ഐ.പി.എല്ലിലെ മലയാളി സൂപ്പര്‍ താരങ്ങളാണ് സഞ്ജു സാസണും ബേസിൽ തമ്പിയും. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു സാംസണ്‍ ഐ.പി.എല്ലിലെ തന്നെ സുപ്രധാന താരങ്ങളില്‍ ഒരാളാണ്. അപ്രതീക്ഷിതമായി മുംബൈ ഇന്ത്യന്‍സിനൊപ്പമെത്തിയ താരമാണ് ബേസില്‍ തമ്പി. ഇരുവരും ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മുംബൈയുടെ അടുത്ത മത്സരം രാജസ്ഥാനുമായി ശനിയാഴ്ചയാണ്. ഇതിന്റെ ഭാഗമായുള്ള ഒരു പോസ്റ്റാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
‘കേരളത്തിലെ പിള്ളേര്‍ ആറാടുകയാണ്’ എന്ന് മലയാളത്തില്‍ ക്യാപ്ഷന്‍ നല്‍കി സഞ്ജുവും ബേസിലും ഒരുമിച്ചുള്ള ചിത്രമാണ് മുംബൈ ഇന്ത്യന്‍സ് അവരുടെ ഒഫീഷ്യല്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ആദ്യ മത്സരത്തില്‍ നേടിയ ഉജ്വല ജയത്തോടെ രാജസ്ഥാനാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ജയം തുടരുക എന്ന ലക്ഷ്യമായിരിക്കും സഞ്ജുവിനും കൂട്ടര്‍ക്കുമുണ്ടാകുക. എന്നാല്‍ സീസണിലെ ആദ്യം ജയം നേടി തുടക്കമിടാനാകും രോഹിത് ശര്‍മയുടെ മുംബൈ ശ്രമിക്കുക.
സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരെ കേവലം 27 പന്തില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. മറുവശത്ത് മുംബൈക്കായുള്ള അരങ്ങേറ്റ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ മൂന്ന് വിക്കറ്റ് നേടി ബേസിലും ഫോമിലാണ്.
അതേസമയം, ഹൈദരബാദിനെതിരായ ഒറ്റ വിജയത്തോടെ ഒരുപിടി റെക്കോഡുകളാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്റെ പേരിലാക്കിയത്.
ഐ.പി.എല്‍ 15ാം സീസണില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടുന്ന ആദ്യ ക്യാപ്റ്റന്‍,
ആദ്യം ബാറ്റ് ചെയ്ത് ഈ സീസണില്‍ വിജയം കരസ്ഥമാക്കുന്ന ആദ്യ ടീം, ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് തുടങ്ങിയവയാണ് സഞ്ജു തന്റെ പേരിലാക്കിയത്.