രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ മുംബൈക്ക് വമ്പന്‍ തോല്‍വി. എം.സി.എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ജമ്മു കശ്മീര്‍ 5 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.
സ്‌കോര്‍
മുംബൈ : 120 & 290
ജമ്മു കശ്മീര്‍ : 206 & 207/5 (T:205)
പത്തുവര്‍ഷത്തിനുശേഷം രഞ്ജി ട്രോഫിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സമ്പൂര്‍ണ പരാജയമായിരുന്നു കാണാന്‍ സാധിച്ചത്. ആദ്യ ഇന്നിങ്‌സില്‍ വെറും മൂന്ന് റണ്‍സ് നേടിയാണ് രോഹിത് കൂടാരം കയറിയത്.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്. 35 പന്തില്‍ 28 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്.
ബി.സി.സി.ഐയുടെ പുതിയ നിര്‍ദേശപ്രകാരം ഫോം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കണം എന്നിരിക്കെയാണ് രോഹിത് അടക്കമുള്ളവര്‍ ബാറ്റിങ്ങില്‍ പരാജയപ്പെടുന്നത്. ഇതോടെ 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ വലിയ ആശങ്കയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
ഇന്ത്യയുടെ ഓപ്പണറും മുംബൈ താരവുമായ യശസ്വി ജെയ്‌സ്വാള്‍ മത്സരത്തില്‍ 4, 26 എന്നിങ്ങനെയാണ് റണ്‍സ് നേടിയത്. നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ മുംബൈയുടെ ശര്‍ദുല്‍ താക്കൂര്‍ 119 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. തനുഷ് കോട്ടിയാന്‍ 62 റണ്‍സും നേടി മികവുപുലര്‍ത്തി ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ 12, 16 റണ്‍സുമാണ് മത്സരത്തില്‍ നേടിയത്.
ജമ്മുവിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഓപ്പണര്‍ ശുഭം ഖജൂറിയയാണ്. 53, 45 എന്നിങ്ങനെയാണ് താരം മത്സരത്തില്‍ സ്‌കോര്‍ നേടിയത്. മുംബൈയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തത് മോഹിത് ആവസ്തിയാണ്. അഞ്ചുവിക്കറ്റുകള്‍ ആണ് താരം നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ഷംസ് മുലാനി നാലു വിക്കറ്റും നേടി.
Content Highlight: Mumbai And Rohit Sharma Lose In Ranji Trophy Against Jammu & Kashmir