ലോകേഷിന് സിനിമകളെ കുറിച്ച് ക്ലാരിറ്റി കൂടിപ്പോയോ എന്നാണെന്റെ സംശയം: നരേൻ
Entertainment news
ലോകേഷിന് സിനിമകളെ കുറിച്ച് ക്ലാരിറ്റി കൂടിപ്പോയോ എന്നാണെന്റെ സംശയം: നരേൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th November 2023, 4:19 pm

മലയാളത്തിൽ മികച്ച തുടക്കം ലഭിച്ച നടനാണ് നരേൻ. ചുരുങ്ങിയകാലം കൊണ്ട് മലയാളത്തിലെ മുൻനിര സംവിധായകരോടൊപ്പം സിനിമകൾ ചെയ്ത നരേൻ അധികം വൈകാതെ തന്നെ തമിഴ് സിനിമയിലും തന്റെ സ്ഥാനം തെളിയിച്ചിരുന്നു.

തമിഴിൽ നരേൻ അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധ നേടിയ വേഷമാണ് ‘കൈതി’ എന്ന ചിത്രത്തിലെ ഇൻസ്‌പെക്ടർ ബിജോയ്‌.

ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം വലിയ സൂപ്പർ ഹിറ്റാവുകയും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. പിന്നീട് വന്ന ‘വിക്രം’ എന്ന ചിത്രത്തിലും നരേൻ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇന്ത്യ ഗ്ലിറ്റിസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു നരേൻ.

ലോകേഷ് എന്ന ഫിലിം മേക്കറിനെ കുറിച്ച് പറയുകയാണ് നരേൻ. ലോകേഷിന്റെ മനസിലുള്ളത് മൊത്തം വലിയ ചിത്രങ്ങളാണെന്നും സിനിമകളെ കുറിച്ച് വ്യക്തമായ ധാരണയുള്ള സംവിധായകനാണ് ലോകേഷെന്നും നരേൻ പറയുന്നു.

‘ലോകേഷ് ആകെ പറഞ്ഞിട്ടുള്ള കാര്യം കൈതി 2, വിക്രം സിനിമയുമായി കണക്ടഡാണെന്ന് മാത്രമാണ്. പല കഥാപാത്രങ്ങളും ആ സിനിമയിൽ വരുന്നുണ്ട്. അതൊരു വലിയ സിനിമയാണ്. അത്ര മാത്രമേ പറഞ്ഞിട്ടുള്ളു.

ലോകേഷ് ഒരു ഡൗൺ ടു എർത്തായ ആളാണ്. സിനിമയുടെ വലിയ വിജയങ്ങളൊന്നും തലയിൽ എത്താത്ത ഇപ്പോഴും നല്ല സിനിമകൾക്ക് വേണ്ടി ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണ് ലോകേഷ്.

ചെയ്യാൻ പോവുന്ന പ്രൊജക്റ്റുകളെ കുറിച്ച് വളരെ ക്ലിയറായി അറിയുന്ന ആളാണ് ലോകേഷ്. ലോകേഷിന്റെ മനസിൽ മുഴുവനുള്ളത് വലിയ മാസ് ചിത്രങ്ങളാണ്. ഇനിയും ഒരുപാട് കഥകൾ ലോകേഷിന്റെ കൈയിലുണ്ട്. ലോകേഷിന് സിനിമയെ കുറിച്ച് ക്ലാരിറ്റി കുറച്ച് കൂടി പോയോ എന്നാണ് എന്റെ സംശയം. അങ്ങനെ പറയാൻ പാടില്ല പക്ഷെ അങ്ങനെയാണ് ലോകേഷ്.

വിക്രം കണ്ട് ഞങ്ങൾ ഒരുമിച്ച് വരുമ്പോൾ ഞാൻ ലോകേഷിനോട് പറഞ്ഞിരുന്നു വിക്രത്തിന്റെ സ്ക്രിപ്റ്റ് ആദ്യമായി കാണുമ്പോൾ കുറച്ച് കൺഫ്യൂസിങ് ആണല്ലേയെന്ന്. അപ്പോൾ ലോകേഷ് പറഞ്ഞു, അതെ സാർ, രണ്ടാമത് കാണുമ്പോഴാണ് നമുക്ക് മനസിലാവുക.

മൂന്നാമത് കാണുന്നവരാണ് പടം ഹിറ്റാക്കാൻ പോവുന്നതെന്ന്. വിക്രം ഇറങ്ങി കുറച്ചുകാലം കഴിഞ്ഞ് പടം ഹിറ്റായി കഴിഞ്ഞപ്പോഴാണ് ലോകേഷ് പറഞ്ഞത് ശരിയാണെന്ന് എനിക്ക് മനസിലായത്. അങ്ങനെയൊരു ക്ലാരിറ്റിയുള്ള ആളാണ് ലോകേഷ്,’ നരേൻ പറയുന്നു.

Content Highlight: Narain Talk About Director Lokesh Kanakaraj