സിദ്ദിഖ് ലാൽ ഒരുക്കിയ മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് റാംജി റാവു സ്പീക്കിങ്. സിദ്ദിഖ് ലാൽ കൂട്ടുകെട്ട് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത് മുകേഷ്, സായികുമാർ ഇന്നസെന്റ് എന്നിവരായിരുന്നു. നടൻ സായികുമാറിന്റെ ആദ്യ സിനിമ കൂടിയാണ് ചിത്രം.
ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് മുകേഷ്. ചിത്രത്തിന്റെ ഒരു ഷോട്ടിനിടയിൽ സെറ്റിലേക്ക് ഒരു മൂങ്ങ പറന്ന് വരികയും പിന്നീട് സിനിമ റിലീസായതിന് ശേഷം സൂപ്പർ ഹിറ്റ് ആയതോടെ മൂങ്ങ വന്നത് ഭാഗ്യമായിട്ടാണെന്ന് ചിലർ പറയുകയും അത് വലിയ സംസാരവിഷയമായെന്നും മുകേഷ് പറയുന്നു. എല്ലാവരും പിന്നെ മൂങ്ങയുടെ പിന്നാലെ ആയിരുന്നുവെന്നും ജിഞ്ചർ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മുകേഷ് പറഞ്ഞു.
‘ഉദയ സ്റ്റുഡിയോയിൽ റാംജിറാവ് സ്പീക്കിങ്ങിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഷോട്ടിന് ഇടയിലേക്ക് ഒരു മൂങ്ങ പറന്ന് കയറി. സംവിധായകരായ സിദ്ദിഖ് ലാലിന് ഷോട്ട് കട്ട് പറഞ്ഞിട്ട് മൂങ്ങയെ ഓടിക്കണമെന്നുണ്ട്.
പക്ഷെ ആ മൂങ്ങയെ കൊണ്ട് ഒരു ശല്യവുമില്ലായിരുന്നു. അതവിടെ തൊട്ടപ്പുറത്ത് അനങ്ങാതെ ഇരിക്കുകയായിരുന്നു. പക്ഷെ എല്ലാവരും മൂങ്ങ വന്ന് കയറിയത് കണ്ടിട്ട് ഓരോന്ന് പറയുന്നുണ്ടായിരുന്നു.
അങ്ങനെ ആ മൂങ്ങ വന്നത് ഒരു സംസാര വിഷയമായി. 200 ദിവസങ്ങളോളം തിയേറ്ററിൽ ഓടിയ ഒരു സിനിമയാണ് റാംജിറാവു സ്പീക്കിങ്. അപ്പോഴും കുറേ ആളുകൾ ആ മൂങ്ങയെ വീട്ടില്ല. ആ മൂങ്ങ വന്ന് ഇരുന്നത് ഒരു ഭാഗ്യമാണെന്ന് ആളുകൾ പറയാൻ തുടങ്ങി. ഈ കാര്യം വലിയ രീതിയിൽ പ്രചരിക്കാൻ തുടങ്ങി.
ചെറിയൊരു പടം ഒരു മൂങ്ങ വന്നിരുന്നിട്ട് തിയേറ്ററിൽ 200 ദിവസം ഓടിയെന്ന് പറഞ്ഞ് പിന്നീട് മൂങ്ങയ്ക്ക് വേണ്ടി ഓടുകയാണ് എല്ലാവരും.