'മന്ത്രിസഭയിലെ സ്ഥാനം ഇന്ന് ആധിപത്യത്തിനുള്ള തുറന്ന അവസരം'; മുഖ്യമന്ത്രി വേദിയിലിരിക്കെ എം.ടിയുടെ വിമർശനം
Kerala News
'മന്ത്രിസഭയിലെ സ്ഥാനം ഇന്ന് ആധിപത്യത്തിനുള്ള തുറന്ന അവസരം'; മുഖ്യമന്ത്രി വേദിയിലിരിക്കെ എം.ടിയുടെ വിമർശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th January 2024, 3:06 pm

കോഴിക്കോട്: അസംബ്ലിയിലെയും പാർലമെന്റിലെയും മന്ത്രിസഭയിലെയും സ്ഥാനം ഇന്ന് ആധിപത്യത്തിനുള്ള തുറന്ന അവസരമാണെന്നും ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരം എന്ന സിദ്ധാന്തമൊക്കെ കുഴിവെട്ടി മൂടിയെന്നും എം.ടി. വാസുദേവൻ നായർ.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെയായിരുന്നു എം.ടിയുടെ വിമർശനം.

ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം.ടി പറഞ്ഞു.

‘രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാർഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാം. അസംബ്ലിയിലോ പാർലമെൻറിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാൽ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാൽ, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി,’ എം.ടി പറഞ്ഞു.

ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റിയെടുക്കാനുള്ള അവസരം മാത്രമാണ് അധികാരം എന്ന് വിശ്വസിച്ചത് കൊണ്ടാണ് ഇ.എം.എസ് മഹാനായത് എന്നും എം.ടി പറഞ്ഞു.

‘1957 -ൽ ബാലറ്റ് പെട്ടിയുടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. അതോടെ ലക്‌ഷ്യം നേടി എന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും, ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ, ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിൻറെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ.എം.എസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാവുന്നത്,’ എം.ടി പറഞ്ഞു.

നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കല്പത്തെ ഇ.എം.എസ് മാറ്റിയെഴുതാൻ ശ്രമിച്ചത് കൊണ്ടാണ് നേതൃത്വപൂജകളിൽ ഒന്നും അദ്ദേഹത്തെ കാണാതിരുന്നത് എന്നും എം.ടി പറഞ്ഞു.

ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നതായും എം.ടി പറഞ്ഞു.

Content Highlight: MT Vasudevan Nair’s criticism when CM Pinarayi Vijayan in dias of KLf