national news
കോണ്‍ഗ്രസ് ഭരണത്തിലെത്തുമ്പോള്‍ മാവോയിസ്റ്റുകള്‍ക്ക് ധൈര്യം കൂടും: നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 09, 10:14 am
Thursday, 9th November 2023, 3:44 pm

റായ്പൂര്‍: കോണ്‍ഗ്രസ് ഭരണത്തില്‍ വരുമ്പോഴെല്ലാം തീവ്രവാദവും മാവോയിസ്റ്റ് ആക്രമണങ്ങളും വര്‍ധിക്കുന്നതായി ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിനിടയില്‍ ഉണ്ടാവുന്ന മാവോയിസ്റ്റ് അക്രമങ്ങള്‍ തടയുന്നതില്‍ പഴയ മഹത്തായ പാര്‍ട്ടി പരാജയപ്പെട്ടെന്ന് നരേന്ദ്ര മോദി ആരോപിച്ചു. ഛത്തീസ്ഗഢിലെ ബിഷ്രാംപൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും ധൈര്യം വര്‍ധിക്കുകയാണെന്ന് മോദി പറഞ്ഞു. നക്‌സല്‍ പ്രവര്‍ത്തങ്ങള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ഏത് സംസ്ഥാനത്താണോ കോണ്‍ഗ്രസ് ഭരണത്തിലുള്ളത് അവിടെ മുഴുവന്‍ കുറ്റകൃത്യങ്ങളും കൊള്ളയും കൊലയുമാണെന്ന് മോദി ചൂണ്ടിക്കാട്ടി. ആ സംസ്ഥാനങ്ങളില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ ബോംബുകള്‍ പൊട്ടിത്തെറിക്കുന്നതും കൊലപാതകങ്ങളും നടക്കുന്നതായിട്ടുള്ള വാര്‍ത്തകള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമങ്ങള്‍ കുറഞ്ഞതായാണ് സൂചിപ്പിക്കുന്നത്. മോദിയുടെ വാദവും സര്‍ക്കാരിന്റെ റിപ്പോര്‍ട്ടും തമ്മില്‍ വലിയ അന്തരമുണ്ട്. ഛത്തീസ്ഗഢിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ മാവോയിസ്റ്റ് ആക്രമങ്ങള്‍ കുറയുന്നതായും അതിന്റെ ക്രെഡിറ്റ് ബി.ജെ.പിക്കാണെന്നും കേന്ദ്രമന്തി അമിത് ഷാ പറഞ്ഞിരുന്നു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇന്ത്യയില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ കുറഞ്ഞതായി അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു. നക്‌സല്‍ അക്രമ സംഭവങ്ങള്‍ 52 ശതമാനമായി കുറഞ്ഞെന്നും മാവോയിസ്റ്റ് അക്രമത്തിലുള്ള മരണങ്ങള്‍ 70 ശതമാനമായെന്നും സാധാരണക്കാരുടെ മരണം 68 ശതമാനമായി താഴ്‌ന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ (എം.എച്ച്.എ) കണക്കുകള്‍ പ്രകാരം 2010 ഇടതുപക്ഷ തീവ്രവാദവും കൊലപാതകങ്ങളും കുറഞ്ഞതായാണ് സൂചിപ്പിക്കുന്നത്. സിവിലിയന്മാരുടെ മരണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. 2010ല്‍ 722 കേസുകളാണ് രേഖപ്പെടുത്തിയത്, എന്നാല്‍ 2022ല്‍ അത് 82 ആയി കുറഞ്ഞു.

സാമ്പത്തിക സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ 2010 മുതല്‍ കുറഞ്ഞതായി എം.എച്ച്.എ രേഖപെടുത്തുന്നു. 2010ല്‍ 365 കേസുകള്‍ രേഖപെടുത്തിയെങ്കിലും 2021ലും 2022ലും അത് 42 ആയി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Narendra Modi says Congress is unable to stop Maoist attacks