താത്പര്യമുണ്ടെങ്കില്‍ അഭിനയിച്ചാല്‍ മതിയെന്ന് അദ്ദേഹത്തിന് പറയാമായിരുന്നു; അന്ന് ഞാന്‍ സിനിമയില്‍ ഒന്നുമല്ല: നമിത പ്രമോദ്
Entertainment
താത്പര്യമുണ്ടെങ്കില്‍ അഭിനയിച്ചാല്‍ മതിയെന്ന് അദ്ദേഹത്തിന് പറയാമായിരുന്നു; അന്ന് ഞാന്‍ സിനിമയില്‍ ഒന്നുമല്ല: നമിത പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st April 2024, 1:16 pm

രാജേഷ് പിള്ള സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ട്രാഫിക്. ഈ റോഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, റോമ, രമ്യ നമ്പീശന്‍, റഹ്‌മാന്‍, അനൂപ് മേനോന്‍, നമിത പ്രമോദ്, ലെന തുടങ്ങിയ വന്‍ താരനിരയായിരുന്നു ഒന്നിച്ചത്.

നമിത പ്രമോദിന്റെ ആദ്യ സിനിമയായിരുന്നു ട്രാഫിക്. സംവിധായകന്‍ രാജേഷ് പിള്ള തന്നോട് കഥ പറയാന്‍ വന്നതിനെ കുറിച്ച് പറയുകയാണ് നമിത. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ സിനിമയിലേക്ക് വന്നതിന് ശേഷം ഇന്നും ഓര്‍ത്തുവെക്കുന്ന ഒരാളുണ്ടെങ്കില്‍, അത് ട്രാഫിക് സിനിമയുടെ സംവിധായകനായ രാജേഷങ്കിളിനെയാണ്. കാരണം ആ ഒരു പ്രൊജക്റ്റില്‍ എന്നെ ഉള്‍കൊള്ളിക്കാമെന്ന് അദ്ദേഹത്തിന് തോന്നിയത് വലിയ കാര്യമാണ്.

അങ്കിള്‍ ട്രാഫിക്കിന്റെ സ്‌ക്രിപ്റ്റ് പറയാന്‍ വന്ന സമയത്ത് ഞാന്‍ ഒമ്പതാം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. എനിക്ക് അത് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് രാവിലെ അമ്മയുണ്ടാക്കിയ ദോശയും സാമ്പാറും കഴിക്കുകയായിരുന്നു ഞാന്‍. അത് കഴിഞ്ഞ് എനിക്ക് ക്ലാസിലും പോകണം.

ഞാന്‍ ഇത് കഴിക്കുന്നതിന്റെ ഇടയില്‍ അങ്കിള്‍ അവിടെ സിനിമയുടെ കഥ പറയുകയാണ്. ‘മോള് കഴിച്ചോ ഞാന്‍ കഥ പറഞ്ഞോളാ’മെന്ന് അങ്കിള്‍ ഇടക്ക് എന്നോട് പറയുന്നുണ്ട്. കഥ കേള്‍ക്കുന്നതിന്റെ ഇടയില്‍ അമ്മ എനിക്ക് മുടിയില്‍ റിബണൊക്കെ കെട്ടി തരുന്നുണ്ട്.

ഞാന്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ റെസ്പെക്റ്റ് ചെയ്യാന്‍ കാരണം, അന്ന് ഞാന്‍ സിനിമയില്‍ ഒന്നുമല്ലായിരുന്നു. വേണമെങ്കില്‍ അദ്ദേഹത്തിന് എന്നോട് ‘ഇങ്ങനെയൊരു സിനിമയുണ്ട്, നല്ല കഥാപാത്രമാണ്. താത്പര്യമുണ്ടെങ്കില്‍ വന്ന് ചെയ്യാമെന്ന്’ മാത്രം പറഞ്ഞാല്‍ മതിയായിരുന്നു.

പക്ഷെ അങ്കിള്‍ ആ സ്റ്റോറി മുഴുവന്‍ എനിക്ക് പറഞ്ഞു തന്നു. ചെറിയ ആക്ടര്‍ ആണെങ്കിലും വലിയ ആക്ടറാണെങ്കിലും ആ ആള്‍ക്ക് കൊടുക്കുന്ന റെസ്പെക്ട് ഉണ്ടല്ലോ, അത് അങ്കിളിനുണ്ടായിരുന്നു. എനിക്ക് ആ കഥ കേള്‍ക്കുന്ന സമയത്ത് അതിന്റെ സീരിയസ്നെസ് ഒട്ടുമുണ്ടായിരുന്നില്ല,’ നമിത പ്രമോദ് പറയുന്നു.


Content Highlight: Namitha Pramod Talks About Rajesh Pillai