ന്യൂദല്‍ഹി: റിപബ്ലിക് ദിന പരിപാടികളുടെ മുന്നോടിയായി സുരക്ഷ വര്‍ധിപ്പിച്ച് ദല്‍ഹി പൊലീസ്.
രാജ്പഥിലും സമീപപ്രദേശങ്ങളിലുമാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.
മുഖം തിരിച്ചറിയുന്ന സംവിധാനങ്ങളും (Facial Recognition) 300ല്‍ അധികം നിരീക്ഷണ ക്യാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ പൂ മാര്‍ക്കറ്റില്‍ സ്‌ഫോടനവസ്തുക്കള്‍ (ഐ.ഇ.ഡി) കണ്ടെത്തുകയും അത് പൊലീസ് നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റിപബ്ലിക് ദിന പരിപാടികളുടെ ഭാഗമായി സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
”ന്യൂദല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള പ്രദേശവാസികളെയും കുടിയേറിപ്പാര്‍ക്കുന്നവരെയും ഹോട്ടലുകളിലെ സന്ദര്‍ശകരെയും വെരിഫൈ ചെയ്യുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
അടിയന്തരമായി ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടുന്നതിനായി ഒരു ക്വിക് റിയാക്ഷന്‍ ടീമിനെ (ക്യു.ആര്‍.ടി) നിയോഗിച്ചിട്ടുണ്ട്.
സുരക്ഷാ മേഖലയിലെ വ്യോമപാതയില്‍ എന്തെങ്കിലും പറക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആന്റി-ഡ്രോണ്‍ ടീമിനെയും ഏര്‍പ്പെടുത്തും,” ദല്‍ഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് യാദവ് പ്രതികരിച്ചു.