World Test Championship
അവന്റെ കൈ എറിഞ്ഞൊടിക്കും എന്ന് വല്ല വാശിയും ഉണ്ടോ സിറാജേ... രണ്ടാം ഇന്നിങ്‌സിലും ബാറ്റടക്കം എറിഞ്ഞുവീഴ്ത്തി ഇന്ത്യന്‍ പേസര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 09, 05:25 pm
Friday, 9th June 2023, 10:55 pm

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ഇന്നിങ്‌സിലും മാര്‍നസ് ലബുഷാനെ വിടാതെ മുഹമ്മദ് സിറാജ്. ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ ഇരുവരും കൊടുക്കല്‍ വാങ്ങലുകളും സ്ലെഡ്ജിങ്ങുമായി രണ്ടാം ഇന്നിങ്‌സിലും പോരാട്ടം തുടരുകയാണ്.

മാരകമായ തന്റെ പേസിലൂടെ ലബുഷാനെ വരിഞ്ഞുമുറുക്കുകയാണ് സിറാജ്. ഇതിനൊപ്പം തന്നെ ലബുഷാനെതിരെ മൈന്‍ഡ് ഗെയിമുകളും സിറാജ് പുറത്തെടുക്കുന്നുണ്ട്.

ആദ്യ ഇന്നിങ്‌സില്‍ ലബുഷാന്‍ – സിറാജ് പോരാട്ടത്തിലെ ഹൈലൈറ്റുകളിലൊന്നായിരുന്നു സിറാജിന്റെ പന്ത് ലബുഷാന്റെ കയ്യില്‍ കൊണ്ടത്. ഓസീസ് ഇന്നിങ്‌സിലെ എട്ടാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. 142 കിലോമീറ്റര്‍ വേഗതയില്‍ സിറാജെറിഞ്ഞ പന്ത് ലബുഷാന്റെ കയ്യില്‍ കൊള്ളുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ ലബുഷാന്റെ കയ്യില്‍ നിന്നും ബാറ്റ് താഴെ വീണുപോവുകയും ചെയ്തിരുന്നു.

ഇതേ സംഭവത്തിന്റെ ആവര്‍ത്തനമാണ് രണ്ടാം ഇന്നിങ്‌സിലും സംഭവിച്ചിരിക്കുന്നത്.

പത്താം ഓവറില്‍ ഓഫ് സ്റ്റംപ് ലക്ഷ്യമാക്കി സിറാജെറിഞ്ഞ പന്ത് ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിച്ച ലബുഷാന് പിഴയ്ക്കുകയും പന്ത് താരത്തിന്റെ കയ്യില്‍ കൊള്ളുകയുമായിരുന്നു. സിറാജിന്റെ ബ്രൂട്ടല്‍ പേസിന്റെ വേദനയില്‍ വീണ്ടും ബാറ്റ് താരത്തിന്റെ കയ്യില്‍ നിന്നും വീണുപോയിരുന്നു. വേദനകൊണ്ട് പുളയുന്നതിനിടയിലും മുഖം ചുളിച്ചുള്ള നോട്ടമായിരുന്നു ലബുഷാന്റെ മറുപടി.

ഇവിടംകൊണ്ട് അവസാനിപ്പിക്കാതെ സിറാജ് വീണ്ടും ലബുഷാനെ ആക്രമിച്ചുകൊണ്ടേയിരുന്നു. ഇത്തവണ എല്‍.ബി.ഡബ്ല്യൂ ലക്ഷ്യമാക്കിയായിരുന്നു സിറാജിന്റെ ഡെലിവെറി. പന്ത് കാലിലിടിച്ച ലബുഷാന്‍ താഴെ വീണുപോവുകയായിരുന്നു. സിറാജ് വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ അനുവദിച്ചിരുന്നില്ല.

ഇരുവരും തമ്മിലുള്ള റൈവല്‍റി മറ്റൊരു തലത്തിലേക്ക് വളരുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഓസീസ് 123 റണ്‍സിന് നാല് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറിനും ഉസ്മാന്‍ ഖവാജക്കും പുറമെ ആദ്യ ഇന്നിങ്‌സിലെ താരങ്ങളായ സ്റ്റീവ് സ്മിത്തിനെയും ട്രാവിസ് ഹെഡിനെയുമാണ് ഓസീസിന് നഷ്ടമായിരിക്കുന്നത്.

സിറാജിന് വിക്കറ്റ് നല്‍കി ഡേവിഡ് വാര്‍ണര്‍ (1) പുറത്തായപ്പോള്‍ 13 റണ്‍സ് നേടി നില്‍ക്കവെ ഉമേഷ് യാദവിന് വിക്കറ്റ് നല്‍കിയാണ് ഖവാജ പുറത്തായത്.

രവീന്ദ്ര ജഡേജയാണ് കഴിഞ്ഞ ഇന്നിങ്‌സിലെ രണ്ട് സെഞ്ചൂറിയന്‍മാരെയും മടക്കിയത്. 47 പന്തില്‍ നിന്നും 37 റണ്‍സെടുത്ത് നില്‍ക്കവെ സ്റ്റീവ് സ്മിത്തിനെ ഷര്‍ദുല്‍ താക്കൂറിന്റെ കൈകളിലെത്തിച്ചും 27 പന്തില്‍ നിന്നും 18 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ റിട്ടേണ്‍ ക്യാച്ചായും ജഡ്ഡു മടക്കി.

 

View this post on Instagram

A post shared by ICC (@icc)

 

View this post on Instagram

A post shared by ICC (@icc)

നിലവില്‍ 118 പന്തില്‍ നിന്നും 41 റണ്‍സുമായി മാര്‍നസ് ലബുഷാനും 27 പന്തില്‍ നിന്നും ഏഴ് റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍.

 

 

Content Highlight: Muhammed Siraj once again hits Marnus Labuschagne on arm