Advertisement
Entertainment
എന്തിനാണ് എല്ലാവരും രണ്‍ബീറിനെ ക്രൂശിക്കുന്നത്? സിനിമ വിനോദത്തിന് വേണ്ടിയുള്ളതാണെന്ന് നിങ്ങള്‍ മറക്കുന്നു: മൃണാള്‍ താക്കൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 28, 10:40 am
Saturday, 28th September 2024, 4:10 pm

സന്ദീപ് റെഡ്ഡി വംഗ സഹരചനയും സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രമാണ് അനിമല്‍. രണ്‍ബീര്‍ കപൂര്‍, അനില്‍ കപൂര്‍, ബോബി ഡിയോള്‍, രശ്മിക മന്ദാന, ട്രിപ്റ്റി ദിമ്രി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

അനിമലില്‍ രണ്‍ബീര്‍ കപൂര്‍ രണ്‍വിജയ് സിങ് ബല്‍ബീര്‍ ആയിട്ടാണ് അഭിനയിച്ചത്. ടോക്‌സിക് ആയിട്ടുള്ള പുരുഷത്വത്തെയും സ്ത്രീവിരുദ്ധതയെയും മഹത്വവല്‍ക്കരിക്കുന്നതിന് ചിത്രം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

എന്തിനാണ് എല്ലാവരും അനിമലിന്റെ പേരില്‍ രണ്‍ബീറിനെ ക്രൂശിക്കുന്നതെന്ന് ചോദിക്കുകയാണ് മൃണാള്‍ താക്കൂര്‍. ബര്‍ഫിയും അനിമലും ചെയ്തത് ഒരാള്‍ തന്നെയാണെന്നും എന്തുകൊണ്ട് സിനിമയിലെ വൈവിധ്യം നമ്മള്‍ ആഘോഷിക്കുന്നില്ലെന്നും അവര്‍ ചോദിക്കുന്നു.
അബുദാബിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് (ഐ.ഐ.എഫ്.എ) ഉത്സവം 2024ല്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മൃണാല്‍ താക്കൂര്‍.

‘എന്തിനാണ് എല്ലാവരും അനിമലിന്റെ കാര്യത്തില്‍ രണ്‍ബീറിനെ ക്രൂശിക്കുന്നത്. ബര്‍ഫി എന്ന സിനിമ ചെയ്തതും രണ്‍ബീര്‍ ആണെന്ന കാര്യം ആരും മറക്കരുത്. സിനിമകളിലെ വൈവിധ്യം നമ്മള്‍ എന്തുകൊണ്ട് ആഘോഷിക്കുന്നില്ല? ബര്‍ഫിയിലെ കഥാപാത്രത്തെയും അനിമലിലെ കഥാപാത്രത്തെയും എത്ര മനോഹരമായിട്ടാണ് അദ്ദേഹം ചെയ്തിരിക്കുന്നത്,’ മൃണാള്‍ താക്കൂര്‍ പറയുന്നു.

ഇതിന് മുമ്പും അനിമലിനെ പിന്തുണച്ചുകൊണ്ട് മൃണാള്‍ രംഗത്ത് വന്നിരുന്നു. സിനിമകള്‍ വിനോദത്തിന് വേണ്ടിയുള്ളതാണെന്ന് നിങ്ങള്‍ മറക്കുന്നുവെന്നും ആ ചിത്രം നമ്മള്‍ കാണുന്നത് അതിലെ കഥാപാത്രങ്ങള്‍ എങ്ങനെയാണോ അങ്ങനെത്തന്നെയാണെന്നും മൃണാള്‍ പറഞ്ഞു. ഈ ചിത്രത്തിന്റെ പേര് തന്നെ അനിമല്‍ ആണെന്നും അല്ലാതെ ദേവത എന്നൊന്നും അല്ലല്ലോയെന്നും ഇതെല്ലം ലോജിക്ക് വെച്ച് ചോദിച്ചാല്‍ മനസിലാകുന്നതല്ലേയെന്നും മൃണാള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

അനുരാഗ് ബസു തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് ബര്‍ഫി. ചിത്രത്തില്‍ രണ്‍ബീര്‍, പ്രിയങ്ക ചോപ്ര, ഇലിയാന ഡിക്രൂസ്, സൗരഭ് ശുക്ല, ആശിഷ് വിദ്യാര്‍ത്ഥി, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സിനിമാ പ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ചിത്രത്തില്‍ രണ്‍ബീര്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രശംസകള്‍ നേടിയിരുന്നു.

Content Highlight: Mrunal Thakur defends Ranbir Kapoor starring in Animal