icc world cup
മൂവരെയും കളിപ്പിക്കാന്‍ പറ്റില്ല, ജഡേജ ഓള്‍റൗണ്ടറായി വരുമ്പോള്‍... ഇന്ത്യന്‍ ടീമിനെ കുറിച്ച് മുത്തയ്യ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 07, 11:06 am
Thursday, 7th September 2023, 4:36 pm

ഒക്ടോബറില്‍ നടക്കാന്‍ പോവുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ രണ്ട് സ്പിന്നര്‍മാര്‍ മാത്രം മതിയെന്ന് ശ്രീലങ്കന്‍ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന്‍.

കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നീ മൂന്ന് ഇടംകയ്യന്‍ സ്പിന്നര്‍മാരെയാണ് ഇന്ത്യ ലോകകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും തമ്മിലുള്ള ബൗളിങ്ങിലെ കൂട്ടുകെട്ട് ഇന്ത്യക്ക് കൂടുതല്‍ അനുകൂലമാവുമെന്നും, ജഡേജയും കുല്‍ദീപും കളിക്കുകയാണെങ്കില്‍, ഒരു ഓഫ് സ്പിന്നറും ഒരു റിസ്റ്റ് സ്പിന്നറും ആണ് ഇന്ത്യക്ക് ലഭിക്കുകയെന്നും മുരളീധരന്‍ പറഞ്ഞു. പി.ടി.ഐ.ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുത്തയ്യ ഇത് പറഞ്ഞത്.

 

 

 

‘ഒരു ടീമില്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ കഴിയില്ല. രണ്ട് സ്പിന്നര്‍മാര്‍ക്ക് മാത്രമേ കളിക്കാന്‍ കഴിയൂ. ജഡേജ ഓള്‍റൗണ്ടറായി വരുമ്പോള്‍ ഒരു സ്പിന്നര്‍ക്ക് കൂടി കളിക്കാനാകും. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും തമ്മിലുള്ള ബൗളിങ്ങിലെ കൂട്ടുകെട്ട് ഇന്ത്യക്ക് കൂടുതല്‍ അനുകൂലമാകും ജഡേജയും കുല്‍ദീപും കളിക്കുകയാണെങ്കില്‍, ഒരു ഓഫ് സ്പിന്നറും ഒരു റിസ്റ്റ് സ്പിന്നറും ടീമിനൊപ്പമുണ്ടാകും,’ മുരളീധരന്‍ പറഞ്ഞു.

യുസ്വേന്ദ്ര ചഹലിനെ ഒഴിവാക്കിയതിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, ചഹലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുല്‍ദീപ് യാദവും അക്സര്‍ പട്ടേലും മികച്ചതാണെന്നും ഇത് ശരിയായ തെരഞ്ഞെടുക്കല്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍. അശ്വിന്റെയും ചഹലിന്റെയും നിലവിലെ ഫോം തനിക്കറിയില്ലെന്നും ടി-20 യും ഏകദിനവും വ്യത്യസ്തമായതിനാല്‍ ഫോര്‍മാറ്റുകള്‍ നോക്കി ഒരു കളിക്കാരന്റെ ഫോം പരിശോധിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ക്രിക്കറ്റ് താരങ്ങള്‍ക്കും ലോകകപ്പ് കളിക്കുക എന്ന് പറയുന്നത് ഏറ്റവും പ്രധാനമാണ്. കഴിഞ്ഞ രണ്ട് എഡിഷനുകളായി ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും വിജയിച്ചവരെക്കാള്‍ അനുകൂല സാഹചര്യം ഏഷ്യന്‍ ടീമുകള്‍ക്ക് ഉണ്ടാകുമെന്നും മറ്റുള്ളവരെക്കാള്‍ ഹോം എന്ന നേട്ടം ആസ്വദിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Muttiah Muralitharan about Indian spinners