national news
മധ്യപ്രദേശിൽ മുതിർന്ന രണ്ട് കോൺഗ്രസ് നേതാക്കൾ പരസ്പരം പോരാടുകയാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 05, 11:59 am
Sunday, 5th November 2023, 5:29 pm

ഭോപ്പാൽ : മധ്യപ്രദേശിൽ മുതിർന്ന രണ്ട് കോൺഗ്രസ് നേതാക്കൾ തങ്ങളുടെ മക്കൾക്കായി പാർട്ടി പിടിച്ചെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

മധ്യപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സിയോനി ജില്ലയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോൺഗ്രസ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്നാൽ പാർട്ടിയിലെ രണ്ട് വലിയ നേതാക്കൾ പരസ്പരം പോരടിക്കുകയാണ്. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് അഞ്ചാറു പതിറ്റാണ്ടുകളായി കോൺഗ്രസ് അധികാരത്തിൽ ഇരുന്നിട്ടും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി ഒന്നും ചെയ്തിട്ടില്ല.

80 കോടി പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകുന്ന ഗരീബ് കല്യാണ യോജന അടുത്ത അഞ്ചുവർഷത്തേക്ക് നീട്ടും, താൻ ദരിദ്ര കുടുംബത്തിൽ നിന്നുള്ള ആളായതിനാലും അത്തരക്കാർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കിയതിനാലുമാണ് സൗജന്യറേഷൻ നൽകുന്ന പദ്ധതി അടുത്ത അഞ്ചുവർഷത്തേക്ക് നീട്ടാൻ തന്റെ സർക്കാർ തീരുമാനിച്ചത്,’ മോദി പറഞ്ഞു.

ശിവപുരിയിൽ നിന്നുമുള്ള ഒരു നേതാവിന് തെരഞ്ഞെടുപ്പ് സീറ്റ് നിഷേധിച്ചതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരോട് തന്റെ സഹപ്രവർത്തകൻ വിജയ് സിംഗിന്റെ വസ്ത്രം കീറാൻ ആവശ്യപ്പെടുന്ന കമൽനാഥിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ ഭിന്നത ഉണ്ടാക്കുന്ന ചർച്ചകൾക്ക് ആക്കം കൂടുകയായിരുന്നു.

Content Highlight: Narendra Modi statement on Madyapradesh election