2005ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് അച്ചുവിന്റെ അമ്മ. മീര ജാസ്മിൻ, ഉർവശി, നരേൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളികൾക്ക് പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് അച്ചുവിന്റെ അമ്മ. മീര ജാസ്മിന്റെയും ഉർവശിയുടെയും കോമ്പോ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമോയെന്ന ചോദ്യത്തിന് മറുപടി പറയുകായാണ് നരേനും മീര ജാസ്മിനും. സത്യൻ അന്തിക്കാടിന്റെ അടുത്ത് മീര ജാസ്മിൻ സിനിമയിലേക്ക് വരുകയാണെങ്കിൽ അച്ചുവിന്റെ അമ്മയുടെ രണ്ടാം ഭാഗം ചെയ്യുമോയെന്ന് ചോദിച്ചിരുന്നെന്ന് നരേൻ പറഞ്ഞു. എന്നാൽ അതിനിടയിലാണ് ജയറാമിനെ നായകനാക്കി മകൾ സിനിമ ചെയ്യുന്നതെന്നും നരേൻ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ മീര ജാസ്മിനുമൊത്ത് തങ്ങളുടെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു നരേൻ.
‘ഞാൻ ശരിക്കും പറഞ്ഞാൽ സത്യൻ സാറിന്റെ അടുത്ത് ഇതു പറഞ്ഞിട്ടുണ്ടായിരുന്നു. മീര തിരിച്ചുവരികയാണെങ്കിൽ സിനിമയുടെ സെക്കൻഡ് പാർട് എടുത്താലോ എന്ന്. പക്ഷേ അപ്പോഴാണ് അദ്ദേഹത്തിന് മകൾ എന്ന സിനിമ ഓണാകുന്നത്,’ നരേൻ പറയുന്നുണ്ട്. അച്ചുവിന്റെ രണ്ടാം ഭാഗം എന്ന കൺസെപ്റ്റ് നല്ല ഐഡിയയാണ് എന്ന് ഈ സമയം മീര ജാസ്മിൻ കൂട്ടിച്ചേർത്തു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന സിനിമയിലൂടെയാണ് ആറു വർഷത്തിന് ശേഷമുള്ള മീര ജാസ്മിന്റെ തിരിച്ചുവരവ്. മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എം. പത്മകുമാർ സംവിധാനം ചെയ്ത ക്വീൻ എലിസബത്ത്. ചിത്രം ഈ മാസം 29ന് തിയേറ്ററുകളിലെത്തും.
ഈ ചിത്രത്തില്‍ ശ്വേത മേനോന്, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രഞ്ജി പണിക്കര്‍, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്തണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തും.
Content Highlight: Narain about Achuvinte amma movie’s second part