ഗോഡ്ഫാദര്‍ വീണ്ടും തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സമയത്ത് പത്ത് മിനിറ്റില്‍ കൂടുതല്‍ എനിക്ക് അവിടെ ഇരിക്കാന്‍ പറ്റിയില്ല: മുകേഷ്
Entertainment
ഗോഡ്ഫാദര്‍ വീണ്ടും തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സമയത്ത് പത്ത് മിനിറ്റില്‍ കൂടുതല്‍ എനിക്ക് അവിടെ ഇരിക്കാന്‍ പറ്റിയില്ല: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th August 2024, 7:48 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗോഡ്ഫാദര്‍. 1991ല്‍ റിലീസായ ചിത്രം 400 ദിവസത്തിന് മുകളില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്നും ടി.വിയില്‍ ടെലികാസ്റ്റ് ചെയ്യുമ്പോള്‍ മടുപ്പില്ലാതെ കാണാന്‍ സാധിക്കുന്ന ചുരുക്കം ചില സിനിമകളിലൊന്നാണ് ഗോഡ്ഫാദര്‍. കഴിഞ്ഞ വര്‍ഷത്തെ കേരളപ്പിറവിയുടെ ഭാഗമായി ചിത്രം തിരുവനന്തപുരം കൈരളി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

നിറഞ്ഞ സദസില്‍ നിറകൈയടികളോടെയാണ് പ്രദര്‍ശനം നടന്നത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്റില്‍ ഗോഡ്ഫാദര്‍ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മുകേഷ്. ചിത്രം കാണാന്‍ വന്നവരുടെ ക്യൂ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുകേഷ് പറഞ്ഞു. ഷോ തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പലരും ടിക്കറ്റെടുത്ത് തിയേറ്ററില്‍ കയറിയെന്നും അതില്‍ പലരും ഇന്നത്തെ തലമുറയലുള്ളവരായിരുന്നെന്നും മുകേഷ് പറഞ്ഞു.

താന്‍ തിയേറ്ററില്‍ കയറിയപ്പോള്‍ പലരും മൈക്കുമായി തന്റെയടുത്തേക്ക് വന്നെന്നും 32 വര്‍ഷം ഗോഡ്ഫാദര്‍ ഇറങ്ങിയ സമയത്ത് ഇങ്ങനെയൊരു സീന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും മുകേഷ് പറഞ്ഞു. എന്നാല്‍ തനിക്ക് പത്ത് മിനിറ്റ് മാത്രമേ തിയേറ്റില്‍ ഇരിക്കാന്‍ കഴിഞ്ഞുള്ളൂവെന്നും ഓരോ സീനിനും കൈയടി കാരണം ഡയലോഗ് കേള്‍ക്കാന്‍ പറ്റിയില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്.

‘ഗോഡ്ഫാദര്‍ എന്ന സിനിമ കേരളപ്പിറവിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം കൈരളിയില്‍ സ്‌ക്രീന്‍ ചെയ്തിരുന്നു. ഞാനും അന്ന് ആ സിനിമ കാണാന്‍ പോയി. ചെന്ന് നോക്കുമ്പോള്‍ ഭയങ്കര തിരക്ക്. മണിക്കൂറുകള്‍ മുന്നേ പലരും ടിക്കറ്റെടുത്ത് തിയേറ്ററിനകത്ത് കേറിയിരിക്കുകയാണ്. ഞാനും തിയേറ്ററിനകത്ത് കയറി. എന്നെക്കണ്ടതും പലരും മൈക്കും ക്യാമറയും കൊണ്ടുവന്ന് ചോദ്യം ചോദിച്ചു.

32 വര്‍ഷം മുമ്പ് ഗോഡ്ഫാദര്‍ ആദ്യമായി റിലീസ് ചെയ്തപ്പോള്‍ ഇങ്ങനെയൊരു സീന്‍ വിചാരിച്ചിട്ടുണ്ടായിരുന്നില്ല. സിനിമ തുടങ്ങിയ ശേഷം എനിക്ക് അതിനകത്ത് പത്ത് മിനിറ്റ് മാത്രമേ ഇരിക്കാന്‍ പറ്റിയുള്ളൂ. വേറൊരു രീതിയിലുള്ള ആസ്വാദനമായിരുന്നു തിയേറ്ററില്‍. ഗോഡ്ഫാദര്‍ എന്ന ടൈറ്റില്‍ കാണിക്കുമ്പോള്‍ കൈയടി, എന്‍.എന്‍ പിള്ളയെ കാണിക്കുമ്പോള്‍ കൈയടി, ഓരോ തമാശക്കും കൈയടിയായിരുന്നു. കൈയടി കാരണം ഒരു ഡയലോഗ് പോലും കേള്‍ക്കാന്‍ പറ്റിയില്ല,’ മുകേഷ് പറഞ്ഞു.

Content Highlight: Mukesh shares the theatre experience of Godfather movie special screening