കോഴിക്കോട്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനുള്ള എസ്.ഡി.പി.ഐയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. എസ്.ഡി.പി.ഐ ഒറ്റക്ക് മത്സരിക്കുന്നതോടെ കോണ്‍ഗ്രസ് വോട്ടാണ് വിഭജിക്കാന്‍ പോകുന്നതെന്നും കര്‍ണാടകയില്‍ ഇത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ 100 സീറ്റില്‍ എസ്.ഡി.പി.ഐ ഒറ്റക്ക് മത്സരിക്കുന്നവെന്ന വാര്‍ത്ത പങ്കുവെച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ബി.ജെ.പി എസ്.ഡി.പി.ഐയെ നിരോധിക്കാത്തത് തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നേട്ടത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എസ്.ഡി.പി.ഐ ഒറ്റക്ക് മത്സരിച്ചാല്‍ കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ പറ്റുമോ? പറ്റില്ല. ഒരു സീറ്റെങ്കിലും വിജയിക്കാന്‍ പറ്റുമോ?
പറ്റില്ല.
എസ്.ഡി.പി.ഐ മത്സരിച്ചാല്‍ ബി.ജെ.പി വോട്ടുകള്‍ ഭിന്നിക്കുമോ?
ഇല്ല. എസ്.ഡി.പി.ഐ മത്സരിക്കുന്നത് മൂലം ആരുടെ വോട്ടുകളാണ് ഭിന്നിക്കാന്‍ പോകുന്നത്? കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍.