കായംകുളം: വ്യാജ ബി.കോം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ നിഖില്‍ തോമസിന് പി.ജി. അഡ്മിഷന് വേണ്ടി സമീപിച്ചത് സി.പി.ഐ.എം പാര്‍ട്ടി നേതാവാണെന്ന് എം.എസ്.എം കോളേജ് മാനേജര്‍ പി.എ. ഹിലാല്‍ ബാബു. പേര് പറഞ്ഞാല്‍ അദ്ദേഹത്തെ രാഷ്ട്രീയപരമായി ബാധിക്കുമെന്നും അതുകൊണ്ട് പേര് പറയില്ലെന്നും ഹിലാല്‍ ബാബു പറഞ്ഞു. മാനേജ്‌മെന്റ് കോട്ടയിലാണ് അഡ്മിഷന്‍ നേടിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഈ കേസില്‍ ഇടപെട്ടിരിക്കുന്ന ആളുടെ പേര് ഞാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന് വ്യക്തിപരമായി ദോഷമുണ്ടാകും. അദ്ദേഹം ഇപ്പോഴും സജീവമായി നില്‍ക്കുന്നൊരാളാണ്. വ്യക്തിപരമായി അദ്ദേഹത്തിന് ഞാന്‍ കൊടുക്കുന്ന അടി ഭാവിയിലുള്ള രാഷ്ട്രീയത്തെ ബാധിക്കും. പാര്‍ട്ടിയിലുള്ള ഒരാളാണദ്ദേഹം.
അദ്ദേഹം വിളിച്ച് അഡ്മിഷന്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ. ഞാന്‍ ആരുടെ കയ്യില്‍ നിന്നും ഫീസ് വാങ്ങാറില്ല. സാധാരണക്കാരുടെ അഡ്മിഷന്‍ ഫ്രീയായാണ് ഇവിടെ കൊടുക്കുന്നത്. അതിനകത്ത് ജാതിയോ മതമോ നോക്കാറില്ല. ഈ കാര്യത്തില്‍ ഫീസ് വാങ്ങിയിട്ടില്ല.
ഈ പ്രശ്‌നമുണ്ടായിരിക്കുന്ന വിദ്യാര്‍ത്ഥിക്ക് സംരക്ഷണം കൊടുത്ത പാര്‍ട്ടി നേതാവാരാണെന്ന് പറഞ്ഞാല്‍ നാളെ അദ്ദേഹം സാറിനോട് ഞാന്‍ രഹസ്യമായി ചോദിച്ച കാര്യം പരസ്യപ്പെടുത്തി അപമാനിച്ചത് എന്തിനാണെന്ന് ചോദിച്ചാല്‍ ഞാനെന്ത് പറയും.
ഇതിന് മുമ്പും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് കൊടുത്തിട്ടുണ്ട്. സീറ്റ് കൊടുക്കുന്നതിന് ഒരു പരിധിയില്ല. നമുക്കൊരു തത്വമുണ്ട്. മുസ്‌ലിം കോട്ടയുണ്ട്. പട്ടിക ജാതി പട്ടിക വര്‍ഗമുണ്ട്, ജനറല്‍ മെറിറ്റുമുണ്ട്. മാനേജ്‌മെന്റിന് 20 ശതമാനം അഡ്മിഷനുണ്ട്. അത് മാനേജിങ്ങ് കമ്മിറ്റിയിലുള്ളവരും ഞങ്ങളെല്ലാവരും അന്വേഷിച്ച് ചെയ്യും,’ അദ്ദേഹം പറഞ്ഞു.
അതേസമയം നിഖില്‍ തോമസിന്റേത് കൊടും ചതിയെന്ന് സി.പി.ഐ.എം കായംകുളം ഏരിയ സെക്രട്ടറി പി.അരവിന്ദാക്ഷനും പറഞ്ഞു. ഇത്തരക്കാരോട് വിട്ടുവീഴ്ചയില്ലെന്നും നിഖിലിനെ പാര്‍ട്ടിക്കാര്‍ ബോധപൂര്‍വം സഹായിച്ചെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
content highlights: MSM COLLEGE MANAGER ABOUT NIKHIL THOMAS ISSUE