Advertisement
Sports News
ഒറ്റ ദിവസം, രണ്ട് മുംബൈയ്ക്കും ജയം; ഒന്നാമതും രണ്ടാമതുമായി മുമ്പോട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Tuesday, 14th January 2025, 3:35 pm

ഒരേ ദിവസം രണ്ട് ലീഗുകളില്‍ തകര്‍പ്പന്‍ വിജയവുമായി മുംബൈ ഫ്രാഞ്ചൈസികള്‍. എസ്.എ20യില്‍ പാള്‍ റോയല്‍സിനെ എം.ഐ കേപ് ടൗണ്‍ പരാജയപ്പെടുത്തിയപ്പോള്‍ ഐ.എല്‍ ടി-20യില്‍ ദുബായ് ക്യാപ്പിറ്റല്‍സ് എം.ഐ എമിറേറ്റ്‌സിനോടും പരാജയപ്പെട്ടു.

പാള്‍ റോയല്‍സിനെതിരെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 33 റണ്‍സിന്റെ മികച്ച ജയമാണ് കേപ് ടൗണ്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേപ് ടൗണ്‍ റാസ ഹെന്‍ഡ്രിക്‌സിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാള്‍ റോയല്‍സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

37 പന്ത് നേരിട്ട് 59 റണ്‍സാണ് റീസ ഹെന്‍ഡ്രിക്‌സ് സ്വന്തമാക്കിയത്. 33 പന്തില്‍ 43 റണ്‍സ് നേടിയ റാസി വാന്‍ ഡെര്‍ ഡസനും 18 പന്തില്‍ 29 റണ്‍സടിച്ച് ഡിലാനോ പോട്ഗീറ്ററുമാണ് മറ്റ് റണ്‍ഗെറ്റര്‍മാര്‍.

പാള്‍ റോയല്‍സിനായി ദയ്യാന്‍ ഗലിയെം മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബ്യോണ്‍ ഫോര്‍ച്യൂണ്‍, ക്വേന മഫാക്ക, മുജീബ് ഉര്‍ റഹ്‌മാന്‍, ലുങ്കി എന്‍ഗിഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും പിന്നാലെയെത്തിയവര്‍ക്ക് അത് മുതലാക്കാന്‍ സാധിക്കാതെ പോയി. ഒമ്പതാം നമ്പറില്‍ ക്രീസിലെത്തി 21 പന്തില്‍ 34 റണ്‍സ് നേടിയ മുജീബ് ഉര്‍ റഹ്‌മാനും 19 പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടിയ ക്വേന മഫാക്കയുമാണ് റോയല്‍സിനെ നൂറ് കടത്തിയത്. ഓപ്പണര്‍മാരായ ലുവാന്‍ ഡ്രെ പ്രിട്ടോറിയസും ജോ റൂട്ടും 26 റണ്‍സ് വീതം നേടി മടങ്ങി.

കേപ് ടൗണിനായി ജോര്‍ജ് ലിന്‍ഡെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗീസോ റബാദയും ക്യാപ്റ്റന്‍ റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതവും നേടി. അസ്മത്തുള്ള ഒമര്‍സായ് ആണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി ഒമ്പത് പോയിന്റോടെ ഒന്നാമതാണ് കേപ് ടൗണ്‍.

നാളെയാണ് കേപ് ടൗണ്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. ബോളണ്ട് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ പാള്‍ റോയല്‍സ് തന്നെയാണ് എതിരാളികള്‍.

അതേസമയം, ഐ.എല്‍.ടി-20യില്‍ സിക്കന്ദര്‍ റാസയുടെ ദുബായ് ക്യാപ്പിറ്റല്‍സിനെ 26 റണ്‍സിനാണ് എം.ഐ എമിറേറ്റ്‌സ് പരാജയപ്പെടുത്തിയത്. ടോം ബാന്റണിന്റെയും ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്റെയും അര്‍ധ സെഞ്ച്വറികളാണ് ടീമിന് തുണയായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ എമിറേറ്റ്‌സിന് തുടക്കം പാളിയെങ്കിലും മൂന്നാം വിക്കറ്റില്‍ ബാന്റണും പൂരനും ഒന്നിച്ചതോടെ എമിറേറ്റ്‌സ് കുതിച്ചു. നൂറ് റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് മൂന്നാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്തത്.

ബാന്റണ്‍ 52 പന്തില്‍ 74 റണ്‍സ് നേടിയപ്പോള്‍ 29 പന്തില്‍ 59റണ്‍സാണ് ക്യാപ്റ്റന്‍ പൂരന്‍ അടിച്ചെടുത്തത്. പിന്നാലെയെത്തിയവരില്‍ 19 പന്തില്‍ 22 റണ്‍സുമായി കെയ്‌റോണ്‍ പൊള്ളാര്‍ഡും തന്റെ സംഭാവന നല്‍കി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 എന്ന നിലയില്‍ എമിറേറ്റ്‌സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ക്യാപ്പിറ്റല്‍സിനായി ഗുല്‍ബദീന്‍ നയീബ് മൂന്ന് വിക്കറ്റ് നേടി. ഒലി സ്‌റ്റോണ്‍ രണ്ട് വിക്കറ്റും ദുഷ്മന്ത ചമീര ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്റ്റില്‍സിനായി ഓപ്പണര്‍ ഷായ് ഹോപ് സെഞ്ച്വറി നേടിയെങ്കിലും മറ്റൊരാള്‍ക്കും പിന്തുണ നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് ക്യാപ്പിറ്റല്‍സിന് പരാജയം നേരിടേണ്ടി വന്നത്.

59 പന്തില്‍ 101 റണ്‍സാണ് ഹോപ് സ്വന്തമാക്കിയത്. 11 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 19 പന്തില്‍ 16 റണ്‍സ് നേടിയ ബ്രാന്‍ഡന്‍ മക്മുള്ളനാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് മാത്രമാണ് ക്യാപ്പിറ്റല്‍സിന് നേടാന്‍ സാധിച്ചത്.

എമിറേറ്റ്‌സിനായി ഫസല്‍ഹഖ് ഫാറൂഖിയും അല്‍സാരി ജോസഫും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. വഖാര്‍ സലിംഖിലും ഇംപാക്ട് പ്ലെയറായെത്തിയ അള്ളാ ഗന്‍സഫറുമാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

ടൂര്‍ണമെന്റില്‍ എമിറേറ്റ്‌സിന്റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തില്‍ ദുബായ് ക്യാപ്പിറ്റല്‍സിനോട് ടീം ഒരു റണ്‍സിന് പരാജയപ്പെട്ടിരുന്നു.

ജനുവരി 16നാണ് എമിറേറ്റ്‌സിന്റെ അടുത്ത മത്സരം. ഡെസേര്‍ട്ട് വൈപ്പേഴ്‌സാണ് എതിരാളികള്‍. കളിച്ച ആദ്യ മത്സരം വിജയിച്ച് രണ്ട് പോയിന്റുമായി ഡെസേര്‍ട്ട് വൈപ്പേഴ്‌സ് ഒന്നാമതാണ്.

 

Content Highlight: Mumbai Indians franchises have won the SA20 and IL T20