കൊല്‍ക്കത്തയുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ഗംഭീറിന് നല്‍കുന്നത് ശരിയല്ല, അവനും പ്രശംസ അര്‍ഹിക്കുന്നുണ്ട്: മുന്‍ ഇന്ത്യന്‍ താരം
Cricket
കൊല്‍ക്കത്തയുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ഗംഭീറിന് നല്‍കുന്നത് ശരിയല്ല, അവനും പ്രശംസ അര്‍ഹിക്കുന്നുണ്ട്: മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd May 2024, 10:45 am

കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ് 2024 ഐ.പി.എല്‍ ഫൈനലില്‍ പ്രവേശിച്ചു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്ത ഫൈനലിലേക്ക് മുന്നേറിയത്.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് ആര്‍മി 19.3 ഓവറില്‍ 150 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 13.4 ഓവറില്‍ എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇപ്പോഴിതാ കൊല്‍ക്കത്ത ഫൈനലില്‍ എത്തിയതിന്റെ എല്ലാ ക്രെഡിറ്റും ഗംഭീറിന് അല്ലെന്നും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശനത്തില്‍ പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നുമാണ് കൈഫ് പറഞ്ഞത്.

‘ശ്രേയസ് അയ്യര്‍ക്ക് വേണ്ടത്ര ക്രെഡിറ്റ് ലഭിച്ചിട്ടില്ല. ഗംഭീര്‍ മാത്രമല്ല കൊല്‍ക്കത്തയുടെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചത് ശ്രേയസ്സും വലിയ പങ്ക് ടീമിനായി വഹിച്ചിട്ടുണ്ട്. കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ അയ്യര്‍ മികച്ച പ്രകടനം കാഴ്ചവച്ചതായാണ് എനിക്ക് തോന്നുന്നത്. കളത്തില്‍ ശ്രേയസിന്റെ തീരുമാനങ്ങള്‍ വളരെ അനുകൂലമായി മാറി സീസണില്‍ അവന്‍ അസാമാന്യ പ്രകടനമാണ് നടത്തുന്നത്,’ മുഹമ്മദ് കൈഫ് സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

ഈ സീസണിലെ കൊല്‍ക്കത്തയുടെ മികച്ച പ്രകടനത്തില്‍ ടീമിന്റെ മെന്ററായ ഗംഭീറിന് ധാരാളം പ്രശംസകള്‍ ലഭിച്ചിരുന്നു. ഈ സീസണില്‍ കൊല്‍ക്കത്ത 14 മത്സരങ്ങളില്‍ ഒമ്പത് വിജയവും മൂന്നു തോല്‍വിയും അടക്കം 20 പോയിന്റോടെയാണ് പ്ലേ ഓഫിലേക്ക് കടന്നത്.

ഹൈദരാബാദിനെതിരെ ബാറ്റിങ്ങില്‍ മിന്നും പ്രകടനമായിരുന്നു നായകന്‍ ശ്രേയസ് നടത്തിയത്. 24 പന്തില്‍ പുറത്താവാതെ 58 റണ്‍സ് നേടിക്കൊണ്ടായിരുന്നു അയ്യർ ടീമിനെ ഫൈനലിലേക്ക് നയിച്ചത്. അഞ്ച് ഫോറുകളും നാല് സിക്‌സുമാണ് കൊല്‍ക്കത്ത നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. 28 പന്തില്‍ പുറത്താവാതെ 51 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Content Highlight: Muhammed Kaif praises Shreyas Iyyer Captaincy