താന്‍ സംഘപരിവാറുകാരനല്ലെന്ന് മുരളീ ഗോപി; പിണറായി വിജയനല്ല കൈതേരി സഹദേവന്‍
Kerala
താന്‍ സംഘപരിവാറുകാരനല്ലെന്ന് മുരളീ ഗോപി; പിണറായി വിജയനല്ല കൈതേരി സഹദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th June 2017, 10:05 am

കൊച്ചി: താന്‍ സംഘപരിവാറുകാരനല്ലെന്ന് നടനും തിരക്കഥാകൃത്തുമായ മുരളീ ഗോപി. താന്‍ ഒരു രാഷ്ട്രീയത്തിലുമില്ല. എല്ലാ രാഷ്ട്രീയത്തോടും വ്യക്തിപരമായി അകന്നുനില്‍ക്കുകയാണ് കലാകാരന്‍ രാഷ്ട്രീയപ്രസ്ഥാനവുമായി കൈകോര്‍ക്കരുതെന്നാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദി എഡിറ്റേഴ്സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


Dont Miss ഇനി കേരളത്തിലെത്തുക തന്റെ ജന്മദിനത്തില്‍; അന്നെങ്കിലും ചീത്ത പറയിപ്പിക്കരുത്; നേതാക്കളോട് അമിത് ഷാ 


ഭരത് ഗോപി അവസാനകാലത്ത് ആര്‍.എസ്.എസ് വേദികളിലെത്തിയത് അച്ഛന്റെ സ്വാതന്ത്ര്യമാണ്. കലാകാരന്‍ അങ്ങനെ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന്‍ പിണറായി വിജയനാണോ എന്ന ചോദ്യത്തിന് അങ്ങനെയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൈതേരി സഹദേവനെ പിണറായിയായി കണ്ടാല്‍ തെറ്റുപറയില്ല.

ആ കഥാപാത്ര സൃഷ്ടിയില്‍ ഒരുപാട് ആളുകള്‍ സ്വാധീനിച്ചിട്ടുണ്ട്. കൈതേരിയുടെ ചരിത്രമായി സിനിമയില്‍ പറയുന്നത് ലെനിന്റെ കുട്ടിക്കാലത്തെ കഥയാണ്. എന്നും ഇടതുപക്ഷത്ത് രണ്ട് പക്ഷമുണ്ട്. അതാണ് സിനിമയിലുമുള്ളത്.


Dont Miss ‘അപ്പോള്‍ ഇതായിരുന്നല്ലേ ഡിജിറ്റല്‍ ഇന്ത്യ’; ഫോണിന് റേഞ്ചില്ലാത്തതിനാല്‍ മരത്തിനു മുകളില്‍ കയറി ഫോണ്‍വിളിച്ച് കേന്ദ്ര സഹമന്ത്രി; വീഡിയോ 


സിനിമയുടെ രാഷ്ട്രീയമെന്തെന്ന് സിനിമ കാണുന്നവര്‍ മനസിലാക്കുന്നുണ്ട്. കൈതേരിയെ എല്ലാ രീതിയിലും വായിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കഥാപാത്രത്തിലൂടെ പിണറായിയെ ഭീകരനാക്കാന്‍ ശ്രമിച്ചിട്ടില്ല. വ്യക്തിപരമായി ആരെയും കണ്ടല്ല കഥാപാത്രത്തെ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടറിന്റെ മീറ്റ് ദി എഡിറ്റേഴ്സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജേര്‍ണലിസത്തെ അളക്കുന്നതുപോലെ സിനിമയെ അളക്കരുത്. ഫിക്ഷനാണ് സിനിമയില്‍ പലതും. കാഴ്ചയിലാണ് മുന്‍വിധിയുള്ളത്. “ഈ അടുത്തകാലത്ത്” എന്ന സിനിമയില്‍ ഒരു നഗരത്തിന്റെ വ്യത്യസ്ത കാഴ്ചകളാണ് അവതരിപ്പിച്ചത്. താന്‍ കണ്ടിട്ടുള്ള കാഴ്ചകളില്‍ എഡിറ്റിംഗില്ല.

ആ കാഴ്ചകളാണ് സിനിമയിലുമുള്ളത്. ആര്‍.എസ്.എസ് ശാഖ കാണിച്ചതുകൊണ്ട് അത് ആര്‍.എസ്.എസ് സിനിമയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രിഥ്വിരാജ് സംവിധായകനും മോഹന്‍ലാല്‍ നായകനുമാകുന്ന ലൂസിഫര്‍ 2018 മെയില്‍ തീയറ്ററുകളിലെത്തുമെന്ന് മുരളീ ഗോപി വ്യക്തമാക്കി. മലയാളം കണ്ട എക്കാലത്തെയും മികച്ച സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. അതിനാല്‍ തന്നെ വലിയ സമ്മര്‍ദമുണ്ട് തന്റെ മേല്‍. ഫാന്‍ പ്രഷര്‍ വല്ലാതെയുണ്ടെന്നും മുരളീ ഗോപി പറയുന്നു.