ന്യൂദല്‍ഹി: അലിഗഢ് റെയില്‍വേ സ്റ്റേഷനില്‍ മുസ്‌ലിം കുടുംബത്തിനെതിരെ ആള്‍ക്കൂട്ട ആക്രമണം. കന്നൗജില്‍ നിന്ന് യാത്ര ചെയ്ത നാലുപേരടങ്ങുന്ന കുടുംബത്തെയാണ് പതിനഞ്ചോളം പേരടങ്ങുന്ന സംഘം ആക്രമിച്ചത്.
ഞായറാഴ്ചയായിരുന്നു സംഭവം. എന്താണ് ആക്രമണത്തിനു കാരണമെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം അവര്‍ മുസ്‌ലിങ്ങളായതിനാലാണ് ആക്രമിക്കപ്പെട്ടതെന്നാണ് സംഭവത്തിനു ദൃക്‌സാക്ഷിയായ ഫര്‍ഹാന്‍ സുബേരി എന്നയാള്‍ പറഞ്ഞത്.
കാവിവസ്ത്രം ധരിച്ചവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് ആക്രമിച്ചതെന്ന് ഫര്‍ഹാന്‍ പറഞ്ഞു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് യാത്ര ചെയ്തത്. അലിഗഢിലെ ആശുപത്രിയിലേക്കാണ് ഇവര്‍ യാത്ര ചെയ്തത്.
ആക്രമിക്കപ്പെട്ട ശേഷം അവരെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലാണു പ്രവേശിപ്പിച്ചത്. ഒരാള്‍ക്ക് തലയില്‍ പരിക്കേറ്റിട്ടുണ്ട്.
അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് അന്വേഷിക്കന്നുണ്ട്.