ്പിക്കേണ്ടത് ഇതുപോലുള്ള ചവറ് വ്യാഖ്യാനങ്ങള്‍ പ്രവാചകന്റെയും അല്ലാഹുവിന്റെയും പേരില്‍ അടിച്ചിറ ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മത സ്ഥാപനങ്ങളിലേക്ക് ആണ്. അതിന് ത്രാണിയില്ലെങ്കില്‍ നന്നേ ചുരുങ്ങിയത് അതേ സ്വാതന്ത്രം നാടകമവതരിപ്പിക്കുന്നവര്‍ക്കും വക വെച്ച് കൊടുക്കുകയെങ്കിലും വേണം. ആയിരക്കണക്കിന് സ്ഥാപനങ്ങളും വേദികളും ചെയ്യുന്നത്ര ദോഷം ഒന്നോ രണ്ടോ നാടകക്കാര്‍ തലകുത്തി മറിഞ്ഞാലും ഉണ്ടാവാനും പോവുന്നില്ല