World News
ബൈഡനെതിരെ പ്രതിഷേധവുമായി സ്വിങ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുസ്‌ലിം അമേരിക്കന്‍ പൗരന്മാര്‍
ന്യൂയോര്‍ക്ക്: ഇസ്രഈല്‍-ഫലസ്ഥീന്‍ സംഘര്‍ഷത്തില്‍ ജോ ബൈഡന്റെ നിലപാടിലും തീരുമാനങ്ങളിലും പ്രതിഷേധം അറിയിച്ച് അമേരിക്കയിലെ സ്വിങ് (ബൈഡന് നേരിയ ഭൂരിപക്ഷമുള്ള) സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം മുസ്‌ലിം അമേരിക്കന്‍ പൗരന്മാര്‍.
അരിസോണ, ജോര്‍ജിയ, ഫ്‌ലോറിഡ, മിഷിഗണ്‍, മിനസോട്ട, നെവാഡ, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ‘ബൈഡനെ ഉപേക്ഷിക്കുക’ എന്ന് പ്രചരണം നടത്തി. ഡിയര്‍ബോണിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
യു.എസിലെ എല്ലാ സ്വിങ് സംസ്ഥാനങ്ങളെയും തമ്മില്‍ ഒന്നിപ്പിക്കുന്നതിനുള്ള ഒരു സംവിധാനത്തെ കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്ന് മിനസോട്ട സര്‍വകലാശാലയിലെ പ്രൊഫസറായ ഹസന്‍ അബ്ദുല്‍ സാല പറഞ്ഞു. അതിലൂടെ ഈ സംസ്ഥാനങ്ങളിലൂടെ മുസ്‌ലിം അമേരിക്കക്കാരെ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും സാല ചൂണ്ടിക്കാട്ടി.
ഒരു പ്രത്യേക മെക്കാനിസത്തിലൂടെ ബൈഡന് എതിരായി തങ്ങള്‍ നിരന്തരം പ്രവര്‍ത്തിക്കുമെന്നും അതിലൂടെ അമേരിക്കന്‍ പ്രസിഡന്റിന് പല വിഷയങ്ങളിലും നഷ്ടങ്ങള്‍ സംഭവിച്ചേക്കാമെന്നും പ്രൊഫസര്‍ സാല പറഞ്ഞു.
പണം മാത്രമല്ല യഥാര്‍ത്ഥ വോട്ടുകളും തങ്ങള്‍ക്കുണ്ടെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സിന്റെ (സി.എ.ഐ.ആര്‍) ഡയറക്ടര്‍ ജയ്‌ലാനി ഹുസൈന്‍ ചൂണ്ടിക്കാട്ടി. അമേരിക്കയെ രക്ഷിക്കാന്‍ തങ്ങള്‍ ആ വോട്ടുകള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഒരു സൈനിക വ്യാവസായിക സമുച്ചയമായി ഉയര്‍ത്തുന്നതിലൂം തങ്ങളെ യുദ്ധത്തിലേക്ക് നയിക്കുന്നതിലും നിന്ന് ഭരണകൂടത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും ജയ്‌ലാനി ഹുസൈന്‍ പറഞ്ഞു. ജീവിത മൂല്യങ്ങളില്‍ തടസം വരുത്തുന്നതിനെതിരെയും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രഈലിനെതിരെ വാഷിങ്ടണ്‍ കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപെടുന്നതിലൂടെ കോണ്‍ഗ്രസ് പ്രോഗ്രസീവ് കോക്കസ് ഉള്‍പ്പെടെയുള്ള മുസ്‌ലിം, ഇടതുപക്ഷ ഗ്രൂപ്പുകളില്‍ നിന്ന് ബൈഡനും, മറ്റു ഉന്നത യു.എസ് ഉദ്യോഗസ്ഥരും സമ്മര്‍ദം നേരിടുന്നുണ്ട്.