Kerala News
മൂന്നാറിലെ വീട് നിര്‍മാണം: എന്‍.ഒ.സി പിന്‍വലിക്കാന്‍ കെ.എം മാണിയുടെ അടിയന്തര പ്രമേയം; പിന്‍വലിക്കില്ലെന്ന് റവന്യൂ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 25, 07:29 am
Monday, 25th June 2018, 12:59 pm

തിരുവനന്തപുരം: മൂന്നാര്‍ മേഖലയില്‍ വീട് നിര്‍മാണത്തിന് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍.

മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യൂണല്‍ ആക്റ്റിന്റെ പരിധിയില്‍ വരുന്ന എട്ട് വില്ലേജുകളില്‍ എന്‍.ഒ.സി നല്‍കാത്ത സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് എന്‍.ഒ.സി നിര്‍ബന്ധമാക്കിയത്. അതിനാല്‍ കോടതിയെ മറികടന്ന് തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.


Also Read  മുത്തലാഖ് വിഷയത്തില്‍ തുറന്ന സമീപനം; സോണിയ ഗാന്ധി, മായാവതി, മമതാ ബാനര്‍ജി എന്നിവരുടെ പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍


സര്‍ക്കാര്‍ തീരുമാനത്തില്‍ നട്ടംതിരിയുന്നത് ജനങ്ങളാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതിതേടിക്കൊണ്ട് കെ.എം മാണി നിയമസഭയെ അറിയിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് അത് നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല എന്ന ആരോപണവും മാണി ഉന്നയിച്ചു.

വന്‍കിടക്കാര്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുമ്പോള്‍ സാധാരണ കര്‍ഷകര്‍ക്ക് വീട് നിര്‍മിക്കാനും അറ്റകുറ്റപണി നടത്താനും സാധിക്കുന്നില്ല. എട്ട് വില്ലേജുകളിലെ ഉത്തരവ് പിന്‍വലിക്കണമെന്നും മാണി ആവശ്യപ്പെട്ടു.


Also Read ജിഗ്നേഷ് മെവാനിയെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍


അതേസമയം, എന്‍.ഒ.സി വിഷയത്തില്‍ മാണിയെ പിന്തുണച്ച് സി.പി.ഐ.എം എം.എല്‍.എ എസ് രാജേന്ദ്രനും രംഗത്തെത്തി. ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ അറിയാതെ ചില ഉത്തരവുകള്‍ പുറത്തിറക്കുന്നുണ്ട്.

ഇവ പിന്‍വലിക്കണമെന്നും രാജേന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇത് തന്നെയാണ് കെ.എം ,മാണിയും പറയുന്നതെന്നാണ് താന്‍ കരുതുന്നതെന്നും രാജേന്ദ്രന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.

മൂന്നാറിന് പുറമെ ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവരട്ടി, ബൈസന്‍വാലി തുടങ്ങിയ മേഖലകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ എന്‍.ഒ.സി വേണമെന്ന് കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.