കണ്ണൂര്‍: കെ.വി. തോമസ് പുറത്താക്കപ്പെടേണ്ട ഒരാളാണെന്ന് അത് തോന്നുന്നുണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കെ.വി. തോമസ് സി.പി.ഐ.എമ്മിന്റെ സെമിനാറിലാണ് പങ്കെടുക്കുന്നത്, അതിന്റെ പേരില്‍ ഒരാളെ പുറത്താക്കുന്ന പാര്‍ട്ടിയായി മാറുകയാണ് കോണ്‍ഗ്രസെന്നും എം.വി. ജയരാജന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ കാരണം കണ്ണൂരിലുള്ള നേതാക്കളും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയടക്കമുള്ളവര്‍ സി.പി.ഐ.എമ്മിലേക്ക് വന്നപ്പോള്‍ അവരൊന്നും വഴിയാധാരമായിട്ടില്ല. അതുകൊണ്ടാണ് കെ.വി. തോമസ് വഴിയാധാരമാകില്ലെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറില്‍ ബി.ജെ.പിയുടെ ഭരണഘടനാ വിരുദ്ധമായ നിലപാടിനെ തുറന്നുകാണിക്കുന്ന നിലപാടാണ് ശരി. കെ.വി. തോമസുമായി ഇതുവരെ സംസാരിച്ചത് സെമിനാറിനെ കുറിച്ചാണ്. ഇപ്പോള്‍ അദ്ദേഹമെടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്. അദ്ദേഹം വിവാദമുണ്ടായപ്പോഴൊന്നും സെമിനാറിന് വരില്ലെന്ന് പറഞ്ഞിട്ടില്ല,’ എം.വി. ജയരാജന്‍ പറഞ്ഞു.
കണ്ണൂരില്‍ നടക്കുന്ന സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി. തോമസ് വ്യക്തമാക്കിയിട്ടുണ്ട്. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണെന്ന് കെ.വി. തോമസ് പറഞ്ഞു.
സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നു. കേരളത്തിന് പുറത്ത് സി.പി.ഐ.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോകുന്നത്.
മാര്‍ച്ചില്‍ യെച്ചൂരിയുമായി സംസാരിച്ചു. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്, അതുകൊണ്ടാണ് പങ്കെടുക്കാന്‍ അനുമതി തേടിയത്. സമീപകാല തെരഞ്ഞെടുപ്പുകളൊന്നും കോണ്‍ഗ്രസിന് അനുകൂലമല്ല. രാഹുല്‍ ഗാന്ധിയടക്കം സി.പി.ഐ.എം യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എല്ലാ സ്ഥാനങ്ങളും കെ.വി. തോമസിന് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി കെ.വി. തോമസിന്റെ വാര്‍ത്താ സമ്മേളനത്തിന് ശേഷം പറഞ്ഞത്.
മൂന്ന് വര്‍ഷത്തോളം കോണ്‍ഗ്രസ് മന്ത്രിയായിരുന്നയാളാണ് അദ്ദേഹം, 22 വര്‍ഷത്തോളം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് പാര്‍ലമെന്റ് അംഗമായ ആളാണ് അദ്ദേഹം, പ്രധാനപ്പെട്ട വകുപ്പായ സിവില്‍ സപ്ലൈസും അദ്ദേഹത്തിന് കൊടുത്തു. നിരവധി ചുമതലകളും സ്ഥാനങ്ങളും കൊടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ താന്‍ നിരാശനാണെന്നും ഈ പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും പറഞ്ഞാല്‍ എന്താണതില്‍ നിന്ന് മനസിലാക്കേണ്ടത്. ഒരു വ്യക്തിക്ക് ഒരു ജന്മം ഒരു പാര്‍ട്ടിയില്‍ നിന്ന് കിട്ടാവുന്നതിന്റെ മാക്സിമം അദ്ദേഹത്തിന് കിട്ടി. ഇനിയെന്താണ് അദ്ദേഹം ആഗ്രിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: MV Jayarajan speaks about KV Thomas and congress