കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാക്കള്‍ക്കിടയിലെ പൊട്ടിത്തെറികള്‍ക്കിടയില്‍ ശ്രദ്ധനേടി നജീബ് കാന്തപുരം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ചില നേതാക്കള്‍ സി.പി.ഐ.എമ്മിനോട് മൃദുസമീപനം സ്വീകരിക്കുന്നവെന്ന് ആരോപിച്ച് കെ.എം. ഷാജി നടത്തിയ പ്രസംഗത്തിനെതിരെ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് നടത്തിയ വിമര്‍ശനങ്ങളോടുള്ള പ്രതികരണമായിട്ടായിരുന്നു നജീബിന്റെ പോസ്റ്റ്. കൊമ്പുകളെ വിടൂ, വേരുകള്‍ക്ക് ബലം നല്‍കുന്നതിലാണ് ശ്രദ്ധ വേണ്ടതെന്നാണ് നജീബ് കാന്തപുരം പറയുന്നത്.
‘വന്‍മരങ്ങളെ പോലും കടപുഴക്കുന്ന കൊടുങ്കാറ്റുകള്‍ക്കിടയില്‍ അകന്നു നില്‍ക്കുന്ന മരങ്ങളുടെ വേരുകള്‍ പോലും മണ്ണിനടിയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കാന്‍ വെമ്പുകയാണ്.
കൊമ്പുകളിലല്ല. വേരുകള്‍ക്ക് ബലം നല്‍കുന്നതിലാണ് ശ്രദ്ധ വേണ്ടത്. കൊമ്പുകളെ വിടൂ. പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ വേരുകളിലേക്ക് ശ്രദ്ധചെലുത്തൂ. കിളികള്‍ പറന്നുപോകും. മരം ബാക്കിയാവും. മരം ബാക്കിയാവുക തന്നെ വേണം,’ എന്നായിരുന്നു നജീബ് കാന്തപുരത്തിന്റെ പോസ്റ്റ്. എന്നാല്‍ പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ നജീബ് കാന്തപുരം ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
അനാവശ്യ വിവാദം ഒഴിവാക്കണമെന്നാണ് ഉദ്ദേശിച്ചത് എന്നാണ് മറ്റൊരു പോസ്റ്റില്‍ നജീബ് കാന്തപുരം വിശദീകരണം നല്‍കിയത്. ഈ പോസ്റ്റും അദ്ദേഹം പിന്‍വലിച്ചിട്ടുണ്ട്.
ലീഗ് ഒരു വലിയ വടവൃക്ഷമാണ്. അതിന്റെ കൊമ്പില്‍ കയറി വല്ലാതെ കസര്‍ത്ത് കളിച്ചാല്‍ ചിലപ്പോള്‍ കൊമ്പൊടിയും. മറ്റു ചിലപ്പോള്‍ തെന്നിവീഴും. രണ്ടായാലും വീഴുന്നവര്‍ക്ക് മാത്രമാണ് പരിക്ക്. ഈ വടവൃക്ഷത്തിന് ഒരു പരിക്കും ഏല്‍ക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പി.കെ. ഫിറോസ് പറഞ്ഞത്.