ഫിറോസ്ഷാ കോട്‌ല: പ്ലേ ഓഫ് ലക്ഷ്യമിട്ട് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയ മുംബൈയ്ക്ക് 175 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി റിഷഭ് പന്തിന്റെ അര്‍ധസെഞ്ച്വറി മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ഓപ്പണര്‍മാരായ പൃഥ്വി ഷാ 12 റണ്‍സിനും ഗ്ലെന്‍ മാക്‌സ് വെല്‍ 22 റണ്‍സിനും നായകന്‍ ശ്രേയസ് അയ്യര്‍ 6 റണ്‍സിനും പുറത്തായപ്പോള്‍ റിഷഭ് പന്ത് ഒരറ്റത്ത് ഉറച്ചുനിന്നു. വിജയ് ശങ്കറും ഉറച്ച പിന്തുണ നല്‍കിയെങ്കിലും സ്‌കോറിംഗ് വേഗം കൂട്ടാനായില്ല.
റിഷഭ് പന്ത് 64 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിജയ് ശങ്കര്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുംബൈയ്ക്കായി ക്രുണാള്‍ പാണ്ഡ്യയും ജസ്പ്രിത് ബുംറയും മയാങ്ക് മര്‍ക്കണ്ടെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പ്ലേ ഒാഫില്‍ കയറാന്‍ മുംബൈയ്ക്ക് ജയം അനിവാര്യമാണ്. അതേസമയം നേരത്തെ പുറത്തായ ഡല്‍ഹി ആശ്വാസജയം തേടിയാണ് ഇറങ്ങിയിരിക്കുന്നത്.
നിലവില്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍റേറ്റുള്ള മുംബൈക്ക് ഇന്ന് ജയിച്ചാല്‍ 14 പോയന്റുമായി രാജസ്ഥാനെ പിന്നിലാക്കി പ്ലേ ഓഫ് ഉറപ്പിക്കാം. തോറ്റാല്‍ രാജസ്ഥാനോ പഞ്ചാബോ പ്ലേ ഓഫില്‍ കയറും.