തിരുവനന്തപുരം: കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതികരണവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. വാഴ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന രാജ്യത്തെയാണോ ബനാന റിപ്പബ്ലിക് എന്ന് വിളിക്കുന്നതെന്ന് തെഹ്‌ലിയ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞിട്ട് 24 മണിക്കൂറാകാന്‍ പോകുന്നു. ഇതുവരേയ്ക്കും പ്രതിയെ തിരിച്ചറിയുകയോ പിടികൂടുകയോ ചെയ്തിട്ടില്ല. വാഴ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന രാജ്യത്തെയാണോ ബനാന റിപ്പബ്ലിക് എന്ന് വിളിക്കുന്നത്?,’ ഫാത്തിമ തഹ്‌ലിയ പറഞ്ഞു.
അതേസമയം, പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എ.ഡി.ജി.പി വിജയ് സാക്കറെ പറഞ്ഞിരുന്നു. അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാറും പ്രതികരിച്ചു. സംഭവത്തിന് ശേഷം പൊലീസിന് ലഭിച്ച ആദ്യ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖമോ ബൈക്കിന്റെ നമ്പറോ വ്യക്തമല്ല. സ്‌ഫോടനത്തിന് ശേഷം പ്രതിയെന്ന് സംശയിക്കുന്നയാള്‍ മടങ്ങിയ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതിലും പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നില്ല.