മുംബൈ: പാര്‍ട്ടിയെ പുനര്‍നിര്‍മിക്കുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. മഹാരാഷ്ട്രയില്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പോരാടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കറാടില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും അനുയായികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശരദ് പവാര്‍.
മറ്റ് പാര്‍ട്ടികളെ തകര്‍ക്കാനുള്ള ബി.ജെ.പി തന്ത്രത്തില്‍ നമ്മുടെ ചില പ്രവര്‍ത്തകര്‍ പെട്ടുപോയെന്നും അദ്ദേഹം പറഞ്ഞു. അജിത് പവാര്‍ ഷിന്‍ഡേ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു പവാറിന്റെ പ്രതികരണം.
‘ചില ഗ്രൂപ്പുകള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്തും മഹാരാഷ്ട്രയിലും സമൂഹത്തിലും പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്റെ പോരാട്ടം വര്‍ഗീയ ശക്തികള്‍ക്കെതിരെയാണ്. ഞാന്‍ പാര്‍ട്ടിയെ പുനര്‍നിര്‍മിക്കും,’ അദ്ദേഹം പറഞ്ഞു. വിമതര്‍ക്ക് തിരിച്ചുവരാമെന്നും എന്നാല്‍ അതിന് സമയപരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
എന്‍.സി.പിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവര്‍ എത്തി ചേരേണ്ട ഇടം എവിടെയാണെന്ന് ഞങ്ങള്‍ കാണിച്ച് കൊടുക്കുമെന്നും പവാര്‍ പറഞ്ഞു.
‘രാജ്യത്തും മഹാരാഷ്ട്രയിലും വര്‍ഗീയ വിഭജനം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പോരാടേണ്ടതുണ്ട്. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയും തന്റെ ഉപദേഷ്ടാവുമായ യശ്വന്താരോ ചവാന്റെ സമാരകം അദ്ദേഹം സന്ദര്‍ശിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. പൂനെയില്‍ നിന്നും തിങ്കളാഴ്ച രാവിലെയാണ് കറാടേക്ക് പുറപ്പെട്ടത്. കറാടേക്ക് പോകുന്ന വഴിയില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പിന്തുണയറിയിച്ച് റോഡില്‍ അണിനിരന്നിരുന്നു. കാറാട് ആയിരക്കണക്കിന് അനുകൂലികളാണ് അദ്ദേഹത്തിന് പിന്തുണ അറിയിച്ച് എത്തിയിരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും എത്തിയിരുന്നു.
ഇന്നലെയായിരുന്നു രാജ്ഭവനിലെത്തി അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാറിനൊപ്പം എന്‍.സി.പിയുടെ ഒന്‍പത് എം.എല്‍.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ഏറെ നാളായി എന്‍.സി.പിയില്‍ തുടരുന്ന അധികാര തര്‍ക്കമാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചത്. ശരദ് പവാര്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഈ സമയത്ത് മരുമകന്‍ അജിത് പവാര്‍പാര്‍ട്ടിയില്‍ നേതൃനിരയിലേക്ക് എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ മകള്‍ സുപ്രിയ സുലെയെ പാര്‍ട്ടി നേതൃനിരയിലേക്ക് കൊണ്ടുവരുന്ന നീക്കങ്ങളാണ് പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.