കോഴിക്കോട്: വെല്‍ഫെയര്‍ ബന്ധം അടഞ്ഞ അധ്യായമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും വര്‍ഗീയ കക്ഷികളെ എതിര്‍ക്കല്‍ ലീഗ് നയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെല്‍ഫെയര്‍ ഇത്തവണ ലീഗിനെതിരെയാണ് മത്സരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
‘ആര്‍.എസ്.എസോ വെല്‍ഫെയര്‍ പാര്‍ട്ടിയോ ഇനി മറ്റു പാര്‍ട്ടികളോ ആയാലും ലീഗിനെ സംബന്ധിച്ചിടത്തോളം കാലകാലങ്ങളായി ഞങ്ങള്‍ അവരെ എതിര്‍ത്തിട്ടുണ്ട്. ആ എതിര്‍പ്പ് താത്വികമാണ്. അത് ഇനിയും തുടരും,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെല്‍ഫയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ബന്ധം വേണ്ടിയിരുന്നില്ലെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞിരുന്നു. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധത്തിന് താന്‍ എതിരാണെന്നും ആര്യാടന്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയേയും ആര്‍.എസ്.എസിനെയും ഒരുപോലെ എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വം ഉയര്‍ത്തി പിടിച്ചാലേ കോണ്‍ഗ്രസിന് ജയിക്കാനാകൂ. കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങിയെന്ന ആരോപണം തെറ്റാണെന്നും ലീഗിന് വര്‍ഗീയ മുഖമാണെന്ന പ്രചാരണം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്യാടന്‍ മുഹമ്മദ് പറഞ്ഞ ഇക്കാര്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. അതേസമയം സി.പി.ഐ.എമ്മിനെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനമുയര്‍ത്തി. നേമത്ത് മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സി.പി.ഐ.എം – ബി.ജെ.പി ബന്ധം പുറത്തായി. പല കാര്യങ്ങളിലും ബി.ജെ.പിക്കും സി.പി.ഐ.എമ്മിനും ഒരേ നിലപാടാണ്. ഇരു പാര്‍ട്ടികളും തമ്മില്‍ നേരത്തെ ബന്ധമുണ്ട്. അതാണ് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ തുറന്നുപറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സി.പി.ഐ.എം വര്‍ഗീയത ഉയര്‍ത്തി പ്രചാരണം നടത്തി. ബി.ജെ.പിയെ കൂട്ടുപിടിച്ചായിരുന്നു പ്രചാരണം. അത് കേരളത്തില്‍ വിലപ്പോവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണമാറ്റമാണ് കേരളത്തില്‍ ‘ഉറപ്പുള്ള കാര്യം’. ഭരണമാറ്റത്തിനായി ജനങ്ങള്‍ വോട്ട് ചെയ്യും. യു.ഡി.എഫില്‍ ഇത്തവണ തര്‍ക്കം കുറവാണെന്നും ഇടതുമുന്നണിയില്‍ പോലും പരസ്യപ്രതിഷേധമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക