ജീപ്പിൽ നിന്ന് ഞാൻ പുറത്തേക്ക് ചാടിയപ്പോൾ അദ്ദേഹത്തിനത് ഇഷ്ടമായി, അതൊരു മികച്ച ഷോട്ടായി മാറി: മോഹൻലാൽ
Entertainment
ജീപ്പിൽ നിന്ന് ഞാൻ പുറത്തേക്ക് ചാടിയപ്പോൾ അദ്ദേഹത്തിനത് ഇഷ്ടമായി, അതൊരു മികച്ച ഷോട്ടായി മാറി: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th January 2025, 11:45 am

നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ കരിയറില്‍ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല.

തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമ ഈയിടെ തിയേറ്ററിൽ എത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമ നേടുന്നത്.

മലയാളത്തിൽ വ്യത്യസ്ത സിനിമകൾ ഒരുക്കിയ സംവിധായകൻ ഐ.വി ശശിയെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. ദേവാസുരമടക്കമുള്ള ഹിറ്റ് സിനിമകൾ ഈ കൂട്ടുകെട്ടിൽ നിന്ന് പിറന്നവയായിരുന്നു. ഐ.വി ശശിക്കൊപ്പം ചെയ്ത അഹിംസ, ഉയരങ്ങളിൽ എന്നീ സിനിമകളെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു

അഹിംസയിലെ ആദ്യ ഷോട്ടിൽ താനൊരു ജീപ്പിൽ നിന്ന് ചാടുന്നതായാണെന്നും എന്നാൽ ശശി സാർ അങ്ങനെ പറഞ്ഞിട്ടില്ലായിരുന്നുവെന്നും മോഹൻലാൽ പറയുന്നു. അദ്ദേഹത്തിന് തന്റെ പ്രകടനം നന്നായി ഇഷ്ട്ടമായെന്നും അതുപോലെ ഉയരങ്ങളിൽ എന്ന ചിത്രം തനിക്ക് ഒരുപാട് നേട്ടം ഉണ്ടാക്കി തന്ന സിനിമയാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

അഹിംസ എന്ന ചിത്രത്തിലെ എന്റെ ആദ്യ ഷോട്ട് ഞാനിപ്പോഴും ഓർക്കുന്നു. വില്ലനായ ഞാൻ തുറന്ന ഒരു ജീപ്പിൽ വന്നിറങ്ങുന്നതായിരുന്നു രംഗം. ജീപ്പ് നിർത്തിയ ശേഷം ഇറങ്ങിവരാനാണ് ശശിയേട്ടൻ പറഞ്ഞത്. ഡ്രൈവറുടെ സീറ്റിൽനിന്നും ഞാൻ പെട്ടെന്ന് പുറത്തേക്ക് ചാടി. അങ്ങനെ ചെയ്യാനാണ് എനിക്കപ്പോൾ തോന്നിയത്. ശശിയേട്ടന് അത് വളരെ ഇഷ്ടമായി. എന്തിനാണ് അങ്ങനെ ചെയ്‌തതെന്ന് ചോദിച്ചില്ല. ക്യാമറയിൽ അത് മികച്ച ഒരു ദൃശ്യമായി പകർത്തപ്പെട്ടു.

അഹിംസയ്ക്ക് ശേഷം ഏതാണ്ട് ഇരുപതോളം സിനിമകളിൽ ഞങ്ങൾ ഒരുമിച്ചു. എന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായി മാറിയ പല ചിത്രങ്ങളും അതിലുണ്ടായിരുന്നു. എം.ടി.സാറിൻ്റെയും ടി. ദാമോദരൻ മാസ്റ്ററുടെയും ജോൺപോളിന്റെയും രഞ്ജിത്തിന്റെയുമൊക്കെ തിരക്കഥയിൽ രൂപംകൊണ്ട ആ ചിത്രങ്ങൾ കലാമൂല്യങ്ങളും വാണിജ്യതന്ത്രങ്ങളും സമന്വയിച്ചതായിരുന്നു.

ഉയരങ്ങളിൽ‘ എന്ന ചിത്രം ആദ്യകാലത്ത് എനിക്ക് ഒരുപാട് നേട്ടങ്ങളുണ്ടാക്കിത്തന്ന സിനിമയാണ്. അതിലെ ആന്റിഹീറോയായ ജയരാജനെക്കുറിച്ച് ശശിയേട്ടൻ എപ്പോഴും സംസാരിക്കുമായിരുന്നു,’മോഹൻലാൽ പറയുന്നു.

 

Content Highlight: Mohanlal About Movies With iv Sasi