മുത്തയ്യ മുരളീധരനാകുന്നതില്‍ വിജയ് സേതുപതിയ്ക്ക് എന്താണ് തടസം? 800 സിനിമയ്ക്ക് പിന്നിലെ വിവാദങ്ങള്‍ എന്ത്?
800 Movie
മുത്തയ്യ മുരളീധരനാകുന്നതില്‍ വിജയ് സേതുപതിയ്ക്ക് എന്താണ് തടസം? 800 സിനിമയ്ക്ക് പിന്നിലെ വിവാദങ്ങള്‍ എന്ത്?
ജിതിന്‍ ടി പി
Monday, 19th October 2020, 7:36 pm

ചലച്ചിത്രപ്രേമികളും ക്രിക്കറ്റ് പ്രേമികളും ഒരുപോലെ കാത്തിരുന്ന സിനിമയായിരുന്നു സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന 800 എന്ന ചിത്രം. ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച സ്പിന്നറിലൊരാളായ മുരളീധരന്റെ ജീവിതം സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണെന്നതും എല്ലാവരേയും ആവേശഭരിതരാക്കിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും വിജയ് സേതുപതി പിന്‍മാറിയതോടെ 800 ന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

എന്താണ് 800 സിനിമയ്ക്ക് പിന്നിലെ വിവാദം? ക്രിക്കറ്റിനെ മതമായി കാണുന്ന ഇന്ത്യയില്‍ എന്തുകൊണ്ടാണ് ഒരു ക്രിക്കറ്റ് താരത്തിന്റെ ജീവിതം പറയുന്ന സിനിമയ്ക്ക് ഇത്തരം വിവാദങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നത്?

ശ്രീലങ്കന്‍ സിവില്‍ യുദ്ധവും മുരളിയും

ശ്രീലങ്കന്‍ താരമാണെങ്കിലും ഇന്ത്യന്‍ തമിഴ് വംശജനാണ് മുരളീധരന്‍. ബ്രിട്ടിഷിന്ത്യയില്‍ നിന്ന് ലങ്കയിലേക്ക് കുടിയേറിപാര്‍ത്തവരാണ് മുരളിയുടെ മുന്‍ഗാമികള്‍. റബ്ബര്‍, തേയില പ്ലാന്റുകളിലെ തൊഴിലാളികളായിരുന്നു മുരളിയുടെ കുടുംബാംഗങ്ങള്‍. എസ്റ്റേറ്റ് തമിഴര്‍ എന്ന് വിളിക്കപ്പെട്ട ഇവര്‍ ശ്രീലങ്കയുടെ മധ്യഭാഗത്തായിരുന്നു കേന്ദ്രീകരിച്ചിരുന്നത്.

ലങ്കയുടെ വടക്ക്-കിഴക്ക് താമസിച്ചിരുന്ന ജാഫ്‌ന തമിഴരായിരുന്നു ഇവിടത്തെ യഥാര്‍ത്ഥ നിവാസികള്‍ എന്നായിരുന്നു അവര്‍ സ്വയം വിശ്വസിച്ചിരുന്നത്. പഴയ ജാഫ്ന രാജ്യത്തിന്റെ പിന്‍ഗാമികളാണ് തങ്ങള്‍ എന്നായിരുന്നു അവര്‍ പ്രഖ്യാപിച്ചത്.

ശ്രീലങ്കന്‍ തമിഴരും ഇന്ത്യന്‍ വംശജരായ ശ്രീലങ്കന്‍ തമിഴരും ഒരേ ഭാഷ സംസാരിക്കുന്നവരും ഹിന്ദുക്കളുമായിരുന്നെങ്കിലും ലങ്കന്‍ രാഷ്ട്രീയത്തില്‍ ഇവര്‍ക്കുള്ള സ്വാധീനം വ്യത്യസ്തമായിരുന്നു.

ശ്രീലങ്കന്‍ തമിഴര്‍ എന്നറിയപ്പെടുന്ന വെള്ളലാര്‍ വിഭാഗക്കാര്‍ എസ്റ്റേറ്റ് തമിഴരെ തങ്ങള്‍ക്ക് തുല്യരായി കണക്കാക്കിയിരുന്നില്ല. താഴ്ന്ന സമുദായക്കാര്‍ എന്ന പരിഗണനയായിരുന്നു അവര്‍ക്ക് ലഭിച്ചിരുന്നത്.

1948 ല്‍ എസ്റ്റേറ്റ് തമിഴരുടെ പൗരത്വവും വോട്ടവകാശവും ശ്രീലങ്കന്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ലങ്കയുടെ മധ്യഭാഗത്തെ തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമെന്ന് സിംഹളര്‍ ഭയപ്പെട്ടിരുന്നു. എസ്റ്റേറ്റ് തമിഴര്‍ ഇടതുരാഷ്ട്രീയത്തോട് അനുഭാവം പ്രകടിപ്പിച്ചതും ഇതിന് കാരണമായി. 1990 കളിലാണ് എസ്റ്റേറ്റ് തമിഴര്‍ക്ക് പൗരത്വം തിരികെ ലഭിക്കുന്നത്.

ഈലം തമിഴരും എസ്റ്റേറ്റ് തമിഴരും തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും ഇരുവരും സിംഹളീസ് ആക്രമണത്തെ ഒരുപോലെ അഭിമുഖീകരിക്കേണ്ടിവന്നു.

സമൂഹത്തിലെ സമ്പന്നരായ ചുരുക്കം കുടുംബങ്ങളില്‍ ഒരാളായിരുന്നു മുത്തയ്യ മുരളീധരന്‍. എന്നാല്‍ 1977 ലും 1983 ലും മുരളീധരന്റെ കുടുംബത്തിന് തമിഴ് വിരുദ്ധ ജനക്കൂട്ടത്തിന്റെ ആക്രമണം നേരിടേണ്ടി വന്നു. അവരുടെ വീടും ഫാക്ടറികളും ആക്രമിക്കപ്പെട്ടു.

ലങ്കന്‍ ക്രിക്കറ്റ് ടീമിലെത്തിയതോടെ മുരളി ആഘോഷിക്കപ്പെട്ടു. എന്നാല്‍ ബൗളിംഗ് ആക്ഷന്റെ പേരില്‍ മുരളി വിവാദങ്ങളില്‍പ്പെട്ടു. കരിയറിന്റെ അവസാനഘട്ടത്തില്‍ രാജ്യം കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍ എന്ന തലത്തിലേക്ക് മുരളി വളര്‍ന്നിരുന്നു.

എന്നാല്‍ ക്രിക്കറ്റിന് പുറത്തെ മുരളി എന്നും വിവാദങ്ങളില്‍ തന്നെയായിരുന്നു. സിവില്‍ യുദ്ധക്കാലത്തും അതിന് ശേഷവും തമിഴര്‍ക്കായി ഒന്നും ചെയ്തില്ലെന്ന വിമര്‍ശനം മുരളിയ്ക്ക് നേരിടേണ്ടിവന്നു. തമിഴ്‌നാട്ടില്‍ അക്കാലത്ത് തന്നെ മുരളിയ്ക്ക് നേരെ വലിയ പ്രതിഷേധം പൊട്ടിപുറപ്പെട്ടു.

രക്തരൂക്ഷിതമായ സിവില്‍ യുദ്ധക്കാലത്ത് നടന്ന തമിഴ് വംശഹത്യയില്‍ മുരളി നിശബ്ദനായിരുന്നെന്നും പില്‍ക്കാലത്ത് രജപക്‌സെയുടെ ഉറച്ച പിന്തുണയ്ക്കാരനായെന്നുമുള്ള വിമര്‍ശനം മുരളിയ്ക്ക് നേരിടേണ്ടിവന്നു.

എന്നാല്‍ താന്‍ വംശഹത്യയെ പിന്തുണച്ചിട്ടില്ലെന്നും സിംഹളീസ് ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ മറ്റുള്ളവര്‍ ന്യൂനപക്ഷമാണെന്നത് സത്യമാണെന്നും തന്റെ കുടുംബം സ്വയം രണ്ടാം നിര പൗരന്‍മാരാണെന്ന തരത്തിലാണ് ജീവിച്ചതെന്നും അത് സ്വാഭാവികമാണെന്നുമായിരുന്നു മുരളിയുടെ പ്രതികരണം.

ഡിസംബറില്‍ മുരളീധരന്‍ രാജപക്‌സെയെ കാര്യക്ഷമനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കുകയും ശ്രീലങ്കന്‍ തമിഴരുടെ കാര്യങ്ങളില്‍ ഇടപെട്ടതിന് തമിഴ്നാട് രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തുകയും ചെയ്തു. ശ്രീലങ്കക്കാരുടെ പ്രശ്‌നങ്ങള്‍ തമിഴ്നാട് രാഷ്ട്രീയക്കാര്‍ക്ക് മനസ്സിലാകുന്നില്ലെന്നും ലങ്കന്‍ സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു മുരളി പറഞ്ഞത്.

മുരളിയും 800 ഉം പിന്നെ വിജയ് സേതുപതിയും

1990 കളുടെ തുടക്കത്തില്‍ ക്രിക്കറ്റ് മൈതാനത്തേക്ക് വന്ന താരമാണ് മുത്തയ്യ മുരളീധരന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, ഇന്‍സമാം ഉള്‍ ഹഖ്, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ജാക്വിസ് കാലിസ് എന്നീ ഇതിഹാസ താരങ്ങള്‍ ബാറ്റിംഗ് റെക്കോഡുകള്‍ ഓരോന്നായി സ്വന്തമാക്കുമ്പോള്‍ മറുവശത്ത് ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ, ഗ്ലെന്‍ മക്ഗ്രാത്ത്, വസീം അക്രം എന്നിവര്‍ക്കൊപ്പം വിക്കറ്റെടുത്ത് നേട്ടം കൊയ്യാന്‍ മുത്തയ്യ മുരളീധരനുമുണ്ടായിരുന്നു.


ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം മുരളീധരനാണ്. 800 വിക്കറ്റാണ് മുരളി ക്രിക്കറ്റിന്റെ ലോംഗ് ഫോര്‍മാറ്റില്‍ നേടിയത്. 2002ല്‍ വിസ്ഡന്‍ ക്രിക്കറ്റേര്‍സ് അല്‍മനാക്ക് ഇദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് ബൗളറായി തെരഞ്ഞെടുത്തു.

ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് നേട്ടത്തിന്റെ പേരാണ് അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന സിനിമയ്ക്കും നല്‍കിയിരുന്നത്. എം.എസ് ശ്രീപതിയാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. മികച്ച നടന്‍ എന്ന പേര് ഇതിനോടകം നേടിയ വിജയ് സേതുപതി മുരളീധരനാകുന്നു എന്നതും ചിത്രത്തിന് വലിയ സ്വീകാര്യത നല്‍കി.

എന്നാല്‍ പൊടുന്നനെ ഗതിമാറി. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ വിവാദങ്ങളും തലപൊക്കി. തമിഴ് വംശജര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ശ്രീലങ്കയിലെ ഒരു ക്രിക്കറ്റ് താരത്തെ പറ്റിയുള്ള സിനിമ എന്തിനാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതെന്നായിരുന്നു പ്രധാനചോദ്യം.

മുരളീധരനെ വെള്ളപൂശാന്‍ വിജയ് സേതുപതി കൂട്ടുനില്‍ക്കരുതെന്നും ഒരു തമിഴന്‍ എന്ന നിലയില്‍ വിജയ് സേതുപതി ഈ കഥാപാത്രം ചെയ്യരുതായിരുന്നെന്നും ചിലര്‍ വിമര്‍ശിച്ചു.

ഏറ്റവുമൊടുവില്‍ വിജയ് സേതുപതി സിനിമയില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. മുരളിയും വിജയ് സേതുപതിയോട് സിനിമ വിടാന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muttiah Muralitharan 800 Movie Vijay Sethupathi Controversy

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.