Kerala News
ഹാഗിയ സോഫിയ വിഷയത്തിലെ ലേഖനം മുസ്‌ലിം- ക്രിസ്ത്യന്‍ വര്‍ഗീയ ചേരിതിരിവിന് അടിത്തറ പാകി; സാദിഖലി തങ്ങള്‍ക്കെതിരെ എം.എസ്.എഫ് വിമത നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 22, 03:58 am
Wednesday, 22nd June 2022, 9:28 am

കല്‍പ്പറ്റ: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് എം.എസ്.എഫ് വിമത നേതാവ് പി.പി. ഷൈജല്‍. ഹാഗിയ സോഫിയ വിഷയത്തില്‍ പാര്‍ട്ടി മുഖ പത്രത്തില്‍ സാദിഖലി തങ്ങള്‍ എഴുതിയ ലേഖനമാണ് കേരളത്തില്‍ മുസ്‌ലിം- ക്രിസ്ത്യന്‍ വര്‍ഗീയ ചേരിതിരിവിന് അടിത്തറ പാകിയതെന്ന് ഷൈജല്‍ ആരോപിച്ചു. വയനാട് കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷൈജല്‍.

ലൗ ജിഹാദ് വിഷയത്തില്‍ സംയുക്ത പ്രസ്താവന നടത്തണമെന്ന ക്രിസ്തീയ സംഘടനകളുടെ ആവശ്യവും നേതൃത്വം അംഗീകരിച്ചില്ലെന്നും ഷൈജല്‍ വിമര്‍ശനമുന്നയിച്ചു. കേരള പര്യടനത്തിന്റെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സാദിഖലി തങ്ങള്‍ സുഹൃദ സംഗമം നടത്തുന്നതിനിടെയാണ് ഷൈജലിന്റെ പ്രതികരണം.

എം.എസ്.എഫ് വനിത കൂട്ടായ്മയായ ഹരിതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് സംഘടന ഷൈജലിനെ നീക്കിയിരുന്നു. മുസ്‌ലിം ലീഗും ഷൈജലിനെ പുറത്താക്കിയിരുന്നു. ഹരിതാ നേതാക്കളെ പിന്തുണച്ച ഷൈജലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ല കമ്മിറ്റി നേരത്തെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തത്.

ഇതിനെതിരെ മുന്‍സിഫ് കോടതിയെ സമീപിച്ച ഷൈജല്‍ ഇടക്കാല ഉത്തരവ് നേടി പാര്‍ട്ടി എം.എസ്.എഫ് പദവികളില്‍ തുടരുകയാണ്.

പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് ഷൈജല്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചായിരുന്നു വയനാട് മുന്‍സിഫ് കോടതി തീരുമാനം. സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായാണ് തന്നെ പുറത്താക്കിയതെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ വിധി.