കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് വിടവാങ്ങല്‍ പ്രസംഗമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇല്ലാത്ത പ്രതിച്ഛായ സൃഷ്ടിക്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കണ്ണൂര്‍ പ്രസ്‌ക്ലബില്‍ മുഖ്യമന്ത്രി നടത്തിയത് എല്ലാ അര്‍ത്ഥത്തിലും വിടവാങ്ങല്‍ പ്രസംഗമാണ്. അധികാരത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങുന്ന പ്രസംഗമായിട്ടാണ് താന്‍ അതിനെ കാണുന്നതെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ വാക്കുകളിലും ശരീരഭാഷയിലും കടുത്ത നൈരാശ്യം ഉണ്ടായിരുന്നെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
മുഖ്യമന്ത്രിയെ ചിരിക്കാന്‍ പരിശീലിപ്പിക്കുന്നത് പി. ആര്‍ ഏജന്‍സിയാണ്. മുഖ്യമന്ത്രി നുണകളുടെ ചക്രവര്‍ത്തിയാണ്. കലാപരമായി കള്ളം പറയാന്‍ മുഖ്യമന്ത്രിക്കേ കഴിയൂ എന്നും മുല്ലപ്പള്ളി പറഞ്ഞു.
പട്ടിണി പാവങ്ങള്‍ താമസിക്കുന്ന കേരളത്തില്‍ മുഖ്യമന്ത്രി കോടികളാണ് പരസ്യത്തിനായി ചെലവഴിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
തനിക്ക് ലഭിക്കുന്ന ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ടതെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു കുഴപ്പവുമില്ലെന്നും അതും പറഞ്ഞ് പിന്നാലെ കൂടേണ്ടെന്നും പിണറായി പറഞ്ഞിരുന്നു.
പ്രചാരണത്തിനായി പോകുമ്പോള്‍ കുട്ടികള്‍ വരെ സ്‌നേഹം പ്രകടിപ്പിക്കുകയാണ്. ആളുകളുടെ സ്‌നേഹ പ്രകടനം എല്‍.ഡി.എഫിനോടുള്ള അഭിനിവേശമാണ് എന്നും ഇത് കണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും തോന്നാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക