ഗ്രഹാംസ്റ്റയിന്‍സും സ്റ്റാന്‍സ്വാമിയും രക്തസാക്ഷികളായത് വഴക്കാളികളായത് കൊണ്ടല്ല: പാംപ്ലാനിക്ക് മറുപടിയുമായി എം.വി.ജയരാജനും
Kerala News
ഗ്രഹാംസ്റ്റയിന്‍സും സ്റ്റാന്‍സ്വാമിയും രക്തസാക്ഷികളായത് വഴക്കാളികളായത് കൊണ്ടല്ല: പാംപ്ലാനിക്ക് മറുപടിയുമായി എം.വി.ജയരാജനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st May 2023, 4:09 pm

കണ്ണൂര്‍: ഗ്രഹാംസ്റ്റയിന്‍സും ഫാ.സ്റ്റാന്‍ സ്വാമിയും ഗാന്ധിയും കമ്യൂണിസ്റ്റുകാരും രക്തസാക്ഷികളായത് അനാവശ്യമായി കലഹിക്കാന്‍ പോയതുകൊണ്ടല്ലെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി.ജയരാജന്‍. രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയതുകൊണ്ട് കൊല്ലപ്പെട്ടവരാണെന്നും ചിലര്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചവരാണെന്നുമുള്ള തലശ്ശേരി ആര്‍ച്ച് ബിഷച്ച് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഏത് രാഷ്ട്രീയപാര്‍ട്ടിയില്‍ പെട്ടവരെയാണെന്ന് ബിഷപ് വ്യക്തമാക്കിയിട്ടില്ല. ഗാന്ധിജിയെ ആരെങ്കിലുമായി വഴക്കിട്ടതിന്റെ പേരില്‍ പൊലീസ് വെടിവെച്ചു കൊന്നതല്ല. ഗാന്ധിജിയെ ആര്‍.എസ്.എസുകാരനായ, വര്‍ഗീയവാദിയായ നാഥുറാം വിനായക് ഗോഡ്‌സെ വെടിവെച്ചുകൊന്നതാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ രക്തസാക്ഷിയാണ് ഗാന്ധി. അതുകൊണ്ട് തന്നെ പാംപ്ലാനി പറഞ്ഞത് ഗാന്ധിക്ക് ബാധകമല്ല. ഫാ.സ്റ്റാന്‍ സ്വാമി ജയിലില്‍ വെച്ചാണ് മരണപ്പെടുന്നത്. ആവശ്യമായ ചികിത്സയും ഭക്ഷണവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് വെച്ചാണ് അത് സംഭവിച്ചത്.

ഒഡീഷയില്‍ വെച്ച് ഫാ.ഗ്രഹാംസ്റ്റെയിന്‍സിനെയും രണ്ട് കുട്ടികളെയും ചുട്ടെരിച്ച് കൊന്നത് ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണ്. അതു കൊണ്ട് തന്നെ വഴക്കാളികള്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ് എന്നത് ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സമീപകാലത്ത് നടക്കുന്ന വേട്ടകള്‍ നോക്കിയാല്‍ ബിഷപ്പിന് മനസിലാക്കാന്‍ കഴിയും. അതുകൊണ്ട് കൂടിയാണ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടാകുക. അതുകൊണ്ട് വഴക്കാളികളായ ആളുകള്‍ ബിഷപ്പ് പറഞ്ഞത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ്. ഏതായാലും ഗാന്ധിജിക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ബിഷപ്പ് പറഞ്ഞത് ബാധകമല്ല. ബിഷപ്പ് മനസ്സില്‍പോലും അങ്ങനെ കരുതിയിട്ടുണ്ടാകില്ല’ എം.വി.ജയരാജന്‍ പറഞ്ഞു.

രക്തസാക്ഷികളെ അവഹേളിക്കുന്ന തരത്തിലുള്ള ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന കെ.സി.വൈ.എം യുവജന ദിനാഘോഷത്തിനിടെയായിരുന്നു ബിഷപ്പിന്റെ വിവാദ പരമാര്‍ശം. നേരത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും പാംപ്ലാനിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു.

content highlight; MV Jayarajan to Pamplani who insulted the martyrs