കഴിഞ്ഞ ഡിസംബര്‍ 24ന് പതിവുപോലെ കാലിക്കറ്റ് ടൈല്‍ കമ്പനിയിലെത്തിയ 185ഓളം വരുന്ന തൊഴിലാളികളുടെ ശ്രദ്ധയിലേക്കായി ഗേറ്റില്‍ തന്നെ വലിയൊരു നോട്ടീസ് പതിപ്പിച്ചിരുന്നു. കമ്പനി ലോക്കൗട്ട് (ഉല്‍പാദനം തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നു) ചെയ്യുന്നു എന്ന്. എന്നുവച്ചാല്‍ ഡിസംബര്‍ 24 മുതല്‍ ജോലിക്ക് കമ്പനിയിലേക്ക് വരേണ്ടെന്ന്. കൂടുതല്‍ വിവരങ്ങളൊന്നും നോട്ടീസില്‍ ഉണ്ടായിരുന്നില്ല.
കമ്പനിയുടെ ജനറല്‍ മാനേജരുടെ ഭാഷയില്‍ പറഞ്ഞാല്‍ നോ വര്‍ക്ക് നോ പേ (തൊഴിലുമില്ല കൂലിയുമില്ല). കമ്പനി സാമ്പത്തിക നഷ്ടത്തിലാണ്, കളിമണ്ണ് കിട്ടിയാല്‍ പ്രവര്‍ത്തിക്കും ഇല്ലെങ്കില്‍ ഇല്ല, അത്രയേ തൊഴിലാളികളോട് പറയാന്‍ പറ്റുള്ളു എന്ന നിലപാട്. രണ്ടുമാസത്തോളമായി വേതനം കിട്ടാതെ പണിയെടുത്ത തൊഴിലാളികള്‍ക്ക് മുന്‍പില്‍ ഇരുട്ടടിയായിരുന്നു കമ്പനിയുടെ പെട്ടെന്നുള്ള ഈ അറിയിപ്പ്.
തൊഴിലാളികള്‍ എന്തുചെയ്യണമെന്നോ കമ്പനി പൂര്‍ണ്ണമായി അടച്ചുപൂട്ടുകയാണോ അല്ലെന്നോ മുടങ്ങിക്കിടക്കുന്ന കൂലിയെക്കുറിച്ചോ മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചോ യാതൊരു അറിയിപ്പും നോട്ടീസിലുണ്ടായിരുന്നില്ല. കുറച്ച് കാലമായി കമ്പനിയില്‍ ഒരടച്ചുപൂട്ടല്‍ തൊഴിലാളികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പെട്ടെന്നൊരു തീരുമാനം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതോടെയാണ് വിവിധ ട്രേഡ് യൂണിയനുകള്‍ സമര പ്രഖ്യാപനവുമായി കമ്പനിക്ക് മുന്‍പില്‍ കൊടിനാട്ടി കുത്തിയിരുപ്പ് സമരം തുടങ്ങിയത്.
ഇതോടെ കേരളത്തിലെ ഓട്ടുകമ്പനികളുടെ ചരിത്രത്തിലെ ആദ്യ ഏടിനാണ് കഴിഞ്ഞ ആഴ്ച പൂട്ടുവീഴുന്നത്. 141 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1878ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ചതാണ് കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ സ്ഥിതിചെയ്യുന്ന കാലിക്കറ്റ് ടൈല്‍ കമ്പനി. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിപണിയില്‍ നിന്നും കളിമണ്ണ് ഓടുകള്‍ക്ക് ആവശ്യക്കാര്‍ കുറയുകയും ചെയ്തതോടെയാണ് കമ്പനി പൂട്ടേണ്ടി വന്നതെന്ന് കമ്പനിയിലെ ജനറല്‍ മാനേജര്‍ മുഹമ്മദ് സല്‍മാന്‍ പറയുന്നു.
ഇതാദ്യമായല്ല സംസ്ഥാനത്ത് ഓട് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പൂട്ടേണ്ടി വന്നത്. ഫറോക്ക്-ചെറുവണ്ണൂര്‍ മേഖലയില്‍ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഞ്ച് കമ്പനികള്‍ ഇത്തരത്തില്‍ അടച്ചുപൂട്ടുകയും ഒരു കമ്പനി ഉല്‍പാദനം നിര്‍ത്തുകയും ചെയ്തു.
കേരളത്തിലെ ആദ്യത്തെ ഓട്ടുകമ്പനിയും ഇന്ത്യയിലെ ആദ്യ മെഷീന്‍ ഓട്ടുകമ്പനിയുമാണ് കാലിക്കറ്റ് ടൈല്‍ കമ്പനിയെന്ന് കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നുണ്ട്. 1878ല്‍ ഫറോക്ക് ചാലിയാറിന്റെ തീരത്ത് നടരാജ മുതലിയാരാണ് കമ്പനി സ്ഥാപിക്കുന്നത്. ഒരുകാലത്ത് റാണി മാര്‍ക്ക് ഓട് അച്ചില്‍നിന്നും കമ്പനി ഓടുകള്‍ നിര്‍മ്മിച്ചിരുന്നു. ഇതേവരെ മൂന്നോളം മാനേജ്മെന്റുകളാണ് കമ്പനി നടത്തിക്കൊണ്ടു പോയത്. അവസാനമായി അഹമ്മദീയ ജമാഅത്ത് മുന്‍ കേരള അമീറും പ്രമുഖ വ്യവസായിയുമായിരുന്ന എംഎ മുഹമ്മദാണ് കമ്പനി നടത്തിയത്. മുഹമ്മദിന്റെ മരണശേഷം മക്കളും. 1981ലാണ് ഇപ്പോഴത്തെ മാനേജ്മെന്റ് കമ്പനി ഏറ്റെടുക്കുന്നത്. ക്വീന്‍സ് എന്ന ബ്രാന്‍ഡിലാണ് ഓടുള്‍പ്പെടെ ആറോളം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.
ആദ്യകാലത്ത് കമ്പനിയില്‍ സ്ഥിരജീവനക്കാരായുള്ള 255 പേരുള്‍പ്പെടെ 500 ഓളം തൊഴിലാളികളുണ്ടായിരുന്നു. കാലക്രമേണ ഇപ്പോഴിത് 185 തൊഴിലാളികളും 16 ഓഫീസ് സ്റ്റാഫും എന്ന നിലയിലെത്തി. 2014-15 കാലഘട്ടത്തില്‍ പ്രതിദിനം 27000 ത്തോളം ഓടുകള്‍ ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നതായി കമ്പനിയിലെ പ്രൊഡക്ഷന്‍ മാനേജര്‍ മുഹമ്മദാലി പറയുന്നു. എന്നാല്‍ ഇപ്പോഴിത് 9000 ത്തിനടുത്താണ.് കുറഞ്ഞചിലവില്‍ മണ്ണ് ലഭിക്കാത്തതും ചൈനയില്‍ നിന്നുള്‍പ്പെടെയുള്ള ഓടുകളുടെ ഇറക്കുമതി കൂടിയതുമാണ് പരമ്പരാഗത ഓടു നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലേക്ക് നയിക്കുന്നതെന്ന് മുഹമ്മദാലി പറയുന്നു.
നേരത്തേ കമ്പനിയുടെ തന്നെ കര്‍ണാടക ചിക്മഗ്ലൂരിലെ സ്റ്റാന്‍ഡേര്‍ഡ് ടൈല്‍ കമ്പനിയിലെ ജനറല്‍ മാനേജരായിരുന്നു മുഹമ്മദാലി. 2001 മുതല്‍ ഇവിടെ ജോലിക്കാരനായിരുന്ന മുഹമ്മദാലി 2015ല്‍ കമ്പനി പൂട്ടിയതോടെ ഫറോക്കിലെ യൂണിറ്റിലേക്ക് നിയമിതനായി. മണ്ണ് സുലഭമായി കിട്ടുകയാണെങ്കില്‍ ഇപ്പോള്‍ വിപണിയിലെ അസംസ്‌കൃത കളിമണ്ണിനുള്ള വില കുറയുമെന്നും നിലവില്‍ പരമ്പരാഗത ഓടുകള്‍ക്ക് ആവശ്യക്കാര്‍ കുറയുന്നത് ഭാവിയില്‍ മാറിമറിയുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. മണ്ണെടുക്കുന്ന സ്ഥലത്ത് റീഫില്ല് ചെയ്യേണ്ടതുള്‍പ്പെടെയുള്ള നിബന്ധനകള്‍ വ്യവസായത്തെ ബാധിക്കുന്നതായും മുഹമ്മദാലി കൂട്ടിച്ചേര്‍ത്തു. നേരത്തേ വര്‍ഷത്തില്‍ ശരാശരി 60 ലക്ഷം ഓടുകള്‍ കമ്പനിയില്‍ ഉല്‍പാദിപ്പിച്ചിരുന്നു. എന്നാല്‍ കുറച്ചു കാലങ്ങളായി നാമമാത്രമായേ ഉല്‍പാദനം നടക്കുന്നുള്ളുവെന്നാണ് കമ്പനി അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ നോട്ടീസില്‍ പറയുന്നത്.
ഡിസംബര്‍ 24ന് ജോലിക്കെത്തിയപ്പോള്‍ മാത്രമാണ് കമ്പനി അന്നുമുതല്‍ പൂട്ടുന്നകാര്യം അറിയുമായിരുന്നുള്ളുവെന്നാണ് തൊഴിലാളികള്‍ പറയുന്നു. നാല്‍പതിലേറെ വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ വരെയുണ്ട് കൂട്ടത്തില്‍. നിലവില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് കുത്തിയിരുപ്പ് സമരം തുടങ്ങിയത്. നാമമാത്രമായ കൂലിയുള്ളപ്പോള്‍ തന്നെ അതിജീവനം ബുദ്ധിമുട്ടിലായ സാധാരണ തൊഴിലാളികള്‍ക്കാണ് ഇപ്പോള്‍ ഉപജീവന മാര്‍ഗ്ഗവും നഷ്ടപ്പെട്ടത്. ദിവസം ശരാശരി 700-800 രൂപയാണ് സ്ഥിരം തൊഴിലാളികളുടെ കൂലി. സര്‍വീസ് അനുസരിച്ച് ഇതില്‍ വ്യത്യാസങ്ങളുണ്ട്.
പീതാംബരന്‍
27 വര്‍ഷമായി കമ്പനിയിലെ സ്ഥിരം തൊഴിലാളിയും സി.ഐ.ടി.യു ഭാരവാഹിയുമായ അഹമ്മദ് കുട്ടിക്ക് സാലറിയിനത്തില്‍ കിട്ടുന്നത് 20000 രൂപയ്ക്ക് താഴെയാണ് ഇതില്‍ തന്നെ പി.എഫ് ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ക്കായുള്ള പിരിവുമുണ്ട്. പെന്‍ഷന്‍ ആയെങ്കിലും ഈയിനത്തില്‍ മാസം കിട്ടുന്നത് 2600 രൂപ മാത്രമാണ്. സ്ഥിരം തൊഴിലാളി ആവുന്നതിന് മുന്‍പ് അദ്ദേഹം 13 വര്‍ഷം താല്‍ക്കാലിക ജീവനക്കാരനായി ഇതേ കമ്പനിയില്‍ ജോലി ചെയ്തിരുന്നു.
സര്‍വ്വീസ് അനുസരിച്ചാണ് വേതനവും പെന്‍ഷനുമൊക്കെ. അറുപത് വയസ്സ് കഴിഞ്ഞാല്‍ കമ്പനിയില്‍ നിന്നും പിരിഞ്ഞ് പോകണമെന്നാണ്. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് പിരിയാനായ തൊഴിലാളികളോട് കമ്പനിയില്‍ തന്നെ തുടരാനാണ് മാനേജ്മെന്റ് ആവശ്യപ്പെട്ടതെന്ന് സി.ഐ.ടി.യു പ്രവര്‍ത്തകന്‍ കൂടിയായ പീതാംബരന്‍ പറയുന്നു.
29 വര്‍ഷമായി കമ്പനിയിലെ തൊഴിലാളിയാണ് പീതാംബരന്‍. സാമ്പത്തിക പ്രതിസന്ധി മൂലം ആനുകൂല്യങ്ങള്‍ പെട്ടെന്ന് തരാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന ഇത്തരത്തില്‍ കമ്പനിയില്‍ തുടരുന്നത് 20ഓളം പേരാണ്. പെന്‍ഷന്‍ ആവാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ള അത്ര തന്നെ തൊഴിലാളികളും കമ്പനിയിലുണ്ട്. കഴിഞ്ഞ ഒന്നരമാസത്തോളമായി കമ്പനിയില്‍ ലേ ഓഫ് ആണ് (തൊഴിലില്ല, പകുതി കൂലി ലഭിക്കും). 65 ശതമാനത്തോളം തൊഴിലാളികള്‍ക്കും ജോലി ഉണ്ടായിരുന്നില്ല. ഈ കാലയളവില്‍ പകുതി കൂലിയേ നല്‍കിയിരുന്നുള്ളു. ഉല്‍പാദനം പൂര്‍ണമായി നിര്‍ത്തിവച്ച് ലോഡിംങ്, ചൂളയിലെ പണിക്കാര്‍ എന്നിവര്‍ക്കേ തൊഴിലുണ്ടായിരുന്നുള്ളൂ.
കമ്പനി അടച്ചുപൂട്ടലിലെത്തിയതോടെ തൊഴില്‍ നഷ്ടപ്പെടുന്നതില്‍ വലിയൊരു പങ്കും നാല്‍പത് വയസ്സിന് മുകളിലുള്ളവരാണ്. പുതു തലമുറയില്‍ പെട്ട ആളുകള്‍ ഈ മേഖലയിലേക്ക് തൊഴിലിനായി തിരിയുന്നില്ല. മറ്റ് ജോലികളിലേക്ക് ഇവര്‍ക്ക് ഇനി തിരിയാനാകില്ലെന്നും തൊഴിലാളികളിലൊരൊളായ സുന്ദരന്‍ പറയുന്നു. തങ്ങളെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളാണുള്ളതെന്നും തൊഴില്‍ പോകുന്നതോടെ ജീവിതം വലിയ പ്രതിസന്ധികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
അതേസമയം 8ഉം 9നും വര്‍ഷം കമ്പനിയില്‍ ജോലി ചെയ്ത ചെറുപ്പക്കാരും ഇവിടെയുണ്ട്. പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ 10 വര്‍ഷം ഒരു സ്ഥാപനത്തില്‍ പൂര്‍ത്തിയാകണമെന്ന നിയമമുള്ളതിനാല്‍ ഈ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അര്‍ഹത നഷ്ടപ്പെടുമെന്ന ആശങ്കയും വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.
നേരത്തേ രണ്ട് തവണ കമ്പനി ലോക്കൗട്ട് പ്രഖ്യാപിരുന്നു. മൂന്നുവര്‍ഷം മുന്‍പായിരുന്നു ആദ്യത്തേത്. ഇത് നാലുമാസത്തോളം നീണ്ടുപോയി. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ലോക്കൗട്ട് പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനു ശേഷം വീണ്ടും കമ്പനി തുറക്കുകയായിരുന്നു. എന്നാല്‍ ഇത്തവണത്തേത് തുറക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് തൊഴിലാളികളും സംഘടനകളും. സര്‍ക്കാര്‍ ഇടപെട്ട് മണ്ണ് ലഭ്യമാക്കുമെന്ന് തോന്നുന്നില്ലെന്നും കമ്പനിക്ക് ബാധ്യതകളില്‍ നിന്ന് ഒഴിയാന്‍ കിട്ടുന്ന അവസരത്തെ അവര്‍ ഉപയോഗപ്പെടുത്തിയേക്കാമെന്ന നിഗമനത്തിലുമാണ് തൊഴിലാളികള്‍.
മാത്രമല്ല മണ്ണ് വ്യവസായ മാഫിയ തന്നെ ഈ രംഗത്തുണ്ടെന്നും അവരില്‍ നിന്നും ഉയര്‍ന്ന വിലയ്ക്ക് മണ്ണ് വാങ്ങി ഉല്‍പാദനം നടത്തല്‍ പ്രായോഗികമാവില്ല. നേരത്തേ ഉല്‍പാദനം നിര്‍ത്തിവച്ച മലബാര്‍, ഹിന്ദുസ്ഥാന്‍ കമ്പനികളിലെ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും തൊഴിലാളികള്‍ ആശങ്കയിലാണെന്നും സമരക്കാര്‍ പറയുന്നു.
‘അവിടെ ഇഷ്ടം പോലെ സ്ഥലമുണ്ട്, തൊഴിലാളികള്‍ കുത്തിയിരുന്നോട്ടെ’, തൊഴിലാളികളുടെ കുത്തിയിരുപ്പ് സമരത്തെക്കുറിച്ച് കമ്പനി
24 മുതല്‍ കമ്പനിയില്‍ കുത്തിയിരുപ്പ് സമരം നടത്തുന്ന തൊഴിലാളികളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവിടെ ഇഷ്ടം പോലെ സ്ഥലമുണ്ട്, അവരവിടെ കുത്തിയിരിക്കട്ടെ എന്നായിരുന്നു കമ്പനിയുടെ ജനറല്‍ മാനേജര്‍ മുഹമ്മദ് സല്‍മാന്‍ പറഞ്ഞത്. ‘കമ്പനിയുടെ നിലനില്‍പ്പിനെക്കുറിച്ച് തൊഴിലാളികള്‍ക്ക് അറിയാം അതിനനുസരിച്ച് അവര്‍ പ്രതികരിക്കട്ടെ. തൊഴിലാളികള്‍ സമരവുമായി പോവുകയാണെങ്കില്‍ പോകാം കമ്പനിക്ക് ഇപ്പോള്‍ വിഷയത്തില്‍ ഇടപെടാന്‍ പറ്റില്ല.
സമരവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ചര്‍ച്ചകള്‍ നടന്നാല്‍ നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ നല്‍കാമെന്നും നിലവില്‍ സാമ്പത്തിക ബാധ്യതകളാലാണ് കമ്പനി പിരിച്ചുവിടാത്തതിന്റെ’ കാരണമെന്നും ജനറല്‍ മാനേജര്‍ പറയുന്നു. വിപണിയില്‍ നല്ല കളിമണ്ണ് ലഭിക്കാത്തതും സാമ്പത്തിക ബുദ്ധിമുട്ടുമാണ് ഉല്‍പാദനം നിര്‍ത്തിവയ്ക്കേണ്ട ഘട്ടത്തിലേക്ക് എത്തിച്ചതെന്നും സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണമെന്നും ജനറല്‍ മാനേജര്‍ കൂട്ടിച്ചേര്‍ത്തു.
കൈവശം സൂക്ഷിച്ചിരുന്ന കളിമണ്ണ് ഉപയോഗിച്ചാണ് കുറച്ചുകാലമായി കമ്പനി ഉല്‍പാദനം നടത്തുന്നത്. ഉദ്ദേശം 2 മാസത്തേക്കുള്ള കളിമണ്ണ് കമ്പനിയില്‍ ഉണ്ടെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ കമ്പനിയില്‍ ഇനി ഉല്‍പാദനത്തിന് സാധ്യതയില്ലെന്നാണ് പ്രൊഡക്ഷന്‍ മാനേജരും പറയുന്നത്. എട്ട് പ്രസുകളും രണ്ട് ചൂളകളും കമ്പനിയില്‍ ഉണ്ടെങ്കിലും അടുത്ത കാലത്തായി ഇവ മുഴുവന്‍ പ്രവര്‍ത്തിക്കുന്നില്ല.
2019 ജനുവരി ഒന്നുമുതല്‍ സ്ഥാപനം ഭീകരമായ നഷ്ടത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നതെന്ന് കമ്പനി പൂട്ടുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ നോട്ടീസില്‍ പറയുന്നു. കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് അഭിമുഖീകരിച്ച് വരുന്ന പ്രതിസന്ധികളെ കുറിച്ച് തൊഴിലാളികള്‍ക്ക് അറിയിപ്പുകള്‍ നല്‍കിയതാണ്. ഇതുസംബന്ധിച്ച് തൊഴിലാളികള്‍ക്കും യൂണിയനുകള്‍ക്കും മാനേജ്മെന്റ് നല്‍കിയ നോട്ടീസിന്റെ പകര്‍പ്പുകള്‍ തൊഴില്‍ വകുപ്പ് സെക്രട്ടറി, കോഴിക്കോട് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, ഇ.എസ്.ഐ കോര്‍പറേഷന്‍, ഇ.പി.എഫ് ഡിപാര്‍ട്ട്മെന്റ് മുതലായ അധികാരികള്‍ക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുള്ളതാണ്്.
ഗുണനിരവാരമുള്ള ഓടുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ കളിമണ്ണിന്റെ ദൗര്‍ലഭ്യം, ഇവ ശേഖരിക്കുന്നതിന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എന്നിവ മൂലം ഉല്‍പാദന പ്രക്രിയയില്‍ കുറവ് വന്നിട്ടുണ്ട്. ഇവയ്ക്ക് പുറമെ കുറഞ്ഞ നിരക്കില്‍ വിദേശ നിര്‍മ്മിത ഓടുകളുടെ മാര്‍ക്കറ്റിലെ ലഭ്യതയും കെട്ടിട നിര്‍മ്മാണ രംഗത്തെ നൂതന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള നിര്‍മ്മാണ പ്രക്രിയയും തൊഴിലാളികളുടെ വേതനത്തിലും മറ്റ് ആനുകൂല്യങ്ങളിലുമുണ്ടായ വര്‍ദ്ധനവും കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി മാനേജ്മെന്റ് പറയുന്നു. വ്യവസായ രംഗത്തെ നിലവിലെ സാമ്പത്തിക മാന്ദ്യവും ഇവയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സ്ഥാപനത്തിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും എല്ലാ ദിവസവും ജോലി നല്‍കാന്‍ പറ്റാത്ത സാഹചര്യത്തില്‍ 6.11.2019 തിയ്യതി മുതല്‍ ചൂള, വിറക്, ലോഡിങ് ഒഴികെയുള്ള വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് ലേ ഓഫ് ചെയ്ത് ലേ ഓഫ് വേതനം നല്‍കുകയാണെന്നും മാനേജ്മെന്റും സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം മുന്നറിയിപ്പോടെയാണ് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതെന്ന വാദത്തെ തൊഴിലാളികള്‍ ഖണ്ഡിക്കുന്നുണ്ട്. ഉല്‍പാദനപ്രക്രിയയ്ക്ക് ആവശ്യമായ കളിമണ്ണ് ഒരു മാസത്തേക്ക് മാത്രമേ സ്റ്റോക്കുള്ളു എന്ന വിവരം 13.11.2019ന് തൊഴിലാളികള്‍ക്ക് നല്‍കിയ നോട്ടീസില്‍ മാനേജ്മെന്റ് അറിയിച്ചിരുന്നതായി കമ്പനി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ കമ്പനി നേരിടുന്ന പ്രതിസന്ധികള്‍ സൂചിപ്പിച്ച് കൊണ്ട് ഒരുമാസം മുന്‍പ് നോട്ടീസ് ഓഫീസില്‍ പതിച്ചിരുന്നതായാണ് തൊഴിലാളികള്‍ പറയുന്നത്. ലോക്കൗട്ടുമായി ബന്ധപ്പെട്ട യാതൊരു സൂചനകളും തന്നിരുന്നില്ല. ഒരുമാസം മുന്‍പ് കിട്ടിയ നോട്ടീസ് പ്രകാരം ലേബര്‍ ഓഫീസറുടെ അടുത്ത് തൊഴിലാളികള്‍ പരാതിയുമായി എത്തിയപ്പോള്‍ ചര്‍ച്ചയില്‍ കമ്പനി പൂട്ടാന്‍ ആലോചിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും സിഐടിയു സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞ 4,5 വര്‍ഷമായി തൊഴിലാളി യൂണിയന്റെയും മാനേജ്മെന്റിന്റെയും പ്രധിനിധികള്‍ ടൈല്‍ ഫാക്ടറി അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനായി വകുപ്പ് മന്ത്രിയേയും മുഖ്യമന്ത്രിയേയും വകുപ്പ് ഉദ്യോഗസ്ഥരേയും നേരിട്ട് കണ്ട് ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും പരിഹാരം കണ്ടെത്താനായിരുന്നില്ല. പ്രശ്നപരിഹാരത്തിനായി മാനേജ്മെന്റും തൊഴിലാളികളും സംയുക്തമായി സെക്രട്ടറിയേറ്റിന് മുന്‍പില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും പാരജയപ്പെട്ടതും നിലവിലെ അവസ്ഥയിലേക്കെത്തിയതായി മാനേജ്മെന്റും പറയുന്നു. ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ പറ്റുന്ന ഒരു സാഹചര്യമുണ്ടായാല്‍ സ്ഥാപനം വീണ്ടും പ്രവര്‍ത്തിക്കുമെന്നും ആ കാലയളവിനുള്ളില്‍ വേതനത്തിനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു.
തുടര്‍ച്ചയായി അടച്ചുപൂട്ടുന്ന ഓട്ടുകമ്പനികള്‍
ചെറുവണ്ണൂര്‍-ഫറോക്ക് ഭാഗത്ത് 15ഓളം ഓട്ടുകമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന് പുറമെ പരമ്പരാഗത കളിമണ്ണ് ഉല്‍പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ചെറു ഉല്‍പാദന യൂണിറ്റുകളും പ്രദേശത്തുണ്ടായിരുന്നു. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് മുതല്‍ സാമ്പത്തിക ബാധ്യതകള്‍ ഉള്‍പ്പെടെയുള്ളവ മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പല കമ്പനികളും അടച്ചുപൂട്ടേണ്ട സാഹചര്യത്തിലെത്തിച്ചു. അഞ്ചുവര്‍ഷത്തിനിടെ താഴിട്ട് പൂട്ടിയത് അഞ്ച് കമ്പനികളാണ്. 2017 ഫെബ്രുവരിയിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ചെറുവണ്ണൂര്‍ ടി.പി റോഡിലെ മലബാര്‍ ടൈല്‍ വര്‍ക്സ് അടച്ചു പൂട്ടുന്നത്. 170 ഓളം തൊഴിലാളികള്‍ ഫെബ്രുവരി ഒന്നുമുതല്‍ സമരം തുടങ്ങുകയും ചെയ്തു.
അതിനുശേഷം ഹിന്ദുസ്ഥാന്‍, വെസ്റ്റ് കോസ്റ്റ് ടൈല്‍ എന്നീ ഓട്ടുകമ്പനികള്‍ അടച്ചു പൂട്ടേണ്ടി വന്നു. വഴിയാധാരമായ തൊഴിലാളികള്‍ ഇവയ്ക്ക് മുന്‍പില്‍ സമരം ചെയ്തത് മാസങ്ങളോളമാണ്. കമ്പനി തുറക്കണമെന്നും തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കണമെന്നുമുള്ള ആവശ്യങ്ങളും പൂര്‍ണമായും പാലിക്കപ്പെട്ടിട്ടില്ല.
രണ്ട് മാസം മുന്‍പാണ് നാഷണല്‍ ടൈല്‍ അടച്ചു പൂട്ടിയത്. അതിനും രണ്ട് മാസം മുന്‍പ് സ്റ്റാന്‍ഡേര്‍ഡ് ടൈല്‍ ആന്റ് ക്ലേ വര്‍ക്സ് കമ്പനിയും ലേ ഓഫ് പ്രഖ്യാപിച്ചു. സ്റ്റാന്‍ഡേര്‍ഡ് കമ്പനി ഇതുവരെ ഉല്‍പാദനം തുടര്‍ന്നിട്ടില്ല. തൊഴിലാളികളുടെ തന്നെ ഉടമസ്ഥതയിലുള്ള സ്റ്റാന്‍ഡേര്‍ഡ് ടൈല്‍ കമ്പനിയില്‍ 250ലധികം തൊഴിലാളികളും നാഷണലില്‍ 50നടുത്ത് തൊഴിലാളികളും ജോലി ചെയ്തിരുന്നു. ലേബര്‍ ഓഫീസര്‍ മുന്‍പാകെ നടന്ന ചര്‍ച്ചയില്‍ നാഷണലിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യമായി ഒന്നരമാസത്തെ വേതനം ജനുവരി 15നകം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.
മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദനം നടന്നിരുന്ന കമ്പനികളാണ് സ്റ്റാന്‍ഡേര്‍ഡ് ടൈല്‍സ് ആന്റ് ക്ലേ വര്‍ക്സ്, കോമണ്‍വെല്‍ത്ത്, കാലിക്കറ്റ് ടൈല്‍സ് എന്നിവ. ഇതില്‍ രണ്ടെണ്ണം ഇതോടെ അസ്തമിച്ചു എന്നുവേണം കരുതാന്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19നും കാലിക്കറ്റ് ടൈല്‍സ് അടച്ചുപൂട്ടിയിരുന്നു. മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് കമ്പനി പിന്നീട് തുറന്നു പ്രവര്‍ത്തിച്ചത്. കളിമണ്ണിന്റെ ലഭ്യതക്കുറവ് തന്നെയായിരുന്നു അന്നും കമ്പനി ഉല്‍പാദനം നിര്‍ത്തുന്നതിലേക്ക് എത്തിച്ചത്.
15 സ്ഥാപനങ്ങളില്‍ ഇനി നിലനില്‍ക്കുന്നത് കോമണ്‍വെല്‍ത്ത് ടൈല്‍ ഫാക്ടറി മാത്രമാണ്. മാസങ്ങള്‍ക്ക് മുന്‍പ് കോമണ്‍വെല്‍ത്തില്‍ ഒന്നരമാസക്കാലം അടച്ചുപൂട്ടിയെങ്കിലും പിന്നീട് തുറക്കുകയായിരുന്നു. കളിമണ്ണ് ലഭ്യതക്കുറവ് ഈ മേഖലയിലെ എല്ലാ കമ്പനികളേയും ബാധിക്കുന്നതായും കോമണ്‍വെല്‍ത്തിലും സമാന സാഹചര്യം ഉണ്ടാകാന്‍ സാധ്യതയുള്ളതായും തൊഴിലാളികള്‍ പറയുന്നു. അങ്ങനെയെങ്കില്‍ മേഖലയിലെ അവസാനത്തെ കമ്പനിയും താഴിട്ടു പൂട്ടേണ്ടി വരും.
നല്ലയിനം ഓടുകള്‍ നിര്‍മ്മിക്കാന്‍ ഗുണമേന്മയുള്ള കളിമണ്ണ് ആവശ്യമാണ്. നിലവില്‍ ഫറോക്ക്, നെല്ലൂര്, കുണ്ടായിത്തോട്, അഴിഞ്ഞിലം പ്രദേശത്ത് നിന്നാണ് കളിമണ്ണ് ശേഖരിക്കുന്നത്. വയലില്‍ നിന്നുള്ള നല്ല പശിമയുള്ള കളിമണ്ണാണ് ഓട് നിര്‍മ്മാണത്തിന് വേണ്ടത്. എന്നാല്‍ മണ്ണെടുപ്പിനുള്ള നിയന്ത്രണങ്ങളും തണ്ണീര്‍ത്തട സംരക്ഷണ നിയമമുള്‍പ്പെടെയുള്ളവ സര്‍ക്കാര്‍ നടപടികള്‍ വന്നതോടെ മണ്ണ് സുലഭ്യമല്ലാതായി. ദിവസവും 5,6 ലോഡ് മണ്ണ് എന്നത് ഇതോടെ അപ്രാപ്യമാകുകയും ചെയ്തു. ഒരു ലോഡ് മണ്ണിന് ശരാശരി 6000-7000 രൂപയ്ക്കിടയില്‍ നല്‍കണം. മണ്ണിന് പെര്‍മിറ്റ് ലഭിക്കാന്‍ ബാങ്ക് ഗ്യാരന്റിക്ക് പുറമെ ജിയോളജി വകുപ്പിന്റെ അനുമതി പത്രം ഉള്‍പ്പെടെയുള്ളവ ആവശ്യമാണ്. നിശ്ചിത പ്രദേശത്ത് നിന്ന് നിശ്ചിത അളവിലേ മണ്ണെടുക്കാനും അനുമതിയുള്ളു.
വിദേശ ഓടുകളുടെ ഇറക്കുമതി പരമ്പരാഗത വിപണിയെ ബാധിച്ചു
ഓടുകളുമായി നിരനിരയായി ബേപ്പൂര്‍ തുറമുഖത്തേക്ക് പോകുന്ന തോണികള്‍ ഒരുകാലത്ത് ഇവിടത്തുകാര്‍ക്ക് സ്ഥിര കാഴ്ചയായിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി ഫറോക്ക് ഓടുകള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. ഭൂട്ടാന്‍, ശ്രീലങ്ക, സിങ്കപ്പൂര്‍, മലേഷ്യ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കേരളത്തില്‍ നിന്ന് ഓടുകള്‍ കയറ്റുമതി ചെയ്തിരുന്നു. 2005 വരെ മേഖലയിലെ ഓട്ടുകമ്പനികള്‍ക്ക് സുവര്‍ണ കാലഘട്ടമായിരുന്നു. എന്നാല്‍ അതിനു ശേഷം ചൈനയില്‍ നിന്നുള്‍പ്പെടെയുള്ള സെറാമിക് ഓടുകളുടെ ഇറക്കുമതി വിപണിയിലെ മത്സരം കടുപ്പിച്ചു. 2017-18 സാമ്പത്തിക വര്‍ഷം മാത്രം നൂറ് കോടിയുടെ ചൈനീസ് ഓടുകളാണ് ഇവിടേക്ക് ഇറക്കുമതി ചെയ്തത്. ഇതില്‍ 80 ശതമാനത്തിനടുത്ത് കൊച്ചി തുറമുഖം വഴിയാണെന്നതും ശ്രദ്ധേയമാണ്.
ഗുണമേന്മയുള്ള പരമ്പരാഗത ഓടിന് ഫസ്റ്റ് ക്വാളിറ്റിക്ക് 35 രൂപയും സെക്കന്റ് ക്വാളിറ്റിക്ക് 30 രൂപയുമാണ് വിപണി വില. ഇതേ സ്ഥാനത്ത് ഇറക്കുമതി ചെയ്യുന്ന ഓടുകള്‍ക്ക് 30-32 രൂപ വിലയേ വരുന്നുള്ളു. ഇതോടെ ആവശ്യക്കാര്‍ പതിയേ പരമ്പരാഗത മേഖല വിട്ട് വിദേശ ഓടുകള്‍ വാങ്ങുന്നതും മേഖലയിലെ പ്രതിസന്ധിക്ക് കാരണമായി. ഇവയ്ക്ക് പുറമേയുണ്ടായ നോട്ടുനിരോധനവും തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യവും വ്യവസായത്തെ കാര്യമായി ബാധിച്ചു.
കളിമണ്ണ് ലഭ്യമാകാത്തതോടെ കയ്യിലുള്ള സ്റ്റോക്കുകള്‍ വച്ചാണ് പല കമ്പനികളും പ്രവര്‍ത്തിച്ചത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്താണ് ഓട്ടുകമ്പനികളില്‍ കളിമണ്ണ് ശേഖരിച്ച് വയ്ക്കുക. ഒരു വര്‍ഷത്തേക്കുള്ള ഓടുകള്‍ ഇക്കാലയളവില്‍ ശേഖരിക്കുകയാണ് പതിവ്. ഇവയാണ് പിന്നീട് മഴക്കാലത്ത് ഉള്‍പ്പെടെ ഉപയോഗിക്കുക. ഇതിനു പുറമെ ചെറിയ നീക്കിയിരിപ്പും കമ്പനികള്‍ക്കുണ്ടാകും.
അതേസമയം ചൈനീസ് ഓടുകള്‍ വിപണി കയ്യടക്കിയെങ്കിലും പരമ്പരാഗത ഓടുകള്‍ക്കുള്ള വിപണി നഷ്ടപ്പെടില്ലെന്നാണ് തൊഴിലാളികള്‍ ഒറ്റക്കെട്ടായി പറയുന്നത്. സെറാമിക് ഓടുകള്‍ക്ക് വെയിലേല്‍ക്കുമ്പോള്‍ ചൂടാകുമെന്നും വീടിനകത്തും ചൂട് കൂടാന്‍ ഇത് കാരണമാകുന്നുണ്ടെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത കളിമണ്ണ് ഓടുകള്‍ക്ക് പുറമേ ചൂടായാലും വീടിന് ഉള്‍വശം തണുപ്പിച്ച് നിര്‍ത്താന്‍ കഴിയും. ഈ വ്യത്യാസം ആളുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഭാവിയില്‍ ഇത്തരം ഓടുകള്‍ക്ക് ആവശ്യക്കാര്‍ കൂടുമെന്നാണ് കരുതുന്നതെന്നും കാലിക്കറ്റിലെ പ്രൊഡക്ഷന്‍ മാനേജര്‍ മുഹമ്മദാലി ഉറപ്പിച്ചു പറയുന്നു.
സര്‍ക്കാര്‍ ഇടപെടല്‍
നേരത്തേ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഓട്ടുകമ്പനികള്‍ക്കായി കളിമണ്ണ് ഖനനത്തിനായി പ്രത്യേക അനുമതി നല്‍കിയിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകാത്ത വിധം മണ്ണെടുക്കണമെന്നും അതിനു ശേഷം മണ്ണെടുത്ത ആളുകള്‍ തന്നെ റീഫില്ലിംങ് (മണ്ണിട്ട് കുഴികള്‍ ഉള്‍പ്പെടെയുള്ളവ നികത്തല്‍) ചെയ്യണമെന്നും വ്യവസ്ഥയുണ്ടാക്കിയിരുന്നു. ഇതിനു പുറമെ കൃഷി, റവന്യൂ, മൈനിങ് ആന്റ് ജിയോളജി, തദ്ദേശ സ്വയം ഭരണം എന്നീ വിഭാഗങ്ങളുടെ സംയുക്ത പരിശോധന റിപ്പോര്‍ട്ട് നല്‍കിയാല്‍ കലക്ടറുടെ പക്കല്‍ നിന്നും മണ്ണെടുക്കുന്നതിനുള്ള അനുമതി ലഭിക്കും.
എന്നാല്‍ ഇവ സംഘടിപ്പിക്കാനുള്ള കാലതാമസവും ഉല്‍പാദന ചിലവ് കൂടിയത് റീഫില്ലിങ് പോലുള്ളവ കമ്പനികള്‍ക്ക് അധിക ഭാരമായെന്നും സംരംഭകര്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടലുകളും നടപടികളും വേണമെന്നാണ് കാലിക്കറ്റ് ടൈല്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. പരമ്പരാഗത തൊഴില്‍ മേഖലകള്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
നഷ്ടപ്പെട്ടുപോയ ചെറുവണ്ണൂര്‍ ചന്ത
ഓട്ടുകമ്പനികള്‍ നിലച്ചതോടെ ചെറുവണ്ണൂരിലേയും പരിസര പ്രദേശങ്ങളിലേയും സാമ്പത്തിക മേഖലയെ എങ്ങനെയാണ് ബാധിച്ചതെന്നതിനെ കുറിച്ചായിരുന്നു സി.ഐ.ടി.യു മെമ്പറായ പരമേശ്വരന്‍ സംസാരിച്ചത്. സജീവമായിരുന്ന ചെറുവണ്ണൂര്‍ ചന്ത നിന്നു പോകാനുള്ള പ്രധാന കാരണം ഇത്തരത്തില്‍ പ്രദേശത്ത് നിന്നുപോയ വ്യവസായങ്ങളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. മുന്‍പ് 3000 ത്തോളം വരുന്ന ഓട്ടുകമ്പനി തൊഴിലാളികളും അതിന്റെ മൂന്നിരട്ടി അനുബന്ധ തൊഴിലാളികളും പ്രദേശത്തെ പ്രാദേശിക മാര്‍ക്കറ്റിനേയായിരുന്നു ആശ്രയിച്ചിരുന്നത്.
1981 വരെ ആഴ്ചയ്ക്കായിരുന്നു കൂലി. അതിനു ശേഷമാണ് അത് മാസക്കൂലിയായത്. മാസത്തില്‍ ഏഴാം തീയ്യതിയാണ് കാലിക്കറ്റില്‍ കൂലി കിട്ടുക. തൊഴിലാളികളുടെ ശമ്പളത്തിന്റെ വലിയൊരു പങ്കും ഇത്തരത്തില്‍ പ്രാദേശിക മാര്‍ക്കറ്റുകളിലേക്കാണ് പോയിരുന്നതെന്നും എന്നാല്‍ കമ്പനികള്‍ ഓരോന്നായി പൂട്ടിയതും തൊഴില്‍ നഷ്ടപ്പെട്ടതും ഇവയെ ആശ്രയിച്ച് നിലനിന്നിരുന്ന മറ്റ് മേഖലകളേയും ബാധിച്ചതായി തൊഴിലാളികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
പ്രദേശത്ത് സജീവമായിരുന്ന ചെറുവണ്ണൂര്‍ ചന്ത എന്ന പേരില്‍ ശനിയാഴ്ച നടന്നിരുന്ന പ്രാദേശിക മാര്‍ക്കറ്റും ഇത്തരത്തില്‍ നിന്നുപോയതാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ പൗരസമിതിയും റെസിഡന്റ്സ് അസോസിയേഷനും ചേര്‍ന്ന് ചന്ത സജീവമാക്കാന്‍ ശ്രമിച്ചെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കാനായില്ല. മാത്രമല്ല കമ്പനികള്‍ ഒന്നിന് പുറകെ മറ്റൊന്നായി പൂട്ടിയതും തിരിച്ചടിയായി.
പി. കൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലാണ് ഫറോക്കിലെ ഓട്ടുകമ്പനികളില്‍ ആദ്യത്തെ തൊഴിലാളി യൂണിയന്‍ സ്ഥാപിതമാകുന്നത്. അന്നുതൊട്ടിന്നോളം ഫറോക്കിലെയും പരിസര പ്രദേശങ്ങളിലേയും ഓട്ടുകമ്പനി തൊഴിലാളികള്‍ മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്പന്ദിക്കുന്ന ഹൃദയം തന്നെയായിരുന്നു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും സംഘടന എന്ന നിലയിലുള്ള ദൃഢതയ്ക്കും മഹത്തായ സംഭാവനയാണ് ഈ തൊഴിലാളിവര്‍ഗ്ഗം ഇന്നോളം ചെയ്തത്. ആ നിലക്ക് ഓട്ടുകമ്പനികള്‍ മലബാറിന്റെ ചരിത്രത്തിലും രേഖപ്പെടുത്തപ്പെട്ടവയാണ്.
പരിസ്ഥിതി നാശവും, പ്രകൃതി മലിനീകരണവും കുറഞ്ഞ പരമ്പരാഗത മാര്‍ഗ്ഗങ്ങളെന്ന നിലയിലും ഇത്തരം തൊഴില്‍ മേഖലകളെ നിലനിര്‍ത്തേണ്ടത് അധികാരികളും പൊതുസമൂഹവും ശ്രദ്ധിക്കേണ്ടതുമാണ്.