വാഷിംഗ്ടണ്‍: ഭൂമിയില്‍ പതിക്കാനൊരുങ്ങുന്ന ക്ഷുദ്രഗ്രഹത്തിന്റെ വഴി തിരിച്ചുവിടാനുള്ള പുതിയ പദ്ധതികളൊരുക്കി നാസ. ഇത്തരത്തിലുള്ള ഒരു അപകടം ഉടനൊന്നും ഉണ്ടാവില്ലെന്നും, പ്ലാനറ്ററി ഡിഫന്‍സ് എന്ന പരീക്ഷണപദ്ധതിയുടെ ഭാഗമായാണ് ഇതെന്നും നാസ വ്യക്തമാക്കി.
ഭാവിയില്‍ ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാല്‍ എങ്ങനെ പ്രതിരോധിക്കണമെന്നുള്ളതിനെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണം. മണിക്കൂറില്‍ 24,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബഹിരാകാശ വാഹനം ഇടിച്ചിറക്കിയാണ് തങ്ങള്‍ ഇക്കാര്യം നേടാനുദ്ദേശിക്കുന്നതെന്നും നാസ വ്യക്തമാക്കിയതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) എന്നാണ് നാസ ഈ പരീക്ഷണത്തിന് പേരിട്ടിരിക്കുന്നത്. ഏകദേശം 330 മില്യണ്‍ ഡോളറാണ് പരീക്ഷണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
‘നിലവില്‍ ഭൂമിയ്ക്ക് പേടിക്കേണ്ട സാഹചര്യമില്ല, എങ്കിലും ഭൂമിയ്ക്ക് സമീപം ഇത്തരത്തില്‍ ഒരുപാട് ക്ഷുദ്രഗ്രഹങ്ങള്‍ ഉണ്ട്. ഏത് സമയത്തും ഇത്തരമൊരു സാഹചര്യം ഉടലെടുത്തേക്കാം. അതിനെ പ്രതിരോധിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് ഓഫീസറായ ലിന്‍ഡ്‌ലി ജോണ്‍സണ്‍ പറയുന്നു.
നവംബര്‍ 23ന് കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് സ്‌പേസ് സ്റ്റേഷനില്‍ നിന്നുമാണ് ഡാര്‍ട്ട് പ്രൊജക്ടിന്റെ ഭാഗമായുള്ള ബഹിരാകാശ വാഹനം പുറപ്പെടുന്നത്.
6.8 മില്യണ്‍ മൈലകലെയുള്ള ക്ഷുദ്രഗ്രഹമാണ് ഡാര്‍ട്ടിന്റെ ലക്ഷ്യം. അടുത്ത വര്‍ഷം സെപ്റ്റംബര്‍ 26നും ഒക്ടോബര്‍ ഒന്നിനും ഇടയില്‍ ക്ഷുദ്രഗ്രഹത്തെ വഴി തിരിച്ചു വിടാന്‍ സാധിക്കുമെന്നാണ് നാസ കണക്കുകൂട്ടുന്നത്.
‘ഡൈമോര്‍ഫോസ്’ എന്നാണ് ലക്ഷ്യം വെച്ചിരിക്കുന്ന ക്ഷുദ്രഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. ഡാര്‍ട്ട് വഴി ഡൈമോര്‍ഫോസിന്റെ സഞ്ചാരപാത ഒരു ഡിഗ്രി മാറ്റാന്‍ കഴിയുമെന്നാണ് നാസ പറയുന്നത്.
ഗ്രൗണ്ട് ബേസ്ഡ് ടെലിസ്‌കോപ്പുകളുപയോഗിച്ച് കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കുമെന്നും, ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ച ക്യാമറകള്‍ വഴി ചിത്രങ്ങളെടുക്കാന്‍ സാധിക്കുമെന്നും നാസ പറയുന്നു.