ന്യൂദല്‍ഹി: യു.എസില്‍ നിന്ന് നാടുകടത്തിയ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ രണ്ട് പേര്‍ കൊലപാതക കേസില്‍ അറസ്റ്റില്‍. അമൃത്സർ വിമാനത്താവളത്തിൽ നിന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ശനിയാഴ്ച രാത്രി 11:40ന് യു.എസില്‍ നിന്നുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരെ വഹിച്ചുള്ള രണ്ടാമത്തെ സൈനിക വിമാനം അമൃത്സറില്‍ എത്തിയിരുന്നു. 119 പൗരന്മാരെ സി-17 ഗ്ലോബ്മാസ്റ്റര്‍ III എന്ന യു.എസ് സൈനിക വിമാനത്തിലാണ് ഇന്ത്യയിലെത്തിച്ചത്.
ഇവരില്‍ രണ്ട് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സന്ദീപ് സിങ് എന്ന സണ്ണിയും പ്രദീപ് സിങ്ങുമാണ് അറസ്റ്റിലായത്. 2023ല്‍ രാജ്പുരയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കൊലപാതക കേസിലെ പ്രതികളാണ് ഇരുവരും.
പ്രതികള്‍ നിലവില്‍ കസ്റ്റഡിയിലാണെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് നാനക് സിങ് പറഞ്ഞു. സന്ദീപിനുള്ള അന്വേഷണത്തിനിടെയാണ് പ്രദീപിനെ പൊലീസ് എഫ്.ഐ.ആറില്‍ ചേര്‍ത്തത്.
അതേസമയം നാടുകടത്തപ്പെട്ട 157 പേരുടെ മൂന്നാമത്തെ ബാച്ച് ഞായറാഴ്ച രാത്രി അമൃത്സറില്‍ എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യഘട്ടത്തില്‍ ഇന്ത്യക്കാരെ ചങ്ങലക്കിട്ട് നാടുകടത്തിയ അമേരിക്കയുടെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍, മനുഷ്യത്വരഹിതമായ നടപടി ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വിമാനത്തിലും സ്വീകരിച്ചോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
അതേസമയം വിമാനത്തിലായുണ്ടായിരുന്ന പുരുഷന്മാരെ കൈവിലങ്ങ് ധരിപ്പിച്ചാണ് തിരിച്ചെത്തിച്ചതെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടുകളില്‍ വ്യക്തതയില്ല.
രണ്ടാംഘട്ടത്തില്‍ തിരിച്ചെത്തിയ 117 കുടിയേറ്റക്കാരില്‍ 65 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. 33 പേര്‍ ഹരിയാനയില്‍ നിന്നും എട്ട് പേര്‍ ഗുജറാത്തില്‍ നിന്നും മൂന്ന് പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നും രണ്ട് പേര്‍ വീതം ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഒരോ ആളുകള്‍ ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. സംഘത്തില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്.
Content Highlight: Murder Case; Two Indian immigrants from the US were arrested