മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന് ആവിഷ്‌കാര സ്വാതന്ത്ര്യ പുരസ്‌കാരം നല്‍കി ഇന്‍ഡക്‌സ് ഓണ്‍ സെന്‍സര്‍ഷിപ്പ്
ന്യൂദല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിന് 2023ലെ ആവിഷ്‌കാര സ്വാതന്ത്ര്യ പുരസ്‌കാരം പ്രഖ്യാപിച്ച് ഇന്‍ഡക്‌സ് ഓണ്‍ സെന്‍സര്‍ഷിപ്പ്.
‘മോദി സര്‍ക്കാര്‍ പ്രചരിപ്പിച്ച തെറ്റായ വാര്‍ത്തകളെ ഫാക്ട് ചെക്കിങ്ങിലൂടെ അദ്ദേഹം തിരുത്തിയിരുന്നു. തുടര്‍ന്ന് സുബൈറിന് ഭരണപക്ഷത്തുനിന്ന് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടിവന്നു’ എന്ന് ഇന്‍ഡക്‌സ് ഓണ്‍ സെന്‍സര്‍ഷിപ്പ് സംഘടന പ്രസ്താവനയില്‍ വിശദീകരിച്ചു.
ലണ്ടന്‍ ആസ്ഥാനമായുള്ള സ്ഥാപനമാണ് ഇന്‍ഡക്‌സ് ഓണ്‍ സെന്‍സര്‍ഷിപ്പ്. ലോകത്തെവിടെയും സെന്‍സര്‍ഷിപ്പിനെതിരെ പോരാടുന്നതില്‍ സംഭാവന ചെയ്യുന്ന ആര്‍ട്‌സ്,ക്യാമ്പയിനിങ്, ജേര്‍ണലിസം, ട്രസ്റ്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് വാര്‍ഷിക ആവിഷ്‌കാര സ്വാതന്ത്ര്യ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
‘എനിക്ക് ലഭിച്ച പുരസ്‌കാരം യുവ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുതിയ പ്രതീക്ഷ നല്‍കുന്നതാണ്. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും ഇന്ത്യയില്‍ ഭീമാകാരമായി ഉയര്‍ന്നു വരുന്ന കാലത്ത് ഈ പുരസ്‌കാരം വലിയ അംഗീകാരമാണ്’ മുഹമ്മദ് സുബൈര്‍ എക്സില്‍ പോസ്റ്റുചെയ്ത വീഡിയോയില്‍ പറഞ്ഞു. ആക്രമിക്കപ്പെടുകയും തന്റെ ജോലി ചെയ്തതിനു ജയിലില്‍ കിടക്കുകയും ചെയ്തപ്പോള്‍ തന്നോടൊപ്പം നിന്നവരോട് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമരംഗത്തെ സുബൈറിന്റെ വസ്തുതാപരമായ പ്രവര്‍ത്തനങ്ങളും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
സുബൈര്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെ ഇന്ത്യയിലെ വര്‍ഗീയ അക്രമങ്ങളെക്കുറിച്ചും വിജിലന്റ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിദ്വേഷപ്രസംഗം വര്‍ദ്ധിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ആര്‍ കേസുകളും ഡല്‍ഹിയില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യപ്പെട്ടു, 24 ദിവസം ജയിലില്‍ കിടന്നതിനുശേഷമാണ് സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
Content Highlight: Muhammed Zubair got award for freeedom of expression