Entertainment news
എമര്‍ജന്‍സി സിറ്റുവേഷനിലും കൂളായാണ് ജീവ എന്നോട് സംസാരിച്ചത്, ഇക്കാലത്ത് ആരും ചെയ്യാന്‍ മടിക്കുന്ന കാര്യമാണത്: ഷാന്‍ റഹ്മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 01, 09:34 am
Thursday, 1st June 2023, 3:04 pm

അവതാരകന്‍ ജീവയുമായുള്ള അനുഭവം പങ്കുവെക്കുകയാണ് ഷാന്‍ റഹ്മാന്‍. തനിക്ക് ആക്‌സിഡന്റ് പറ്റിയപ്പോള്‍ ജീവയുടെ സഹായം തനിക്ക് വളരെ ഉപകാരപ്പെട്ടുവെന്നും ഇക്കാലത്ത് ആരും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് ജീവ ചെയ്തതെന്നും ഷാന്‍ പറഞ്ഞു.

ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനും ജീവയും വളരെ ക്ലോസാണ്. എനിക്കൊരു ആക്‌സിഡന്റ് ഉണ്ടായപ്പോള്‍ ജീവയാണവിടെ ആദ്യമെത്തിയത്. പാതിരാത്രി എന്നെ ആക്‌സിഡന്റ് സീനില്‍ നിന്നും മാറ്റി എന്നോട് വീട്ടില്‍ പൊക്കോളാന്‍ പറഞ്ഞു. അതൊന്നും ഇക്കാലത്ത് ആരും ചെയ്യില്ല. അങ്ങനെയുള്ളൊരു ബന്ധമാണ് ഞാനും ജീവയും തമ്മില്‍.

ഞാന്‍ വളരെ ആഗ്രഹിച്ച് വാങ്ങിച്ചൊരു വണ്ടിയായിരുന്നു റേഞ്ച് റോവര്‍. ഞാന്‍ വണ്ടി വാങ്ങിച്ചത് വളരെ മോഹിച്ച്, പൈസയൊക്കെ കൂട്ടിവെച്ച് കൊണ്ടൊക്കെയാണ്. ഒരു വണ്ടിയെടുക്കുമ്പാള്‍ ഒരുപാട് അതിനെപ്പറ്റിമാത്രം ചിന്തിക്കുകയും എത്രയോ രാത്രികള്‍ ഉറങ്ങാതെയിരുന്നിട്ടുമുണ്ട്.

എനിക്ക് മാത്രമല്ല, മകനും അങ്ങനെതന്നെയായിരുന്നു. പപ്പാ, എപ്പോഴാണ് വണ്ടിയുടെ ഡെലിവറി എന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കുമായിരുന്നു. പക്ഷേ അത്ര മോഹിച്ച് വാങ്ങിയ വണ്ടി എനിക്ക് വെറും എട്ട് മാസം മാത്രമേ ഉപയോഗിക്കാന്‍ കഴിഞ്ഞുള്ളു, ‘ ഷാന്‍ പറഞ്ഞു.

തന്റെ ജീവിതത്തിലാദ്യമായാണ് അങ്ങനെയൊരു അനുഭവമുണ്ടാകുന്നതെന്നും എമര്‍ജന്‍സി സിറ്റുവേഷനിലും വളരെ കൂളായാണ് ജീവ തന്നോട് സംസാരിച്ചതെന്നും ഷാന്‍ പറഞ്ഞു.

‘വണ്ടി ഇടിച്ചു തരിപ്പണമായിപ്പോയി. ഞാന്‍ വണ്ടിയുടെ പൊളിഞ്ഞുപോയ മുന്‍ഭാഗം നോക്കിനിന്നത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. എനിക്ക് എതിരെ ഒരു വണ്ടി പെട്ടെന്ന് കയറിവന്നപ്പോള്‍ ഞാന്‍ വെട്ടിച്ചുകളഞ്ഞതാണ്. അതല്ലാതെ വേറെയൊരു നിവര്‍ത്തിയുമില്ലായിരുന്നു.

റോഡ് സൈഡിലുള്ള മതിലും ഇലക്ട്രിക്ക് പോസ്റ്റുമെല്ലാം തകര്‍ന്നുപോയിരുന്നു. ആകെ മൊത്തം ഒരു മോശം അവസ്ഥയായിരുന്നു. എന്റെ ജീവിതത്തിലാദ്യമായാണ് അങ്ങനെയൊരു അനുഭവമുണ്ടാകുന്നത്. ആ വണ്ടിയായത് കൊണ്ട് മാത്രമാണ് ഞാനിന്ന് ജീവനോടെയിരിക്കുന്നത്.

ദുബൈയിലുള്ള ഏതോ ഒരാളാണ് ജീവയെ വിളിച്ചു വിവരം പറയുന്നത്. അവന്‍ തൊട്ടടുത്ത് ഒരു ഷൂട്ടിലായിരുന്നു. ഒരു എമര്‍ജന്‍സി സിറ്റുവേഷനില്‍ നമ്മളോട് ആളുകള്‍ സംസാരിക്കുന്ന രീതി വളരെ പ്രധാനപ്പെട്ടതാണ്. അവന്‍ വളരെ കൂളായാണ് എന്നോട് സംസാരിച്ചത്.

എനിക്കെന്തെങ്കിലും പറ്റിയോയെന്ന് ചോദിക്കുകയും ഒന്നും പറ്റിയില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇതാ വരുന്നു എന്നും പറഞ്ഞ് അവന്‍ വന്നു. അത് കേട്ടപ്പോള്‍ ഞാന്‍ വളരെ കൂളായി.

എന്നിട്ട് എന്നെ സ്റ്റുഡിയോയില്‍ ഡ്രോപ് ചെയ്തിട്ട് ബാക്കിയുള്ള കാര്യങ്ങളെല്ലാം അവനും പിന്നെ അവന്റെ ഒരു സുഹൃത്തും കൂടിയാണ് നോക്കിയത്, ‘ ഷാന്‍ പറഞ്ഞു.


Content Highlights: Music Director Shan Rahman about jeeva