നേമത്ത് പ്രചരണത്തിന് എത്താത്തതില്‍ പ്രിയങ്കയെ പരാതിയറിയിച്ച് മുരളീധരന്‍; മൂന്നിന് എത്തുമെന്ന് വാക്ക് നല്‍കി പ്രിയങ്ക
Kerala
നേമത്ത് പ്രചരണത്തിന് എത്താത്തതില്‍ പ്രിയങ്കയെ പരാതിയറിയിച്ച് മുരളീധരന്‍; മൂന്നിന് എത്തുമെന്ന് വാക്ക് നല്‍കി പ്രിയങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st March 2021, 12:05 pm

തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫിനായി പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതില്‍ അതൃപ്തിയറിയിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍.

പരാതി മുരളീധരന്‍ പ്രിയങ്ക ഗാന്ധിയെ നേരിട്ടറിയിച്ചു. പ്രിയങ്ക ഗാന്ധി നേമത്ത് പര്യടനം നടത്തിയില്ലെങ്കില്‍ അത് മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് ഏപ്രില്‍ മൂന്നിന് വീണ്ടുമെത്തുമെന്ന് പ്രിയങ്ക മുരളീധരന് വാക്ക് നല്‍കി. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് മൂന്നാം തീയതി അവര്‍ വീണ്ടുമെത്തുക.

ബി.ജെ.പിയുമായി നേരിട്ട് മത്സരം നടക്കുന്ന ദേശീയ ശ്രദ്ധ നേടിയ നേമത്ത്, ഹെക്കമാന്‍ഡിന്റെ നിര്‍ദ്ദേശാനുസരം മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നുമാണ് മുരളീധരന്‍ പ്രിയങ്കയെ അറിയിച്ചത്.

ബി.ജെ.പിയും സി.പി.ഐ.എമ്മും അടക്കം ഇത് ആയുധമാക്കിയേക്കുമെന്നും മുരളീധരന്‍ അറിയിച്ചു.

തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമ്മൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയില്‍ നേമത്തെ സ്ഥാനാര്‍ത്ഥി മുരളീധരനും വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും ഒപ്പം റോഡ് ഷോ എന്നായിരുന്നു പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെ സംബന്ധിച്ച് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയക്കുറവ് മൂലം പൂജപ്പുര റോഡ് ഷോ ഒഴിവാക്കേണ്ടി വന്നു.

ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനായാണ് വടകര എം.പിയായിരുന്ന കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് നേമത്ത് മത്സരിക്കാനായി നിയോഗിച്ചത്.

നേമത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണമാണ് റോഡ് ഷോ നടക്കാതിരുന്നത്. കഴിഞ്ഞ തവണ ശശി തരൂര്‍ അനുഭവിച്ചതിന്റെ പകുതി പ്രശ്‌നം ഇപ്പോഴില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muraleedharan Complains Priyanka Gandi For Not Coming To Nemom