Kerala News
നെയ്യാറ്റിന്‍കരയിലെ ദുരൂഹ മരണം; തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 15, 06:39 am
Wednesday, 15th January 2025, 12:09 pm

കൊച്ചി: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ ദുരൂഹ മരണത്തില്‍ സമാധി പൊളിക്കലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കുടുംബം ഹൈക്കോടതിയെ സമീപിച്ചു.

സമാധി പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെയാണ് കുടുംബം കോടതിയെ സമീപിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് അഡ്വക്കേറ്റ് രഞ്ജിത് ചന്ദ്രനാണ് കുടുംബത്തിന് വേണ്ടി വക്കാലത്ത് സമര്‍പ്പിച്ചത്.

ജില്ലാ ഭരണകൂടം തങ്ങളുടെ ഭാഗം കേട്ടില്ലെന്നും അതിനാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നും കുടുംബത്തിന്റെ ഹരജിയില്‍ പറയുന്നുണ്ട്. സമാധി യോട് അനുബന്ധിച്ച് 41 ദിവസത്തെ പൂജ നടക്കുന്നുണ്ടെന്നും അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും തടസപ്പെടുത്തരുതെന്നും കുടുംബം പറയുന്നു. ഹൈക്കോടതി ഹരജി പരിഗണിക്കുമ്പോള്‍ കല്ലറ തുറക്കേണ്ടതിന്റെ ആവശ്യം പൊലീസും കോടതിയെ അറിയിക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ സ്വാമി സമാധിയായി എന്ന് പറഞ്ഞ് ഒരു പോസ്റ്റര്‍ വീടിന് സമീപം പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ പതിച്ചപ്പോഴാണ് മരണ വിവരം അയല്‍വാസികളടക്കം അറിഞ്ഞത്. തുടര്‍ന്ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് അയല്‍വാസികളും നാട്ടുകാരും രംഗത്തെത്തി.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അച്ഛന്‍ സമാധിയായതെന്നാണ് മക്കള്‍ പറയുന്നത്. രാവിലെ എഴുന്നേറ്റ് തന്നെ വിളിച്ച അച്ഛന്‍ ഗോപന്‍ സ്വാമി താനിന്ന് സമാധിയാകുമെന്നും താന്‍ സമാധിയായാല്‍ ചെയ്യേണ്ട കര്‍മങ്ങള്‍ എന്താണെന്നും മകനോട് മുന്‍കൂട്ടി പറഞ്ഞുകൊടുത്തിരുന്നെന്നും കുടുംബം പറയുന്നു. പിന്നാലെ സുഗന്ധദ്രവ്യങ്ങളും കോണ്‍ക്രീറ്റുമുപയോഗിച്ച് മക്കള്‍ തന്നെയാണ് അച്ഛനായി സമാധി മണ്ഡപം കെട്ടിയത്.

അതേസമയം സമീപവാസിയായ വിശ്വംഭരനും ഗോപന്‍ സ്വാമിയെ കാണാനില്ല എന്ന് കാണിച്ച് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ മാന്‍ മിസിങ് കേസ് നല്‍കി.

തുടര്‍ന്ന് സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര പൊലീസ് സമാധി സീല്‍ ചെയ്ത്‌ കലക്ടര്‍ക്ക്‌ സമാധി പൊളിക്കാന്‍ വേണ്ട ഉത്തരവിന് അപേക്ഷ നല്‍കി. സംഭവസ്ഥലത്തെത്തിയ അസിസ്റ്റന്റ് കലക്ടര്‍ ആല്‍ഫ്രഡ് ഐ.എ.എസ് സമാധി പൊളിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. എന്നാല്‍ ഇതിനെതിരെ വീട്ടുകാര്‍ പ്രതിഷേധിച്ചതോടെ സംഘാര്‍ഷാവസ്ഥ കണക്കിലെടുത്താണ് സമാധി പൊളിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.

Content Highlight: Mysterious death in Neyyattinkara; The family is in the High Court demanding that their side be heard