രാഷ്ട്രീയ അഭിപ്രായങ്ങൾകൊണ്ടും നിരീക്ഷണങ്ങൾകൊണ്ടും വേറിട്ട് നിൽക്കുന്ന ബോളിവുഡിലെ മുതിർന്ന നടന്മാരിൽ ഒരാളാണ് നസറുദ്ധീൻ ഷാ. ഈയിടെ നൽകിയ അഭിമുഖത്തിൽ അവാർഡുകളെപ്പറ്റിയുള്ള തന്റെ അഭിപ്രായത്തിൽ വിവാദത്തിൽപെട്ട് നിൽക്കുകയാണ് താരം. അവാർഡുകളോടുള്ള തന്റെ താല്പര്യക്കുറവിനെപ്പറ്റിയും ഒരുകാലത്ത് തനിക്ക് കിട്ടിയിരുന്ന അവാർഡുകൾ എന്ത് ചെയ്തു എന്നതിനെപ്പറ്റിയും സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ശുചി മുറിയുടെ വാതിലിൽ കൈപ്പിടിയാക്കിയിരിക്കുന്നത് ഫിലിം ഫെയർ അവാർഡുകളാണെന്ന് നസറുദ്ധീൻ ഷാ പറഞ്ഞു. അവാർഡുകളിൽ താൻ ഒരു മൂല്യവും കാണുന്നില്ലെന്നും അവാർഡുകൾ ഒരു ലോബിയിങ്ങിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ദി ലാലൻടോപിന് നൽകിയ അഭിമുഖത്തിലാണ് നസറുദ്ധീൻ ഷാ തന്റെ അഭിപ്രായങ്ങൾ വെളിപ്പെടുത്തിയത്.
‘ഞാൻ ആ ട്രോഫികളിൽ ഒരു മൂല്യവും കാണുന്നില്ല. തുടക്കത്തിൽ അവാര്ഡുകളൊക്കെ ലഭിച്ചതിൽ എനിക്ക് അഭിമാനവും സന്തോഷവും ഉണ്ടായിരുന്നു. പക്ഷെ പിന്നീട് എനിക്ക് ചുറ്റും ട്രോഫികൾ കൂടാൻ തുടങ്ങി. പിന്നീട് എനിക്ക് മനസിലായി ഈ ട്രോഫികളൊക്കെ ഒരു ലോബിയിങ്ങിന്റെ ഭാഗമാണെന്ന്. ഒരാൾക്ക് അവാർഡുകൾ ലഭിക്കുന്നത് ഒരിക്കലും അയാളുടെ മെറിറ്റുകൊണ്ടല്ല. അതുകൊണ്ട് ഞാൻ പതുക്കെ അതിൽ നിന്നൊക്കെ വിട്ടുനിൽക്കാൻ തുടങ്ങി.
പത്മശ്രീയും പത്മ ഭൂഷണും കിട്ടിയപ്പോൾ അസുഖ ബാധിതനായ എന്റെ അച്ഛന്റെ വാക്കുകളാണ് എനിക്ക് ഓർമവന്നത്. കാരണം, ഈ ജോലി ചെയ്താൽ ഞാൻ വിഡ്ഢിയായി തീരുമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് എന്റെ ഭാവിയെക്കുറിച്ച് ഓർത്ത് വേവലാതി ഉണ്ടായിരുന്നു,’ നസറുദ്ധീൻ ഷാ പറഞ്ഞു.
തനിക്ക് പത്മശ്രീയും പത്മഭൂഷണും കിട്ടിയപ്പോൾ സന്തോഷം ഉണ്ടായിരുന്നെനും തന്റെ അച്ഛൻ അതിൽ സന്തോഷിച്ച് കാണുമെന്നും അദ്ദേഹം പറഞ്ഞു.
‘പത്മ അവാർഡുകൾ ലഭിച്ചത് വാങ്ങിക്കുന്നതിനായി ഞാൻ രാഷ്ട്രപതി ഭവനിൽ പോയിരുന്നു. ഞാൻ തലയുയർത്തി മുകളിലേക്ക് നോക്കി അച്ഛൻ ഇതൊക്കെ കാണുന്നുണ്ടോ എന്ന് ചോദിച്ചു. എനിക്കറിയാം അദ്ദേഹം സന്തോഷവാനാണ്. ആ അവാർഡുകൾ ലഭിച്ചതിൽ ഞാൻ സന്തോഷിച്ചു. എന്നാൽ മത്സരത്തിലൂടെ കിട്ടിയ ചില അവാർഡുകളിൽ എനിക്ക് ആ സന്തോഷം കാണാൻ സാധിച്ചില്ല.
ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ജീവിതത്തിൽ കഷ്ട്ടപ്പെടുന്ന എല്ലാ അഭിനേതാക്കളും നല്ല നടന്മാരാണ്. അതിൽ നിന്നും ഒരാളെ മാത്രം തിരഞ്ഞെടുത്ത് മികച്ച നടനുള്ള പുരസ്കാരം കൊടുക്കുന്നത് എങ്ങനെയാണ് ന്യായമായ പ്രവർത്തിയാകുന്നത്. ഞാൻ ഒരിക്കലും അത്തരം അവാർഡുകളിൽ അഭിമാനിക്കുന്നില്ല. അവസാനമായി എനിക്ക് കിട്ടിയ രണ്ട് അവാർഡുകൾ വാങ്ങിക്കുന്നതിനുവേണ്ടി ഞാൻ പോയിട്ട്പോലും ഇല്ല. അതുകൊണ്ട് ഒരു ഫാം ഹൗസ് പണിതപ്പോൾ ആ അവാർഡുകൾ അവിടെ വക്കാൻ ഞാൻ തീരുമാനിച്ചു. അവിടെ വന്നിട്ട് ശുചിമുറി ഉപയോഗിക്കുന്ന ആളുകൾക്ക് രണ്ട് അവാർഡുകളാണ് ലഭിക്കുക. കാരണം ഫിലിം ഫെയർ അവാർഡുകൊണ്ടാണ് ഞാൻ അതിന്റെ വാതിലുകൾക്ക് ഹാൻഡിൽ ഉണ്ടാക്കിയിരിക്കുന്നത്,’ നസറുദ്ധീൻ ഷാ പറഞ്ഞു.
Content Highlights: Naseeruddin Shah on Film Fare Award